കണ്ടു മറക്കുന്നവർ!!

വല്ലപ്പോഴുമൊക്കെ നിങ്ങൾ ആശുപത്രികൾ സന്ദർശിക്കണമെന്നും അത് ദൈവം നിങ്ങൾക്കേകിയ സൗഖ്യത്തെ നിങ്ങളെ തന്നെ ബോധ്യപ്പെടുത്തുമെന്നും പണ്ടൊരു ജ്ഞാനിയുടെ വാക്കുകൾ വായിച്ചതോർക്കുന്നു.

  ആശുപത്രിവരാന്തകൾ എന്നും പലതരം ജീവിതങ്ങളുടെ നേർകാഴ്ചയാവാറുണ്ട്.

കഴിഞ്ഞ ദിവസം ഒരു പകൽ മുഴുവൻ അങ്ങനെ ഒരു ആശുപത്രീടെ വരാന്തകളിലായിരുന്നു.

അമ്മയെ കൈകളിൽ ചേർത്ത് പിടിച്ച ആ മകൻ.

പിന്നിയ പേഴ്‌സിലെ ചുരുട്ടിയ നോട്ടുകൾ വീണ്ടും വീണ്ടും എണ്ണി നോക്കുന്ന ആ വല്ല്യുമ്മ..

തന്റെ പേര് വിളിക്കുന്നുണ്ടോ എന്നന്വേഷിച്ച് ഓരോ തവണയും ആ നഴ്‌സിന്റെ മുന്നിലേക്ക് വന്ന് കൊണ്ടിരിക്കുന്ന അപ്പൂപ്പൻ താടി കണക്കെയുള്ള ആ വയോധികൻ..

വേദന കടിച്ചമർത്തിയും ആശ്വസിപ്പിച്ചുമൊക്കെ ഒരുപാട് മനുഷ്യർ..

അതിനിടയിലും തങ്ങളുടെ ബിസിനസുമായെത്തുന്ന മെഡിക്കൽ റപ്പുമാർ..

എത്രയെത്ര മനുഷ്യരാണ് ഒരു പ്രപഞ്ചം മുഴുവൻ ഉള്ളിൽ പേറി കൊണ്ട് വരാന്തകളിൽ വന്നിരിക്കുന്നത്.

ഇതിനൊക്കെ ഇടയിലാണ് ആ കുഞ്ഞുമോളെ കണ്ണിൽ പെടുന്നത്.ഒരഞ്ചോ ആറോ വയസ്സ് തോന്നിക്കും.ഒരു കാല് മുഴുവൻ പ്ലാസ്റ്ററിട്ട് ആരോ വീർപ്പിച്ച് കൊടുത്ത ബലൂണും കയ്യിൽ പിടിച്ച് സ്ട്രക്ച്ചറിൽ കിടക്കുന്നു അവൾ.പല തവണ കണ്ണിറുക്കിയും ഗോഷ്ടി കാണിച്ചും അവളെ ചിരിപ്പിക്കാൻ നോക്കി.ഒരു ഭാവമാറ്റവും ഉണ്ടായില്ല അവൾക്ക്.

എനിക്ക് മുന്നേ ഡോക്ടറെ കാണിച്ചിറങ്ങിയ അവൾ തിരിച്ച് പോവുമ്പോ എന്നെ നോക്കി നിറഞ്ഞു ചിരിച്ചു.X-Ray എടുക്കാൻ ആണെന്ന് തോന്നുന്നു,അവളുടെ ഉപ്പ സ്ട്രക്ച്ചറും വലിച്ചു കൊണ്ട് പോയി.ഇനിയൊരിക്കലും കണ്ട് മുട്ടാനിടയില്ലാത്ത രണ്ട് പേർക്കിടയിൽ രണ്ട് ചിരികളുടെ മാത്രം ഓർമ...

ദൈവമേ..എന്തോരം മനുഷ്യരെയാണ് നമ്മൾ കണ്ടു മറന്ന് പോവുന്നത്...!!

Share:

3 comments:

  1. ജീവിതം അങ്ങിനെയാാണ് .മറവി പലപ്പോഴും അനുഗ്രഹമാാാവുന്നുണ്ട് .അള്ളാഹു നമ്മെ ഖുർആനിലൂടെ വിളിക്കുന്നത് "ഇൻസാൻ" എന്നാാണ് ."നസിയ"എന്നാാാൽ മറവി എന്നാാണ് അറബി ഭാാഷയിൽ അർത്ഥം.അപ്പോൾ " ഇൻസാാൻ " ഉൾകൊള്ളാാൻ കഴിയുന്നുണ്ടല്ലോ

    ReplyDelete
  2. അതങ്ങനെയാണ്. അടയാളങ്ങൾ തരാനില്ലാത്തവരെ നമ്മൾ പെട്ടെന്ന് മറന്ന് പോകും

    ReplyDelete

Facebook Profile

Popular Posts

Followers

Recent Posts