കണ്ടു മറക്കുന്നവർ!!

വല്ലപ്പോഴുമൊക്കെ നിങ്ങൾ ആശുപത്രികൾ സന്ദർശിക്കണമെന്നും അത് ദൈവം നിങ്ങൾക്കേകിയ സൗഖ്യത്തെ നിങ്ങളെ തന്നെ ബോധ്യപ്പെടുത്തുമെന്നും പണ്ടൊരു ജ്ഞാനിയുടെ വാക്കുകൾ വായിച്ചതോർക്കുന്നു.

  ആശുപത്രിവരാന്തകൾ എന്നും പലതരം ജീവിതങ്ങളുടെ നേർകാഴ്ചയാവാറുണ്ട്.

കഴിഞ്ഞ ദിവസം ഒരു പകൽ മുഴുവൻ അങ്ങനെ ഒരു ആശുപത്രീടെ വരാന്തകളിലായിരുന്നു.

അമ്മയെ കൈകളിൽ ചേർത്ത് പിടിച്ച ആ മകൻ.

പിന്നിയ പേഴ്‌സിലെ ചുരുട്ടിയ നോട്ടുകൾ വീണ്ടും വീണ്ടും എണ്ണി നോക്കുന്ന ആ വല്ല്യുമ്മ..

തന്റെ പേര് വിളിക്കുന്നുണ്ടോ എന്നന്വേഷിച്ച് ഓരോ തവണയും ആ നഴ്‌സിന്റെ മുന്നിലേക്ക് വന്ന് കൊണ്ടിരിക്കുന്ന അപ്പൂപ്പൻ താടി കണക്കെയുള്ള ആ വയോധികൻ..

വേദന കടിച്ചമർത്തിയും ആശ്വസിപ്പിച്ചുമൊക്കെ ഒരുപാട് മനുഷ്യർ..

അതിനിടയിലും തങ്ങളുടെ ബിസിനസുമായെത്തുന്ന മെഡിക്കൽ റപ്പുമാർ..

എത്രയെത്ര മനുഷ്യരാണ് ഒരു പ്രപഞ്ചം മുഴുവൻ ഉള്ളിൽ പേറി കൊണ്ട് വരാന്തകളിൽ വന്നിരിക്കുന്നത്.

ഇതിനൊക്കെ ഇടയിലാണ് ആ കുഞ്ഞുമോളെ കണ്ണിൽ പെടുന്നത്.ഒരഞ്ചോ ആറോ വയസ്സ് തോന്നിക്കും.ഒരു കാല് മുഴുവൻ പ്ലാസ്റ്ററിട്ട് ആരോ വീർപ്പിച്ച് കൊടുത്ത ബലൂണും കയ്യിൽ പിടിച്ച് സ്ട്രക്ച്ചറിൽ കിടക്കുന്നു അവൾ.പല തവണ കണ്ണിറുക്കിയും ഗോഷ്ടി കാണിച്ചും അവളെ ചിരിപ്പിക്കാൻ നോക്കി.ഒരു ഭാവമാറ്റവും ഉണ്ടായില്ല അവൾക്ക്.

എനിക്ക് മുന്നേ ഡോക്ടറെ കാണിച്ചിറങ്ങിയ അവൾ തിരിച്ച് പോവുമ്പോ എന്നെ നോക്കി നിറഞ്ഞു ചിരിച്ചു.X-Ray എടുക്കാൻ ആണെന്ന് തോന്നുന്നു,അവളുടെ ഉപ്പ സ്ട്രക്ച്ചറും വലിച്ചു കൊണ്ട് പോയി.ഇനിയൊരിക്കലും കണ്ട് മുട്ടാനിടയില്ലാത്ത രണ്ട് പേർക്കിടയിൽ രണ്ട് ചിരികളുടെ മാത്രം ഓർമ...

ദൈവമേ..എന്തോരം മനുഷ്യരെയാണ് നമ്മൾ കണ്ടു മറന്ന് പോവുന്നത്...!!

Share:

ജന്നത്തിന്‍റെ മണമ്മുള്ളവള്‍!!

     ഫാത്തിമ സുഹറ,അതാണവളുടെ പേര്.ഒരുപാടാളുകൾ,അവർക്കൊക്കെ പ്രിയപ്പെട്ട പേരുകളിൽ അവളെ വിളിക്കാറുണ്ട്.പാത്തൂസ്,ഇമ്മൂസ്,അങ്ങനെയങ്ങനെ...

     എത്ര ഓർത്ത് നോക്കിയിട്ടും എങ്ങനെയാണാ പരിചയത്തിന്റെ തുടക്കമെന്നത് മറഞ്ഞു തന്നെയിരിക്കുന്നു ഇപ്പോഴും.അറിയില്ല,അല്ലെങ്കിൽ ഓർത്തെടുക്കാനാവുന്നില്ല.അല്ലേലും അതോർത്തെടുത്തിട്ട് വല്യ കാര്യമൊന്നും ഇല്ലല്ലോ..

