മോഹന്‍ലാലിനൊരു തുറന്ന കത്ത്
പ്രിയപ്പെട്ട ലാലേട്ടാ..

     ലാലേട്ടാ,അങ്ങനെയാണല്ലോ നിങ്ങളെ ഏറ്റവും പ്രിയപ്പെട്ടവർ വിളിക്കുന്നത്.അങ്ങനെ വിളിക്കാൻ തന്നെയാണ് എനിക്കും ഇഷ്ടം .കുഞ്ഞുനാൾ മുതൽ സ്‌ക്രീനിൽ നിറഞ്ഞു കാണുന്ന നിങ്ങളോടൊരു പ്രത്യേക പ്രിയം തന്നെയുണ്ട്.അനീതിക്കും അക്രമങ്ങൾക്കും എതിരെ സ്‌ക്രീനിൽ നിങ്ങളുടെ കഥാപാത്രങ്ങൾ പൊരുതുന്നത് ചെറുപ്രായത്തിൽ ഒരുപാട് മനസ്സിലിട്ടു നടന്നിട്ടുണ്ട്.
     

     അങ്ങനൊരു ഇഷ്ടം ഉള്ളത് കൊണ്ട് തന്നെയാണ് ഇപ്പൊ ഈ കുറിപ്പെഴുതുന്നതും ലാലേട്ടാ..ഇതെഴുതാനുള്ള കാരണം കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെട്ട ആ മാധ്യമപ്രവർത്തകന്റെ ചോദ്യവും അതിന് താങ്കളുടെ മറുപടിയും അതിന് ശേഷമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റും ഒക്കെയാണ്.


     ഏതാനും മാസങ്ങൾക്ക് മുമ്പ് നമ്മുടെയൊക്കെ മനസാക്ഷിയെ ഞെട്ടിച്ച സിനിമനടിയെ ആക്രമിച്ച ആ സംഭവത്തിൽ താങ്കൾ അന്ന് പ്രതിയാക്കപ്പെട്ട നടന്റെ കൂടെയായിരുന്നു.എന്ത് കന്നത്തരം കാണിച്ചാലും സുഹൃത്തിന് വേണ്ടി നില കൊള്ളുന്ന ആത്മാർത്ഥതയുടെ പ്രതിരൂപമായി മാറുകയായിരുന്നു നിങ്ങളന്ന്.പ്രതിചേർക്കപ്പെട്ട നടൻ വെറുമൊരു നടൻ മാത്രമല്ല,സിനിമാ നിർമാണ വിതരണമേഖലയിലെ സ്വാധീനമുള്ള കച്ചവടക്കാരൻ ആയത് കൊണ്ട് കൂടിയാണ് നിങ്ങളയാളോടൊപ്പം നിന്നതെന്ന് പലരും ദോഷം പറഞ്ഞിരുന്നു.നിങ്ങളയാളെ ഭയപ്പെട്ടിരുന്നുവെന്നും അവരൊക്കെ പറഞ്ഞു നടന്നിരുന്നു.ദോഷം പറയുന്നവർക്ക് എന്തും പറയാലോ അല്ലെ..അവരങ്ങനെ പറഞ്ഞു നടക്കട്ടെ ലാലേട്ടാ..താരരാജാവായ അങ്ങേക്ക് ഭയം പോലും.ഹും, നാണമില്ലാത്ത വർഗ്ഗങ്ങൾ.


     കന്യാസ്ത്രീ വിഷയവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകന്റെ ചോദ്യവും അതിനുള്ള നിങ്ങളുടെ മറുപടിയും ആണല്ലോ ഈ കുറിപ്പെഴുതാനുള്ള ആധാരം.നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വിശ്വശാന്തി ട്രസ്റ്റ് പ്രളയദുരിതാശ്വാസ പരിപാടി നടത്തുമ്പോൾ നിങ്ങൾ പറഞ്ഞ കണക്കെ അനവസരത്തിലായിരുന്നു ആ മാധ്യമപ്രവർത്തകന്റെ ചോദ്യം.അതേ,നിങ്ങൾ പറഞ്ഞ പോലെ അനവസരത്തിൽ തന്നെ.പ്രളയദുരിതാശ്വാസപ്രവർത്തനം നടക്കുമ്പോൾ അതിൽ നിശബ്ദമായി(നിശബ്ദമായ പരിപാടിക്കിടയിൽ നിശബ്ദരായി ഇരിക്കാനല്ലേ മാധ്യമപ്രവർത്തകരെ ക്ഷണിച്ചത്,അത് പോലും മനസ്സിലാക്കാന്‍ കഴിയാത്ത വിഭാഗം) പല കാര്യങ്ങളും ചെയ്യുന്ന വിശ്വശാന്തി ട്രസ്റ്റിന്റെ(ഇതൊക്കെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ നിന്ന് തന്നെയാണേ)മാധ്യമപ്രവർത്തകൻ അങ്ങനെ ചോദിക്കാനേ പാടില്ലായിരുന്നു.തെറ്റാണ്,മഹാതെറ്റ്. നിശബ്ദമായി നടക്കുന്ന പരിപാടിക്കിടയിൽ വിളിച്ചിട്ട് വന്നതാണെങ്കിലും നിശബ്ദനായി തന്നെ ഇരിക്കണ്ടേ.ബോധമില്ലാത്ത മാധ്യമവർഗം..


