ഹലാൽ കഥയിലെ ജീവിക്കുന്ന മനുഷ്യർ

പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് ഹലാൽ ലവ് സ്റ്റോറിയിൽ ഉള്ളത്.കഴിഞ്ഞ കുറിപ്പിൽ എഴുതിയ പോലെ തന്നെ സിനിമയിലെ കഥ നടക്കുന്ന കാലത്ത് ആ പ്രസ്ഥാനത്തിൽ സജീവമാവുകയും പിന്നീട് അതിന്റെ ഇറയത്തും പരിസരത്തും ജീവിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന എന്നെ പോലെ ഒരാൾക്ക് ഏറെ സുപരിചിതമാണ് കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും..


സുഹറGrace Antony അവതരിപ്പിച്ച സുഹ്റയിലൂടെയാണ് ഈ സിനിമ മുന്നോട്ട് പോവുന്നതെന്ന് തോന്നും.Grace Antony എന്ന നടിയെ സിനിമയിൽ ഒരിടത്ത് പോലും നമുക്ക് കാണാൻ സാധിക്കില്ല.അത്രയേറെ അവർ സുഹ്റയെ ഉൾകൊണ്ട്കൊണ്ടാണ് ചെയ്തത്."റഹീം സാഹിബേ,നിങ്ങളെന്റെ മനസ്സ് തുറപ്പിക്കരുത്,എനിക്ക് സങ്കടങ്ങൾ പെട്ടെന്ന് പുറതത്ത് വരുന്ന ഒരു അസുഖമുണ്ട്."ഇങ്ങനെ പറയുന്ന ഒരു സ്ത്രീയെ നിങ്ങൾ നിങ്ങളുടെ ജീവിതപരിസരങ്ങളിൽ കണ്ടിട്ടില്ലെങ്കിൽ നിങ്ങൾ നിങ്ങളിൽ മാത്രമേ ജീവിച്ചിട്ടൊള്ളു എന്ന് പറയേണ്ടി വരും.


സിറാജ്(ഡയറക്ടർ സാഹിബ്)

ഒരു പ്രസ്ഥാനത്തിന്റെയും പ്രവർത്തകനാവേണ്ടതില്ല ഇങ്ങനെ ഒരാളെ ജീവിതത്തിൽ നിന്ന് കണ്ടെത്താൻ."എന്താടോ സുഖാണോ?എന്താ നിന്റെ വിശേഷം?" എന്നൊക്കെയുള്ള ചില ചോദ്യങ്ങൾക്ക് മുമ്പിൽ പൊട്ടിയൊലിച്ചൊഴുകുന്ന ഗൗരവക്കാരായ എത്രയോ മനുഷ്യരെ ഞാനെന്റെ ജീവിതത്തിൽ കണ്ടുമുട്ടിയിട്ടുണ്ട്.

"സുഖാണോ നിനക്ക് എന്ന ഒരൊറ്റ ചോദ്യത്തിന് മുമ്പിൽ നിറഞ്ഞുകലങ്ങിയ കണ്ണുമായി നിന്ന പല മുഖങ്ങളെയും ഓർത്തെടുക്കാൻ പറ്റുന്നുണ്ട്..


ഹലാലിന്റെ വിമർശകർ ഏറ്റവും കൂടുതൽ കൈ വെച്ച ഒരു കഥാപാത്രമാണ് യഥാർത്ഥത്തിൽ ജോജു അവതരിപ്പിച്ച സിറാജ്.എന്നാൽ തന്റെ ഉള്ളിലെ ഈർപ്പത്തെ സിറാജിലുടനീളം കാണാൻ കഴിയുന്നുണ്ട് എന്നതാണ് സത്യം.


റഹീം സാഹിബ്

നാസർ കറുത്തേനി എന്ന നടൻ അവതരിപ്പിച്ച റഹീം സാഹിബ് എന്ന കഥാപാത്രം.നേരത്തെ ഒരു കുറിപ്പിൽ എഴുതിയ പോലെ എനിക്ക് ഞങ്ങളുടെ ഹമീദ് മാഷിനെ അടക്കം പലരുമായും connect ചെയ്യാൻ പറ്റും.ചുരമിറങ്ങിവരുന്ന ബസ്സിന്റെ ഉപമയൊക്കെ എത്രയെത്ര സന്ദർഭങ്ങളിലാണ് കേട്ടിരുന്നിട്ടുള്ളതെന്നറിയോ..

