ഹലാലിനെ കുറിച്ച് തന്നെ

 റിലീസ് ചെയ്യുന്നതിന് മുമ്പ് ഇത്രയധികം ആരോപണങ്ങൾ ഏറ്റുവാങ്ങുകയും വിമർശിക്കപ്പെടുകയും ചെയ്ത ഒരു മലയാളസിനിമ ഈ അടുത്ത കാലത്ത് ഒന്നും ഉണ്ടായിട്ടില്ല എന്നാണ് എന്റെ ഓർമ.ഒരു സാധാരണ സിനിമാപ്രേക്ഷകൻ എന്ന നിലയിൽ എന്ത് കൊണ്ട് ഈ സിനിമ വിമർശിക്കപ്പെടുന്നു എന്നതിന് സിനിമ കണ്ട് കഴിഞ്ഞതിന് ശേഷവും നിലനിൽക്കുന്ന ഒരു ഉത്തരം കിട്ടിയിട്ടില്ല.തിരുവിതാംകൂറിലും കൊച്ചിയിലുമിരുന്നെഴുതപ്പെട്ട നമ്പൂതിരി പരിഭവങ്ങൾക്കും നായർ മഹത്വവത്കരണത്തിനുമപ്പുറം മലയാളസിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെടുകയോ വികൃതമാക്കി മാത്രം അവതരിപ്പിക്കുകയോ ചെയ്ത ഒരു സമൂഹത്തെ പ്രതിനിധാനം ചെയ്തു എന്നതാണ് ഹലാൽ ലവ് സ്റ്റോറി പൊതുസമൂഹത്തോട് ചെയ്ത 'തെറ്റ്' എന്നാണ് തോന്നുന്നത്.


"അയ്യോ,ഞങ്ങൾക്കത് മനസ്സിലായില്ല","ഞങ്ങൾക്ക് ആ സിനിമയിലെ കഥയോ കഥാപാത്രങ്ങളോ റിലേറ്റ് ചെയ്യാൻ പറ്റുന്നില്ല"എന്നിത്യാദിയാണ് ഉയർന്ന് കേൾക്കുന്ന വിമർശനങ്ങളിൽ ചിലത്.തിരക്കഥാകൃത്ത് ആയ മുഹ്‌സിൻ പരാരിയും സംവിധായകൻ സക്കരിയയും ചേർന്ന് എന്തൊക്കെയോ ഒളിച്ച് കടത്താൻ ശ്രമിക്കുന്നു എന്ന് മറ്റ് ചിലർ.ഒരു സിനിമാകഥയും അതിലെ കഥാപാത്രങ്ങളെയും നിങ്ങൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നില്ല,മനസ്സിലാക്കാൻ കഴിയുന്നില്ല എന്നൊക്കെ നിലവിളിച്ച് കരയുമ്പോ നിങ്ങളുടെയൊക്കെ വിശാലപൊതുബോധവും കാഴ്ചപ്പാടും അത്രയും ചുരുങ്ങിയതാണെന്ന് ആദ്യം നിങ്ങൾ തിരിച്ചറിയുകയാണ് വേണ്ടത്.


നിലവിലുള്ള പല രാഷ്ട്രീയ,മത,ജാതി സംഘടനകളെ glorify ചെയ്ത് കൊണ്ടോ അല്ലെങ്കില് അതിന്റെ പരിസരങ്ങളിൽ നിന്നോ  കഥ പറഞ്ഞ സിനിമകൾ ഈ 'പൊതു'വിന് പുറത്തുള്ളവർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നത് പിന്നെ എങ്ങനെയാണ്?ബ്യൂട്ടിഫുൾ എന്ന വി.കെ. പ്രകാശ്,അനൂപ് മേനോൻ സിനിമയിലെ ഒരു ഭാഗമാണ് ഓർമ വരുന്നത്.ശരീരം പൂർണമായി തളർന്ന് കിടക്കുന്ന ജയസൂര്യയുടെ കഥാപാത്രത്തിന്റെ വീട്ടിലൊരു കള്ളൻ കേറുന്ന സീനുണ്ട് ആ സിനിമയിൽ.അപ്രതീക്ഷിതമായി വീട്ടുകാരെത്തുമ്പോൾ ഇറങ്ങിയോടുന്ന കള്ളന്റെ മെയ് വഴക്കത്തെ അത്ഭുതത്തോടെ നോക്കിയിരുന്ന ജയസൂര്യയുടെ കഥാപാത്രത്തെ മനസ്സിലാക്കാൻ നിങ്ങളുടെ ശരീരം പൂർണമായി തളർന്ന് പോവണമെന്നില്ലലോ.


