ഹലാലിനെ കുറിച്ച് തന്നെ

 റിലീസ് ചെയ്യുന്നതിന് മുമ്പ് ഇത്രയധികം ആരോപണങ്ങൾ ഏറ്റുവാങ്ങുകയും വിമർശിക്കപ്പെടുകയും ചെയ്ത ഒരു മലയാളസിനിമ ഈ അടുത്ത കാലത്ത് ഒന്നും ഉണ്ടായിട്ടില്ല എന്നാണ് എന്റെ ഓർമ.ഒരു സാധാരണ സിനിമാപ്രേക്ഷകൻ എന്ന നിലയിൽ എന്ത് കൊണ്ട് ഈ സിനിമ വിമർശിക്കപ്പെടുന്നു എന്നതിന് സിനിമ കണ്ട് കഴിഞ്ഞതിന് ശേഷവും നിലനിൽക്കുന്ന ഒരു ഉത്തരം കിട്ടിയിട്ടില്ല.



തിരുവിതാംകൂറിലും കൊച്ചിയിലുമിരുന്നെഴുതപ്പെട്ട നമ്പൂതിരി പരിഭവങ്ങൾക്കും നായർ മഹത്വവത്കരണത്തിനുമപ്പുറം മലയാളസിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെടുകയോ വികൃതമാക്കി മാത്രം അവതരിപ്പിക്കുകയോ ചെയ്ത ഒരു സമൂഹത്തെ പ്രതിനിധാനം ചെയ്തു എന്നതാണ് ഹലാൽ ലവ് സ്റ്റോറി പൊതുസമൂഹത്തോട് ചെയ്ത 'തെറ്റ്' എന്നാണ് തോന്നുന്നത്.


"അയ്യോ,ഞങ്ങൾക്കത് മനസ്സിലായില്ല","ഞങ്ങൾക്ക് ആ സിനിമയിലെ കഥയോ കഥാപാത്രങ്ങളോ റിലേറ്റ് ചെയ്യാൻ പറ്റുന്നില്ല"എന്നിത്യാദിയാണ് ഉയർന്ന് കേൾക്കുന്ന വിമർശനങ്ങളിൽ ചിലത്.തിരക്കഥാകൃത്ത് ആയ മുഹ്‌സിൻ പരാരിയും സംവിധായകൻ സക്കരിയയും ചേർന്ന് എന്തൊക്കെയോ ഒളിച്ച് കടത്താൻ ശ്രമിക്കുന്നു എന്ന് മറ്റ് ചിലർ.ഒരു സിനിമാകഥയും അതിലെ കഥാപാത്രങ്ങളെയും നിങ്ങൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നില്ല,മനസ്സിലാക്കാൻ കഴിയുന്നില്ല എന്നൊക്കെ നിലവിളിച്ച് കരയുമ്പോ നിങ്ങളുടെയൊക്കെ വിശാലപൊതുബോധവും കാഴ്ചപ്പാടും അത്രയും ചുരുങ്ങിയതാണെന്ന് ആദ്യം നിങ്ങൾ തിരിച്ചറിയുകയാണ് വേണ്ടത്.


നിലവിലുള്ള പല രാഷ്ട്രീയ,മത,ജാതി സംഘടനകളെ glorify ചെയ്ത് കൊണ്ടോ അല്ലെങ്കില് അതിന്റെ പരിസരങ്ങളിൽ നിന്നോ  കഥ പറഞ്ഞ സിനിമകൾ ഈ 'പൊതു'വിന് പുറത്തുള്ളവർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നത് പിന്നെ എങ്ങനെയാണ്?



ബ്യൂട്ടിഫുൾ എന്ന വി.കെ. പ്രകാശ്,അനൂപ് മേനോൻ സിനിമയിലെ ഒരു ഭാഗമാണ് ഓർമ വരുന്നത്.ശരീരം പൂർണമായി തളർന്ന് കിടക്കുന്ന ജയസൂര്യയുടെ കഥാപാത്രത്തിന്റെ വീട്ടിലൊരു കള്ളൻ കേറുന്ന സീനുണ്ട് ആ സിനിമയിൽ.അപ്രതീക്ഷിതമായി വീട്ടുകാരെത്തുമ്പോൾ ഇറങ്ങിയോടുന്ന കള്ളന്റെ മെയ് വഴക്കത്തെ അത്ഭുതത്തോടെ നോക്കിയിരുന്ന ജയസൂര്യയുടെ കഥാപാത്രത്തെ മനസ്സിലാക്കാൻ നിങ്ങളുടെ ശരീരം പൂർണമായി തളർന്ന് പോവണമെന്നില്ലലോ.