ശരീഫ്

ഇന്ദ്രജിത്തിന് കുറച്ചൂടെ നന്നാക്കാമായിരുന്നു ആ കഥാപാത്രത്തെയെങ്കിലും പിരിയൻഗോവണി കണക്കെയുള്ള ജീവിതത്തിന്റെ പലതിരിവുകളിലും ശരീഫുമാരെയും കണ്ടിട്ടുണ്ട്.പ്രസ്ഥാനജീവിതത്തിന്റെ നല്ല മാതൃകകളാകുമ്പോ തന്നെ പാളിപ്പോയ ജീവിതങ്ങളാവുന്ന ഒരുപാട് മുഖങ്ങളെ ഓർത്തെടുക്കാൻ പറ്റുന്നുണ്ട്.
തൗഫീഖ് സാഹിബും ഉമ്മയും

ശറഫുദ്ധീൻറെ അക്ഷരാർത്ഥത്തിൽ തൗഫീഖ് സഹിബായി മാറുകയായിരുന്നു.താൻ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് കൃത്യമായ ബോധ്യമുള്ള ആ ചെറുപ്പക്കാരനിൽ നമുക്ക് ചുറ്റുമുള്ള ഏറെ മനുഷ്യരെ കാണാൻ പറ്റും.തന്റെ സിനിമ ഹറാമായ ഒന്നല്ലാത്തതിനാൽ ഹറാമായ പലിശപണവും വേണ്ട എന്ന് പറയുന്ന തൗഫീഖിനെ പോലെ ഒരാളെ ഇന്നലെകൂടി നമ്മളെവിടെയോ കണ്ടല്ലോ എന്ന് തോന്നിപോവും.രണ്ടോ മൂന്നോ സീനുകളിൽ മാത്രം വന്ന് പോവുന്നൊള്ളുവെങ്കിലും തൗഫീഖിന്റെ ഉമ്മയും നമ്മുടെ ഉള്ളിലെവിടെയോ കോറികിടക്കുന്നു.മകന് വേണ്ടി പങ്കാളിയെ തിരയുമ്പോൾ അവർക്ക് ദീനിനിഷ്ഠയുള്ള കാലബോധമുള്ള സ്ത്രീയെ തന്നെ വേണം."ഉമ്മ",ല്ലേ?വെറുതെ വന്ന് പോവുന്നവരെന്ന് പോവുന്ന ഓരോരുത്തരെയും അവരുടെ വർത്തമാനങ്ങളും ഇനിയും പല അടരുകളിലായി ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.തൊടിയിൽ വസ്ത്രമലക്കുന്ന സ്ത്രീ പറയുന്ന ഡയലോഗ് പോലും എത്രയേറെ പൊളിറ്റിക്കലാണ്.

കഥാപാത്രങ്ങളോ കഥയോ മാത്രമല്ല ഈ സിനിമയിൽ എടുത്ത് പറയേണ്ടത്.അതിന്റെ കലാസംവിധാനത്തെ കുറിച്ച് കൂടെ പറഞ്ഞു വെക്കേണ്ടതുണ്ടെന്ന് തോന്നുന്നു.അനീസ് നാടോടി എന്ന പ്രിയസുഹൃത്തിന്റെ കലാസംവിധാനം അത്രയും മികവുറ്റതാണ്.പാർട്ടി ഓഫീസുകളടക്കം സിനിമയിൽ കാണിച്ച ഓരോ ഫ്രയിമിലും കലാസംവിധായകന്റെ മികവ് തെളിഞ്ഞ് കാണുന്നതാണ്.സക്കരിയക്കും മുഹ്‌സിനുമൊക്കെ ഒപ്പം ഈ സിനിമയിൽ അനീസ് നാടോടിയും തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.

Share:

4 comments:

Facebook Profile

Popular Posts

Followers

Recent Posts