     ആ ചോദ്യത്തിന് താങ്കളുടെ മറുപടി കേട്ടപ്പോ കേരളത്തിന്റെ പഴയൊരു ഭരണാധികരിയെയാണ് ഓർമ വന്നത്.അടിയന്തരവസ്ഥകാലത്തിന്റെ മറ പിടിച്ച് ഒരു ചെറുപ്പക്കാരനെ ഉരുട്ടി കൊന്ന് ശരീരംപോലും വിട്ടു കൊടുക്കാതെ അയാളുടെ അച്ഛനെ നാടുനീളെ ഓടിച്ച ഒരു ഭരണാധികാരി.ആ അച്ഛൻ മരിച്ച ദിവസം കല്യാണസദ്യയുണ്ണാൻ പോവുന്ന ഭരണാധികാരിയോട് ബോധമില്ലാത്ത ഈ മാധ്യമവർഗം ചോദിച്ചിരുന്നു ആ അച്ഛനെ കുറിച്ച്.അന്നയാളും പറഞ്ഞത് ഏതാണ്ട് നിങ്ങൾ പറഞ്ഞ കണക്കെയുള്ള ഒരു മറുപടി തന്നെയാണ്.ഒരു നല്ല കാര്യത്തിനിറങ്ങുമ്പോഴാണ് ഇതൊക്കെ സംസാരിക്കുന്നത്.


     അതെ ലാലേട്ടാ,മാധ്യമവർഗം ഇങ്ങനെ തന്നെയാണ്.നിങ്ങൾ പറഞ്ഞ പോലെ ആ വാക്ക് വീണ്ടും വായിക്കണേ, നിങ്ങൾ പറഞ്ഞ പോലെ അനവസരത്തിൽ വേണ്ടാത്ത കാര്യങ്ങൾ ചോദിക്കും.ബോധമില്ലാത്ത വർഗം.മതപുരോഹിതനാൽ പീഡിപ്പിക്കപ്പെട്ട ഒരു കന്യാസ്ത്രീ,പുരോഹിതന് കൂട്ടു നിൽക്കുന്ന സ്റ്റേറ്റ്,സിസ്റ്റം,മതനേതൃത്വം.ഇങ്ങനെ ചിലരെ മാത്രം ബാധിക്കുന്ന ഒരു വിഷയത്തിൽ മറുപടി പറയാൻ നിങ്ങളെ പോലൊരു സൂപ്പർ താരം ഒരിക്കലും മാനസികമായി തയ്യാറായിരിക്കേണ്ടതില്ലല്ലോ അല്ലെ ലാലേട്ടാ..


     വല്യ വല്യ കാര്യങ്ങളൊക്കെ പറഞ്ഞ് ഒരു മൂത്ത ജ്യേഷ്ഠനെ കണക്കെ കാണുന്ന നിങ്ങളോട് വിശേഷങ്ങളൊക്കെ ചോദിക്കാൻ മറന്നു പോയി.പഴയ പോലെ തന്നെ സിനിമകളൊക്കെ ഉണ്ടല്ലോ ല്ലേ..ജനങ്ങളതൊക്കെ കൂട്ടം കൂട്ടമായി വന്ന് കണ്ട്‌ വിജയിപ്പിക്കുന്നുണ്ടാവും.സിനിമകളൊന്നും പഴയ പോലെ കാണാൻ നേരമില്ല ലാലേട്ടാ..തിരക്കുകളല്ലേ തിരക്കുകൾ.നിങ്ങൾക്കും തിരക്കുകൾ ഒരുപാട് ഉള്ളത് കൊണ്ടായിരിക്കും ഇപ്പൊ പഴയ പോലെ ബ്ലോഗ് ഒന്നും എഴുതാത്തത് അല്ലെ??എന്തായാലും ഈ ബോധമില്ലാത്ത മാധ്യമവർഗത്തെയും എന്തിനും ഏതിനും പ്രതികരിക്കുന്ന ജനങ്ങളെയും ഒക്കെ സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നതായിരിക്കും നല്ലതെന്നോർമിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിച്ചോട്ടെ..


സ്നേഹപൂർവ്വം
അനിയൻ
റഈസ് ഹിദായ
Share:

1 comment:

  1. മഹാ നടനോട് മഹാ മോശം ചോദ്യം ചോദിച്ചു അപമാനിച്ച മാധ്യമ പ്രവർത്തകനെതിരെ മന നഷ്ടത്തിന് കേസ് ഫയൽ ചെയ്യാതെ വെറുതെ വിട്ടത് മോഹൻലാലിന്റെ മഹാ മനസ്കത ഒന്ന് കൊണ്ട് മാത്രമാണ്. ഇനിയെങ്കിലും മാലോകർ ഈ മഹാമനസ്കത മനസ്സിലാക്കാൻ വൈകരുത്

    ReplyDelete

Facebook Profile

Popular Posts

Followers

Recent Posts