പിന്നെ ഉള്ളത് ഒളിച്ച് കടത്തൽ ആരോപണമാണ്.സിനിമ കണ്ട് കഴിഞ്ഞ ഏതൊരാൾക്കും വളരെ കൃത്യമായി മനസ്സിലാവുന്ന ഒന്നാണ് ഇതിൽ ഒളിച്ച് കടത്തൽ ഒന്നുമില്ല,എല്ലാം വ്യക്തമായ തുറന്നുവെക്കലുകളാണ്.അല്ലേലും ആരോപണങ്ങൾ എന്നും ഒരു ഭാഗത്തേക്ക് മാത്രമായിരിക്കുമല്ലോ.മുരളി ഗോപി തന്റെ സിനിമയിൽ സംഘപരിവാറിന് വിസിബിലിറ്റി കൊടുക്കുമ്പോൾ അത് സംവിധായകന്റെ സ്വാതന്ത്ര്യവും സക്കരിയയെയും മുഹ്‌സിനെയും പോലെയുള്ളവർ  തന്റെ ജീവിതപരിസരങ്ങളെ സിനിമയാക്കുമ്പോൾ അത് ഒളിച്ച് കടത്തലും..!!


ഇനി സിനിമയെക്കുറിച്ച് പറയാം.2001ലേ World Trade Centre ആക്രമണത്തിന് ശേഷമുള്ള കാലത്തിൽ കേരളത്തിലെ ഒരു ഇസ്‌ലാമികസംഘടനയുടെ യുവജനവിഭാഗം ഒരു സിനിമയെടുക്കാൻ തീരുമാണിക്കുന്നതുമായി ബന്ധപ്പെട്ടാണ് കഥ പുരോഗമിക്കുന്നത്.മേൽപറഞ്ഞ ഇസ്ലാമിക പ്രസ്ഥാനത്തിൽ ആ കാലഘട്ടങ്ങളിൽ സജീവമാവുകയും പിൽക്കാലത്ത് അതിന്റെ ഇറയത്തും പരിസരത്തും ജീവിച്ച് കൊണ്ടിരിക്കുകയും ചെയ്ത് ഒരാൾ എന്ന നിലയിൽ ഓരോ കഥാപാത്രങ്ങളും സംഭാഷണങ്ങളും അത്രയേറെ അടുത്ത് നിൽക്കുന്നതാണ്.സംവിധായകൻ എന്ന നിലയിൽ താൻ ഒരു വൺ ടൈം വണ്ടർ അല്ലെന്ന് സകരിയ തെളിയിച്ചിരിക്കുന്നു.അവസാന ഭാഗങ്ങളിൽ പിരിമുറുക്കം ഇത്തിരി കുറഞ്ഞു പോയത് ഒഴിച്ചാൽ മുൻവിധികളില്ലാതെ സിനിമ കാണാൻ ഇരിക്കുന്ന ഒരാൾക്ക് നിരാശപ്പെടേണ്ടിവരില്ല.


ഓരോ കഥാപാത്രങ്ങളേയും കുറിച്ച് വിശദമായി അടുത്ത ബ്ലോഗിൽ എഴുതാം.

Share:

ഹലാൽ ലവ് സ്റ്റോറി എന്ത് കൊണ്ട് ആഘോഷിക്കപ്പെടുന്നു..!?

 എന്ത് കൊണ്ട് ഹലാൽ ലവ് സ്റ്റോറി റിലീസിന് മുമ്പ് ഇത്രയധികം ആഘോഷിക്കപ്പെടുന്നു എന്നതാ
ണ് ലിബറൽ സർക്കിലുകളിൽ നിന്നടക്കം നിരന്തരമായി കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന് കേട്ടു കൊണ്ടിരിക്കുന്ന ചോദ്യം.ഒരുപാടിഷ്ടമുള്ള പലരും പിന്നണിയിൽ പ്രവർത്തിക്കുന്നു എന്നതിനപ്പുറം വേറെയും ഒരുപാട് കാര്യങ്ങൾ ഉണ്ട് ആ ആഘോഷത്തിന്.