പിന്നെ ഉള്ളത് ഒളിച്ച് കടത്തൽ ആരോപണമാണ്.സിനിമ കണ്ട് കഴിഞ്ഞ ഏതൊരാൾക്കും വളരെ കൃത്യമായി മനസ്സിലാവുന്ന ഒന്നാണ് ഇതിൽ ഒളിച്ച് കടത്തൽ ഒന്നുമില്ല,എല്ലാം വ്യക്തമായ തുറന്നുവെക്കലുകളാണ്.അല്ലേലും ആരോപണങ്ങൾ എന്നും ഒരു ഭാഗത്തേക്ക് മാത്രമായിരിക്കുമല്ലോ.മുരളി ഗോപി തന്റെ സിനിമയിൽ സംഘപരിവാറിന് വിസിബിലിറ്റി കൊടുക്കുമ്പോൾ അത് സംവിധായകന്റെ സ്വാതന്ത്ര്യവും സക്കരിയയെയും മുഹ്‌സിനെയും പോലെയുള്ളവർ  തന്റെ ജീവിതപരിസരങ്ങളെ സിനിമയാക്കുമ്പോൾ അത് ഒളിച്ച് കടത്തലും..!!


ഇനി സിനിമയെക്കുറിച്ച് പറയാം.2001ലേ World Trade Centre ആക്രമണത്തിന് ശേഷമുള്ള കാലത്തിൽ കേരളത്തിലെ ഒരു ഇസ്‌ലാമികസംഘടനയുടെ യുവജനവിഭാഗം ഒരു സിനിമയെടുക്കാൻ തീരുമാണിക്കുന്നതുമായി ബന്ധപ്പെട്ടാണ് കഥ പുരോഗമിക്കുന്നത്.മേൽപറഞ്ഞ ഇസ്ലാമിക പ്രസ്ഥാനത്തിൽ ആ കാലഘട്ടങ്ങളിൽ സജീവമാവുകയും പിൽക്കാലത്ത് അതിന്റെ ഇറയത്തും പരിസരത്തും ജീവിച്ച് കൊണ്ടിരിക്കുകയും ചെയ്ത് ഒരാൾ എന്ന നിലയിൽ ഓരോ കഥാപാത്രങ്ങളും സംഭാഷണങ്ങളും അത്രയേറെ അടുത്ത് നിൽക്കുന്നതാണ്.സംവിധായകൻ എന്ന നിലയിൽ താൻ ഒരു വൺ ടൈം വണ്ടർ അല്ലെന്ന് സകരിയ തെളിയിച്ചിരിക്കുന്നു.അവസാന ഭാഗങ്ങളിൽ പിരിമുറുക്കം ഇത്തിരി കുറഞ്ഞു പോയത് ഒഴിച്ചാൽ മുൻവിധികളില്ലാതെ സിനിമ കാണാൻ ഇരിക്കുന്ന ഒരാൾക്ക് നിരാശപ്പെടേണ്ടിവരില്ല.


ഓരോ കഥാപാത്രങ്ങളേയും കുറിച്ച് വിശദമായി അടുത്ത ബ്ലോഗിൽ എഴുതാം.

Share:

1 comment:

  1. ആദ്യമായിട്ടാണ് ഇന്ന് പുസ്തകത്തിലേക്ക് എത്തി നോക്കുന്നത്, കനപ്പെട്ട വിഷയങ്ങൾ, മൂർച്ചയുള്ള കാഴ്ചപ്പാടുകൾ. അഭിനന്ദനങ്ങൾ, പ്രാർത്ഥനകൾ ❤️

    ReplyDelete

Facebook Profile

Popular Posts

Followers

Recent Posts