ജന്നത്തിന്‍റെ മണമ്മുള്ളവള്‍!!

     ഫാത്തിമ സുഹറ,അതാണവളുടെ പേര്.ഒരുപാടാളുകൾ,അവർക്കൊക്കെ പ്രിയപ്പെട്ട പേരുകളിൽ അവളെ വിളിക്കാറുണ്ട്.പാത്തൂസ്,ഇമ്മൂസ്,അങ്ങനെയങ്ങനെ...

     എത്ര ഓർത്ത് നോക്കിയിട്ടും എങ്ങനെയാണാ പരിചയത്തിന്റെ തുടക്കമെന്നത് മറഞ്ഞു തന്നെയിരിക്കുന്നു ഇപ്പോഴും.അറിയില്ല,അല്ലെങ്കിൽ ഓർത്തെടുക്കാനാവുന്നില്ല.അല്ലേലും അതോർത്തെടുത്തിട്ട് വല്യ കാര്യമൊന്നും ഇല്ലല്ലോ..

     ഏത് പ്രകൃതിദുരന്തങ്ങൾ ഉണ്ടായാലും അക്രമങ്ങൾ കൊടി കുത്തി വാണാലും ദൈവം ഈ അണ്ഡകടാഹത്തെ ഇങ്ങനെ തന്നെ നിലനിർത്താനുള്ള കാരണം ഇവിടങ്ങളിലെ മിണ്ടാപ്രാണികൾക്കൊപ്പം നിഷ്കളങ്കരായ ചില മനുഷ്യർ കൂടിയാണ്.അങ്ങനെയുള്ള ദൈവത്തിന് പ്രിയപ്പെട്ടവരിൽ ഒരാളായിരുന്നിരിക്കണം സുഹറ,അല്ലെങ്കിൽ എങ്ങനെയാണൊരാൾക്കിത്രയും നൈർമല്യം വന്നു ചേരുന്നത്.

പ്രിയപ്പെട്ടവരുടെ കൈകളിൽ മൈലാഞ്ചിച്ചോപ്പുകൊണ്ട് വിസ്മയങ്ങൾ തീർത്തിരുന്നു അവൾ.ഇന്ന് ആ മൈലാഞ്ചിച്ചെടിയുടെ ചോട്ടിലേക്ക് ഉണരാത്ത ഉറക്കത്തിലേക്ക് നടന്നുപ്പോയപ്പോഴും മായാതെ നിൽക്കുന്നുണ്ടാകും പല കൈകളിലും ആ ചുവപ്പ്.ആ മുറിയിലിപ്പോൾ ഒറ്റക്കായിട്ടുണ്ടാവും നിന്നെത്തേടി എത്തിയ പുരസ്കാരങ്ങളും നീയുണ്ടാക്കിയ വിത്ത്പേനകളും.

  നിരന്തരമുള്ള ഫോൺകോളുകളോ കാഴ്ചകളോ ഇക്കാലമത്രയും ഞങ്ങൾക്കിടയിലുണ്ടായിട്ടില്ല.എന്നിട്ടും ഓരോ തവണ കാണുമ്പോഴും വിളിക്കുമ്പോഴും ഒരല്പം മുമ്പ് കണ്ട് പിരിഞ്ഞ പോലെ,വിളിച്ചു വെച്ച പോലെ സംസാരിക്കും.കൈ കൂപ്പി കേട്ടിരുന്നിട്ടുണ്ട്,സഹനത്തിന്റെ പോരാട്ടത്തിന്റെ അവളുടെ കഥകൾ.സുഹറാ, പ്രിയപ്പെട്ടവളെ..ഇത്രയേറെ അവിചാരിതമായി ധൃതിപ്പെട്ട് നീ കളിയവസാനിപ്പിച്ച് തിരിച്ച് കയറി പോവുമെന്ന് അറിയുമായിരുന്നെങ്കിൽ നീ പറയാൻ ബാക്കി വെച്ചതൊക്കെ കേട്ടിരിക്കാമായിരുന്നല്ലോ..

Share:

IOC പ്ലാന്‍റ് സുരക്ഷിതമോ?

ഇക്കഴിഞ്ഞ 21 വെള്ളിയാഴ്ച്ച പുലർച്ചെ ചേളാരി പാണമ്പ്രവളവിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് തലനാരിഴയ്ക്ക് ഒരു വൻ അപകടം ഒഴിവായിരുന്നു.ഈ അപകടം പതിവ് പോലെ മറവിയിലേക്ക് വിട്ട് കൊടുക്കാൻ കഴിയാത്ത ഒന്നാണ്.

     പറഞ്ഞു വരുന്നത് ഇതിന് തൊട്ടടുത്താണ് ചേളാരിയിലെ IOC പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.മലബാറിനെ മുഴുവൻ ചുട്ടെരിക്കാൻ പാകത്തിൽ പെട്രോൾബോംബ് കണക്കെയുള്ള പ്ലാന്റ് ജനനിബിഢമായ ചേളാരിയുടെ ഹൃദയത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്.

     ബുള്ളറ്റ് ടാങ്കർ അപകടം ഉയർത്തുന്ന ചോദ്യങ്ങളിൽ പ്രധാനപ്പെട്ടത് IOC പ്ലാന്റിന്റെ സുരക്ഷയെക്കുറിച്ചാണ്.കമ്പനി അധികൃതർ വാദിച്ചു കൊണ്ടിരിക്കുന്ന പോലെ യാതൊരു തരത്തിലുള്ള സുരക്ഷയും പ്ലാന്റിൽ ഇല്ലെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു അപകടം.ടാങ്കർ മാറ്റി നിറക്കാനും ലീക്കേജ് കുറക്കാനും  ഉള്ള സാങ്കേതികവിദ്യയോ വിദഗ്ധരോ പ്ലാന്റിൽ ഇല്ലെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഏറ്റവും അവസാനം നടന്ന അപകടം.എന്തിനേറെ,ടാങ്കർ തണുപ്പിച്ച് നിർത്താനുള്ള സൗകര്യങ്ങൾ പോലും പ്ലാന്റിൽ ഉണ്ടായിരുന്നില്ല.

     യാതൊരു സുരക്ഷമുൻകരുതലുകളും ഇല്ലാതെ ജനവാസ മേഖലയിൽ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടോ കൂട്ടുകളിക്കുന്നുണ്ടെന്ന് സംശയിക്കാവുന്ന തരത്തിലോ പ്രവർത്തിച്ചു കൊണ്ടിരുന്ന IOC ഒരു ജനതയുടെ തന്നെ ഉറക്കം കെടുത്തി കൊണ്ടിരിക്കുകയാണ്.
Share:

Facebook Profile

Popular Posts

Followers

Recent Posts