ഷാക്കിര്‍!അതൊരു സൂപ്പര്‍ ഹീറോയുടെ പേരാണ്


     പെയ്തുപൊങ്ങിയ മഴവെള്ളത്തിനൊപ്പം കുത്തിയൊലിക്കുന്ന മനുഷ്യത്വത്തിന്റെ മഹപ്രളയത്തിനും കൂടിയാണ് കഴിഞ്ഞ ദിനങ്ങളിൽ നാം സാക്ഷിയായത്.ജീവനും കയ്യിലെടുത്തോടുന്ന സ്ത്രീകൾക്ക് കരകയറാൻ തന്റെ മുതുക് താഴ്ത്തികൊടുത്ത് താനൂർകാരൻ ജെയ്സൽ,ആലുവയിൽ രക്ഷാപ്രവർത്തനത്തിനിടയിൽ ബോട്ടിലേക്ക് കയറാൻ പാലമായി കിടന്നു കൊടുത്ത കൂട്ടായി സ്വദേശി സിയാദ്.സോഷ്യൽ മീഡിയയിലൂടെയും മറ്റും നാം കണ്ട് കണ്ണ് നിറഞ്ഞ മറ്റനേകം കാഴ്ചകൾ.വീഡിയോയും വാർത്തയും ആവാതെ പോയ നിറവാർന്ന നൂറു നൂറായിരം സ്നേഹനുഭവങ്ങൾ.

     അതിലൊന്നാണ് പരപ്പനങ്ങാടിക്കടുത്ത് ഉള്ളണം കുണ്ടംകടവിൽ നിന്ന് അടിയൊഴുക്കിൽ പെട്ട് പോയ മൂന്ന് പേരിൽ രണ്ട് പേരെ എടതുരുത്തി കടവിൽ വെച്ച് രക്ഷപ്പെടുത്തിയ ശാക്കിറിന്റെ ഇടപെടൽ.രണ്ട് പേർക്ക് മാത്രം സഞ്ചരിക്കാവുന്ന താൻ ചൂണ്ടലിടാൻ പോവുന്ന ചെറിയ തോണിയിൽ നിറയുന്ന മഴവെള്ളം എല്ലാ രാവിലെയും മുക്കി ഒഴിക്കാറാണ് പതിവ്.അതിന് പോയിക്കൊണ്ടിരിക്കുമ്പോഴാണ് സുഹൃത്ത് അജയൻ വിളിച്ചു പറയുന്നത്,

"എടാ കുറച്ചു പേർ ഒഴുക്കിൽ പെട്ടിട്ടുണ്ട്,ഓടി വാ"

     ആവുന്നത്ര വേഗത്തിൽ തോണിയുടെ അടുത്തേക്ക് കുതിച്ചു.മുക്കാൽ ഭാഗത്തിലധികം വെള്ളം നിറഞ്ഞിരിക്കുന്നു തോണിയിൽ.എത്ര മുക്കി ഒഴിച്ചിട്ടും തീരാത്ത പോലെ.പുഴയുടെ ആഴങ്ങളിലേക്ക് ഊർന്നു പോവാൻ സാധ്യതയുള്ള ജീവനുകളെ ഓർത്തപ്പോ മുഴുവനായി വെള്ളം പുറത്ത് കളയാനൊന്നും നേരം കിട്ടിയില്ല.

     തോണിയെടുത്ത് ആഴങ്ങളിലേക്ക് പോവുനമ് ജീവനുകളെ ലക്ഷ്യമാക്കി കുതിക്കുമ്പോഴും ആ ചെറുതോണിയുടെ കാൽഭാഗത്തോളം വെള്ളം ഉണ്ടായിരുന്നു.ആഞ്ഞുതുഴഞ്ഞ് അവരുടെ അടുത്തേക്കെത്തി.മുതിർന്ന ആളുടെ അടുത്തേക്ക് തോണി അടുപ്പിച്ചപ്പോ അയാളതിൽ ബലത്തിൽ പിടിച്ചു.മുറുകെ പിടിക്കാൻ പറഞ്ഞു കൊണ്ട് ഇളയവനിലേക്ക് കുതിക്കാൻ ആഞ്ഞപ്പോഴേക്ക് തോണി ചെരിഞ്ഞു തുടങ്ങി.

     കരയിലേക്ക് തോണി വലിച്ചുകെട്ടുന്ന ആ തുണ്ടം കയറിൽ കൈചുറ്റി വെള്ളത്തിലേക്ക് എടുത്തുചാടുക മാത്രമേ വഴിയുണ്ടായിരുന്നോള്ളൂ..ഒഴുക്കും ചുഴിയുമൊന്നും അന്നേരം ഭയപ്പെടുത്തിയില്ല.എവിടുന്നോ ഒരാത്മധൈര്യം കയറിയ പോലെ.അവനിലേക്ക് കൈനീട്ടിയതും അവനൊന്നാകെ അള്ളി പിടിക്കാൻ തുടങ്ങി.രണ്ട് പേരും മുങ്ങുമെന്ന അവസ്ഥ.തോണിയിൽ നിന്ന് കയറിട്ട് പിടിച്ച കൈവിടാതെ മറുകൈ കൊണ്ട് ചേർത്ത്പിടിച്ച് ഒരുവിധമാണ് അവനെ തോണിയിലേക്ക് എടുത്തിടുന്നത്.ഉലയുന്ന തോണിയുടെ മറുസൈഡിൽ അപ്പോഴും മറ്റെയാൾ അള്ളിപിടിച്ചിരുന്നു.

     ഒഴുക്കിൽ പെട്ട് തളർന്ന് പോയ രണ്ട് പേർ,തോണി തുഴഞ്ഞും നീന്തിയും തളർന്ന ഞാനും,എന്നെ കൊണ്ട് മാത്രം എടുത്തു കയറ്റാവുന്ന ഭാരമായിരുന്നില്ല മുതിർന്നവരുടേത്.പക്ഷെ എങ്ങനെയോ,അയാളെയും തോണിയിലെത്തിച്ചു.പതിയെ ഞാനും പിടിച്ച് കയറി.തിരിച്ച് തുഴയാനുള്ള ബലം കൈകൾക്കുണ്ടായിരുന്നില്ല.എങ്കിലും ആഞ്ഞു തുഴഞ്ഞു,മൂന്ന് ജീവനുകളും കയ്യിലെടുത്ത്.കരയിൽ എത്തിയപ്പോഴാണ് അറിയുന്നത്,ഒരാളെ കൂടെ ഉണ്ടായിരുന്നുവെന്ന്
ആറ് ദിവസമായിട്ടും കണ്ടെത്താൻ കഴിയാത്ത ഒരു കുഞ്ഞുമോനും കൂടെ.

കഥ കേട്ടിരുന്ന് നീണ്ട ശ്വാസത്തിന് ശേഷമാണ് പതിയെ ചോദിച്ചത്,

"ശാക്കിർ ഭായി,ഇപ്പൊ എന്ത് തോന്നുന്നു?"

"എന്ത് തോന്നാൻ..!ഓനിം കൂടി നോക്കായിരുന്നു,അറിഞ്ഞീല"

Share:

1 comment:

  1. Sometimes it takes a flood to know what is real goodness.

    ReplyDelete

Facebook Profile

Popular Posts

Followers

Recent Posts