കാലങ്ങളായി തിരുവിതാംകൂറിലും കൊച്ചിയിലും ഇരുന്ന് മലബാറിൽ ഉണ്ടെന്ന് പറയപ്പെടുന്ന കഥാപാത്രങ്ങളെയും 3 ദശകത്തിലധികം ഈ നാട്ടിൽ ജീവിച്ചിട്ടും ഇന്നോളം കേട്ടിട്ടില്ലാത്ത ഭാഷാപ്രയോഗങ്ങളും ഉണ്ടാക്കിയെടുത്ത് അതാണ് മലബാറെന്നും മലബാരികളെന്നും പറഞ്ഞ് കൊണ്ടിരിക്കുന്നവരുടെ കരണകുറ്റിക്ക് നോക്കിയുള്ള അടിയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി മലബാറിൽ നിന്ന് തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന കഥയും കഥാപാത്രങ്ങളും സിനിമകളും.


ആ ശ്രേണിയിലെ ഏറ്റവും അവസാനം എത്തുന്ന സിനിമയാണ് ഹലാൽ ലവ് സ്റ്റോറി.ഈ ദേശത്ത് നിന്ന് അതിനെ ആഘോഷമാക്കാനും കാത്തിരിക്കാനും അത് കൊണ്ട് തന്നെ കാരണങ്ങളേറെയാണ്.



സിനിമയുടെ ട്രെയ്‌ലർ പുറത്ത് വന്നപ്പോ മുതൽ ഞാനെന്റെ പത്ത് വയസ്സ് മുതൽ എനിക്ക് ചുറ്റും കാണുന്ന ഒരുപാട് ആളുകളെയാണ് ആ സിനിമയിൽ ഞാൻ പ്രതീക്ഷിക്കുന്നത്.നാസർ കറുത്തേനി എന്ന നടൻ അവതരിപ്പിച്ച ആ കഥാപാത്രം മാത്രം എടുക്കാം.എനിക്ക് അയാളുടെ കണ്ടപ്പോ ഓർമ വന്നത് എനിക്കേറെ പ്രിയപ്പെട്ട ഞങ്ങളുടെ ഹമീദ് മാഷിനെ ആണ്.പുലർച്ചെ പത്രം ഇടാൻ വരുന്ന എല്ലാ ചൊവ്വാഴ്ചകളിലും വീക്ക്ലിയും കൊണ്ട് വരുന്ന നാട്ടിലെ പല പ്രവർത്തനങ്ങളുടെയും മുന്നോട്ട് വലിച്ച് കൊണ്ട് പോവുന്ന ഹമീദ് മാഷിനെ.ഒരൊറ്റ വ്യത്യാസമേ കണ്ടോള്ളൂ,ഹമീദ് മാഷ് കൂടുതൽ സമയവും ടീഷർട്ടിൽ ആണ് ഉണ്ടാവുക എന്നത് മാത്രം.


ഓരോ കഥാപാത്രങ്ങളും ഞങ്ങളുടെയൊക്കെ ചുറ്റിലും ജീവിച്ചിരുന്ന ജീവിച്ച് കൊണ്ടിരിക്കുന്ന പലരുമായും സാമ്യം തോന്നുമ്പോൾ അത് ഞങ്ങളുടെ തന്നെ കഥയാണെന്ന തോന്നൽ ഉണ്ടാവുകയും അതാഘോഷമാക്കുകയും ചെയ്യുന്നത് ഒരു സ്വാഭാവികത മാത്രമാണ്.