     ഏത് പ്രകൃതിദുരന്തങ്ങൾ ഉണ്ടായാലും അക്രമങ്ങൾ കൊടി കുത്തി വാണാലും ദൈവം ഈ അണ്ഡകടാഹത്തെ ഇങ്ങനെ തന്നെ നിലനിർത്താനുള്ള കാരണം ഇവിടങ്ങളിലെ മിണ്ടാപ്രാണികൾക്കൊപ്പം നിഷ്കളങ്കരായ ചില മനുഷ്യർ കൂടിയാണ്.അങ്ങനെയുള്ള ദൈവത്തിന് പ്രിയപ്പെട്ടവരിൽ ഒരാളായിരുന്നിരിക്കണം സുഹറ,അല്ലെങ്കിൽ എങ്ങനെയാണൊരാൾക്കിത്രയും നൈർമല്യം വന്നു ചേരുന്നത്.

പ്രിയപ്പെട്ടവരുടെ കൈകളിൽ മൈലാഞ്ചിച്ചോപ്പുകൊണ്ട് വിസ്മയങ്ങൾ തീർത്തിരുന്നു അവൾ.ഇന്ന് ആ മൈലാഞ്ചിച്ചെടിയുടെ ചോട്ടിലേക്ക് ഉണരാത്ത ഉറക്കത്തിലേക്ക് നടന്നുപ്പോയപ്പോഴും മായാതെ നിൽക്കുന്നുണ്ടാകും പല കൈകളിലും ആ ചുവപ്പ്.ആ മുറിയിലിപ്പോൾ ഒറ്റക്കായിട്ടുണ്ടാവും നിന്നെത്തേടി എത്തിയ പുരസ്കാരങ്ങളും നീയുണ്ടാക്കിയ വിത്ത്പേനകളും.

  നിരന്തരമുള്ള ഫോൺകോളുകളോ കാഴ്ചകളോ ഇക്കാലമത്രയും ഞങ്ങൾക്കിടയിലുണ്ടായിട്ടില്ല.എന്നിട്ടും ഓരോ തവണ കാണുമ്പോഴും വിളിക്കുമ്പോഴും ഒരല്പം മുമ്പ് കണ്ട് പിരിഞ്ഞ പോലെ,വിളിച്ചു വെച്ച പോലെ സംസാരിക്കും.കൈ കൂപ്പി കേട്ടിരുന്നിട്ടുണ്ട്,സഹനത്തിന്റെ പോരാട്ടത്തിന്റെ അവളുടെ കഥകൾ.സുഹറാ, പ്രിയപ്പെട്ടവളെ..ഇത്രയേറെ അവിചാരിതമായി ധൃതിപ്പെട്ട് നീ കളിയവസാനിപ്പിച്ച് തിരിച്ച് കയറി പോവുമെന്ന് അറിയുമായിരുന്നെങ്കിൽ നീ പറയാൻ ബാക്കി വെച്ചതൊക്കെ കേട്ടിരിക്കാമായിരുന്നല്ലോ..

Share:

IOC പ്ലാന്‍റ് സുരക്ഷിതമോ?

ഇക്കഴിഞ്ഞ 21 വെള്ളിയാഴ്ച്ച പുലർച്ചെ ചേളാരി പാണമ്പ്രവളവിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് തലനാരിഴയ്ക്ക് ഒരു വൻ അപകടം ഒഴിവായിരുന്നു.ഈ അപകടം പതിവ് പോലെ മറവിയിലേക്ക് വിട്ട് കൊടുക്കാൻ കഴിയാത്ത ഒന്നാണ്.

     പറഞ്ഞു വരുന്നത് ഇതിന് തൊട്ടടുത്താണ് ചേളാരിയിലെ IOC പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.മലബാറിനെ മുഴുവൻ ചുട്ടെരിക്കാൻ പാകത്തിൽ പെട്രോൾബോംബ് കണക്കെയുള്ള പ്ലാന്റ് ജനനിബിഢമായ ചേളാരിയുടെ ഹൃദയത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്.

     ബുള്ളറ്റ് ടാങ്കർ അപകടം ഉയർത്തുന്ന ചോദ്യങ്ങളിൽ പ്രധാനപ്പെട്ടത് IOC പ്ലാന്റിന്റെ സുരക്ഷയെക്കുറിച്ചാണ്.കമ്പനി അധികൃതർ വാദിച്ചു കൊണ്ടിരിക്കുന്ന പോലെ യാതൊരു തരത്തിലുള്ള സുരക്ഷയും പ്ലാന്റിൽ ഇല്ലെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു അപകടം.ടാങ്കർ മാറ്റി നിറക്കാനും ലീക്കേജ് കുറക്കാനും  ഉള്ള സാങ്കേതികവിദ്യയോ വിദഗ്ധരോ പ്ലാന്റിൽ ഇല്ലെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഏറ്റവും അവസാനം നടന്ന അപകടം.എന്തിനേറെ,ടാങ്കർ തണുപ്പിച്ച് നിർത്താനുള്ള സൗകര്യങ്ങൾ പോലും പ്ലാന്റിൽ ഉണ്ടായിരുന്നില്ല.