തീർത്തും വ്യക്തിപരമായ കാര്യങ്ങളാണ് ഇതുവരെ പറഞ്ഞതെങ്കിൽ ഒരു നല്ല സിനിമാപ്രേമി എന്ന നിലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ദേശീയഅന്തർദേശീയ അവാർഡുകൾ ഏറെ വാരിക്കൂട്ടിയ സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകനും തിരക്കഥാകൃത്തും ഒന്നിച്ച് ചേരുന്ന അടുത്ത വിസ്മയം എന്ന രീതിയിലും ഞങ്ങൾ കാത്തിരിക്കുന്നു,പ്രതീക്ഷിക്കുന്നു,പ്രാർത്ഥിക്കുന്നു..


കുരുകൾ പൊട്ടി ഒലിക്കാനുള്ളതാണ്.അതൊലിക്കട്ടെ...ചലവും നീരും ഒക്കെ പോയി കഴിയുമ്പോ പോയി കഴിയുമ്പോ ഒരു ആശ്വാസമുണ്ടാവും.

Share:

നമ്മൾ പൊളിയാണ്..!!ഒരു പ്രത്യേകതരം പൊളി..!!



നമ്മള്,പ്രത്യേകിച്ച് നമ്മള് മലയാളികൾ ഭയങ്കരമായ പൊളികളാണ്.സമൂഹത്തിലുണ്ടാവുന്ന അനീതികൾക്കെതിരെ വളരെ കൃത്യമായാണ് നമ്മുടെ പ്രതികരണങ്ങൾ.നിമിഷാർദ്ധങ്ങൾ കൊണ്ട് ഹാഷ്ടാഗുകളും പ്രതിഷേധ,പ്രതിരോധകൂട്ടായ്മകളും പ്ലക്കാർഡുകളും പോസ്റ്ററുകളും രൂപപ്പെടും.പ്രതിഷേധവും പ്രതിരോധവും നമ്മൾ ആളികത്തിക്കും.പ്രത്യേകിച്ചും സ്ത്രീ വിഷയങ്ങളിൽ..

ഒരു സ്ത്രീ റേപ്പ് ചെയ്യപ്പെട്ടാലോ സമൂഹമാധ്യമങ്ങളിലോ മറ്റോ അധിക്ഷേപിക്കപ്പെട്ടാലോ നമ്മളിലെ നീതിക്ക് വേണ്ടിയുള്ള പോരാളി ഉണർന്ന് തുടങ്ങും.നമ്മൾ ഒച്ചവെച്ച് തുടങ്ങും.

പക്ഷെ,ചില കണ്ടീഷൻസ് ഉണ്ടെന്ന് മാത്രം.

ഒന്നുകിൽ ആ റേപ്പുകളും അധിക്ഷേപങ്ങളും ആഘോഷിക്കപ്പെടണം.അതായത് ആൾക്കൂട്ടം ഇളകിവരണം.അപ്പോഴേ നമ്മളിലെ നീതിബോധത്തിനും ഒരു ചലനമുണ്ടാവൂ.

അല്ലെങ്കിൽ പ്രതിസ്ഥാനത്ത് ദളിത് മുസ്ലിം പേരുകൾ പ്രതിഷ്ഠിക്കപ്പെടണം.അപ്പോഴും നമ്മുടെ നീതിബോധത്തിന് ഉണർച്ച സംഭവിക്കുകയും മറ്റ് നീതിബോധങ്ങളെ ഉണർച്ചയിലെത്തിക്കാൻ പാടുപെടുകയും ചെയ്യും.

അതുമല്ലെങ്കിൽ ലിംഗം കൊണ്ട് അക്രമിക്കപ്പെട്ട കഥകൾ വിസ്തരിച്ചും വിവരിച്ചും വർണിക്കപ്പെടണം.അപ്പോഴും നമ്മളുണരും,നമ്മുടെ നീതിബോധവും.

പറഞ്ഞ് വരുന്നത് കഴിഞ്ഞ ദിവസം ഇടവേളബാബു എന്ന താരസംഘടനയായ അമ്മയുടെ ഭാരവാഹി റിപ്പോർട്ടർ ചാനലിൽ ഇരുന്ന് നടി ഭാവനക്കെതിരെ നടത്തിയ പരാമർശത്തെ കുറിച്ചാണ്.

അക്ഷരാർത്ഥത്തിൽ ഞെട്ടലോടെയാണ് ആ പ്രസ്താവന കണ്ടത്.നമ്മൾ പൊളികളായ മലയാളികളുടെ മുന്നിൽ ഞെളിഞ്ഞ് നിന്ന് അയാൾ ഭാവനയെ കുറിച്ച് നടത്തിയ പരാമർശങ്ങൾ അത്രമേൽ അറപ്പുളവാക്കുന്നതായിരുന്നു.

പൊളികളായ നമ്മൾ മലയാളികൾ അറിഞ്ഞത് പോലുമില്ല,ഒരക്ഷരം പോലും നമുക്ക് മിണ്ടാൻ ഉണ്ടായിരുന്നില്ല.നടി പാർവതി തിരുവോത്ത് ആ സംഘടനയിൽ നിന്ന് രാജിവെച്ചതും അന്നേരം അവർ പറഞ്ഞതുമായിട്ടുള്ള വാക്കുകളുമൊന്നും നമ്മളുടെ ചർച്ചാമണ്ഡലങ്ങളിൽ പോലും ഉണ്ടായിരുന്നില്ല.

പൊളികളായ മലയാളിക്ക് അയാളുടെ അഭിപ്രായം മാത്രമായി കാണാനും അയാളുടെ വൃത്തിഹീനമായ ന്യായീകരണത്തെ ഏറ്റുപിടിക്കാനും മാത്രേ സമയം കിട്ടിയുള്ളൂ..

പൊളികളായ നമ്മൾ മലയാളികള് ലോക്ക്ഡൗൺ കാലത്ത് മമ്മൂട്ടി മസിൽ പെരിപ്പിച്ചതും ദിലീപിന് രൂപമാറ്റം വന്നതുമൊക്കെ ചർച്ച ചെയ്യുന്നുണ്ട്താനും.

നമ്മള് പ്രത്യേകതരം പൊളികൾ തന്നെ ല്ലേ..!!
Share:

വാരിയംകുന്നനും 'പൊതു'സമൂഹവും

വാരിയംകുന്നൻ സിനിമാ പ്രഖ്യാപിച്ചത് മുതൽ തുടങ്ങിയ കോലാഹലങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.പല തരത്തിലുള്ള ബഹളങ്ങൾ ഇപ്പോൾ സിനിമയുടെ തിരക്കഥാകൃത്തുകളിൽ ഒരാളും അതിന്റെ റിസർച്ചറുമായ റമീസിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.


കഴിഞ്ഞ കാലങ്ങളിലെ റമീസിന്റെ നിലപാടുകളും ഫെയ്സ്ബുക്ക് കുറിപ്പുകളും ഇഴകീറി പരിശോധിക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്നു.റമീസിന് തന്നെ മാപ്പ് പറയേണ്ടിടത്തേക്കും സിനിമയുടെ പ്രവർത്തനങ്ങളിൽ നിന്ന് താൽകാലികമായി മാറി നിൽക്കേണ്ടിടത്തേക്കും കാര്യങ്ങൾ എത്തുന്നു.

യഥാർത്ഥത്തിൽ ആരെയാണ് വാരിയംകുന്നൻ സിനിമ ഇത്രമേൽ അസ്വസ്ഥരാക്കുന്നത്?ഒരു നൂറ്റാണ്ടിനിപ്പുറവും വാരിയംകുന്നൻ കുഞ്ഞഹമ്മദ് ഹാജി എന്ന പേര്  ഉച്ചരിക്കപ്പെടുമ്പോൾ ആരുടെ ഉള്ളിലാണ് ഭയം ജനിക്കുന്നത്..?

സംശയം വേണ്ട,ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളും അടക്കിഭരിച്ചിരുന്ന ഒരു ശക്തിക്കെതിരെ ധീരനായി എഴുന്നേറ്റ് നിൽക്കുകയും പൊരുതുകയും ചെയ്ത് ഒരു പരമാധികാരരാജ്യം സ്ഥാപിച്ച അയാളുടെ പേര് തീർച്ചയായും ആ സാമ്രാജ്യത്വശക്തിയുടെ പിന്മുറക്കാരെയും അവർക്ക് കൂട്ടുനിന്നും ഒറ്റികൊടുത്തും ജീവിച്ച ആ ജനതയുടെ പിന്മുറക്കാരെയും തന്നെയാണ്.അവരെ അസ്വസ്ഥമാക്കിയില്ലെങ്കിലല്ലേ അത്ഭുതമുണ്ടാവുകയൊള്ളൂ..അത് കൊണ്ട് തന്നെ നിസ്സംശയം പറയാൻ പറ്റും,ഇപ്പൊ ഉയർന്ന ബഹളങ്ങൾ റമീസിലേക്ക് മാത്രം ഒതുങ്ങുന്നതല്ലെന്നും അതിന്റെ കൃതമായ ലക്ഷ്യം വാരിയംകുന്നൻ കുഞ്ഞഹമ്മദ് ഹാജിയും അദ്ദേഹം പ്രതിനിധാനം ചെയ്ത രാഷ്ട്രീയവും തന്നെയാണ്.


നിരന്തരം പുതുക്കപ്പെട്ട് കൂടുതൽ കൃത്യമായ നിലപാടുകളിലേക്കാണ് ഓരോ മനുഷ്യനും വളർന്നുകൊണ്ടിരിക്കുന്നത്.അതിനാൽ തന്നെയും ഇന്നലെ എടുത്ത നിലപാടുകൾ ഇന്നലത്തെ ശരികളോടും പക്വതയോടും ഒക്കെ ചേർന്ന് നിൽക്കുന്നതായിരിക്കും.അത് കൊണ്ട് തന്നെ പഴയ നിലപാടുകളുടെ പേരിൽ മാപ്പ് പറയേണ്ട അവസ്ഥ 'പൊതു'ജീവിതങ്ങൾക്ക് ഉണ്ടാവാറില്ല.

എന്നാൽ ഇത്തരം പൊതുജീവിതങ്ങളുടെ ബ്രാക്കറ്റിൽ നിന്ന് പുറത്തായ റമീസിനെ പോലെയുള്ള മുസ്ലിം ശരീരങ്ങളിൽ അതൊരു ബാധ്യത പോലെ ഏല്പിക്കപ്പെടുകയാണ്.ഓരോ സെക്കന്റിലെയും ശ്വാസ്വാച്ഛാസത്തിന് പോലും സമൂഹത്തിന് മുമ്പിൽ കണക്ക് പറയേണ്ടി വരാറുണ്ട്.

ആഷിഖ് അബുവിനെ പോലെ ഇടത് പൊതുസ്വീകര്യതയുള്ളവർക്ക് പോലും ഇത്തരം മാപ്പ് പറച്ചിലുകളിൽ നിന്ന് ഇളവുകൾ അതേ സമൂഹം അനുവദിച്ചുകൊടുത്തിട്ടുണ്ട്.നേരത്തെ പറഞ്ഞ മുസ്ലിം ബാധ്യത അഴിച്ചുവെച്ചതിന്റെ ഗുണഫലമാവാം അത്.അത് കൊണ്ട് തന്നെയാണ് തന്റെ കഴിഞ്ഞ കാലസിനിമകളിലെ മുസ്ലിം ആദിവാസി ദളിത് വിരുദ്ധതയുടെ പേരിൽ ആഷിഖ് അബുവിന് മാപ്പ് പറയേണ്ടി വരാത്തത്.

ഏതാണ്ട് പത്ത് വർഷത്തോളമായി വാരിയംകുന്നൻ സിനിമയുടെ റിസർച്ചിനും തിരക്കഥാഎഴുത്തിനും വേണ്ടി ജീവിതം മാറ്റിവെച്ച ഒരു ചെറുപ്പക്കാരനോട്, അവന്റെ പ്രൊജക്ടിലേക്ക് ഏതാണ്ട് ആഴ്ചകൾക്ക് മുമ്പ് മാത്രം വന്നുകയറിയവനായിട്ട് പോലും വിശദീകരണം ചോദിക്കാനും മാറിനിൽക്കാനും പറയാൻ മാത്രമുള്ള അവകാശം ഉണ്ടെന്ന് വരുന്നത് നേരത്തെ പറഞ്ഞ പൊതുസ്വീകാര്യതയിലാവാം.

എന്തൊരു വയലൻസ് ആണത്..!!
Share:

Facebook Profile

Popular Posts

Followers

Recent Posts