     യാതൊരു സുരക്ഷമുൻകരുതലുകളും ഇല്ലാതെ ജനവാസ മേഖലയിൽ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടോ കൂട്ടുകളിക്കുന്നുണ്ടെന്ന് സംശയിക്കാവുന്ന തരത്തിലോ പ്രവർത്തിച്ചു കൊണ്ടിരുന്ന IOC ഒരു ജനതയുടെ തന്നെ ഉറക്കം കെടുത്തി കൊണ്ടിരിക്കുകയാണ്.
Share:

മനുഷ്യന്‍!!

     അത്രയും കാലം താൻ ചേർത്ത് പിടിച്ച് മകളെന്ന് വിളിച്ചവളുടെ പിറവിക്ക് കാരണം താനല്ലെന്നറിയുമ്പോഴും ഞാനവളെ സ്നേഹിക്കുന്നത് കൊണ്ട് മകളെന്ന് തന്നെ വിളിക്കുമെന്ന് തീരുമാനിക്കുന്ന ഗുരു സാഗരത്തിലെ കുഞ്ഞുണ്ണിയെ കണ്ണ് നിറഞ്ഞാണ് എപ്പോഴും വായിക്കാറ്..

     മരുഭൂമിയിലെ തന്‍റെ ഏകാന്തതയിൽ ഒരാടിനെ തന്‍റെ മകനെകണക്ക് സ്നേഹിച്ച് നബീലെന്ന് പേരിട്ട് വിളിച്ച് അവന്റെ മുട്ടത്വം മുറിച്ചു കളയുമ്പോള്‍ വാവിട്ട് കരയുന്ന നജീബിനെ വായിക്കുമ്പോ നെഞ്ചിലൊരു ഭാരം അനുഭവപ്പെടും.

     കൊറിയർ കമ്പനിയുടെ വിമാനം തകർന്ന് മറ്റാരും ഇല്ലാത്ത ഒരു ദ്വീപിൽ ഒറ്റപ്പെടുമ്പോൾ ചക്ക് നൊളന്റ് കൊറിയർ ബോക്സുകളിൽ ഒന്നിൽ നിന്ന് ലഭിച്ച പന്തിന് കണ്ണും മൂക്കും വരച്ച് അതിന് വിൽസൻ എന്ന് പേരിടുന്നുണ്ട്.കാസ്റ്റ് എവേ എന്ന സിനിമയുടെ അവസാനം ആ പന്ത് നഷ്ടമാവുമ്പോ ഭ്രാന്തനെ പോലെ അലറി വിളിക്കുന്ന ചക്ക് നൊളന്റ് എന്നും ഒരു നോവോർമയാണ്.

     സിനിമകൾക്കും നോവലുകൾക്കും അപ്പുറം കാരണങ്ങൾ ഇല്ലാതെ മനുഷ്യനെയും ഇതരജീവികളെയും ഒക്കെ സ്നേഹിക്കുന്നവരെ കാണുമ്പോ അവരുടെ ഇടയിൽ ജീവിക്കാനായതാണ് ദൈവം തന്ന അനുഗ്രഹം എന്ന് തോന്നി പോവും.അല്ലേലും നിലക്കാത്ത കാരണങ്ങളില്ലാത്ത സ്നേഹാനുഭവത്തിന്റെ പേരാണല്ലോ മനുഷ്യൻ...

     എന്‍റെ ദൈവമേ,എന്‍റെ ദൈവമേ..ഭൂമിയാൽ നീയവനെ പടച്ചുവെന്ന് പറഞ്ഞപ്പോൾ ഭൂമിയോളം വലുപ്പമുള്ള അവന്‍റെ ഹൃദയത്തെ പോലും കാണാതെ വെറും മണ്ണിൽ നിന്നെന്ന് വായിച്ചത് എന്‍റെ പിഴ.. നീ പൊറുക്കേണമേ..

Share:

ആരാവും 'ഫിഫ ദി ബെസ്റ്റ്'??


ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ആ ചോദ്യത്തിന് ഇന്ന് രാത്രിയോടെ ഉത്തരമാവും.കഴിഞ്ഞ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള 'ഫിഫ ദി ബെസ്റ്റ്' അവാർഡ് ഇന്ന് രാത്രി ലണ്ടനിൽ പ്രഖ്യാപിക്കും.2009 വരെ ഫിഫ പ്ലേയർ ഓഫ് ദി ഇയർ ആയും 2015 വരെ ഫിഫ ബാലൺ ഡി ഓർ അവാർഡ് ആയി അറിയപ്പെട്ടിരുന്ന പുരസ്‌കാരം അതിന് ശേഷം ഫിഫ ദി ബെസ്റ്റ് ആയി മാറുകയായിരുന്നു.

     11 വർഷത്തിന് ശേഷം ലയണൽ മെസ്സിക്ക് ഇടം കണ്ടെത്താനാവാത്ത അവസാനമൂന്നിൽ ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ചും പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോയും ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാഹും ആണുള്ളത്.

ലൂക്കാ മോഡ്രിച്ച്
     

     UEFA Footballer Of The Year ആയി തിരഞ്ഞെടുക്കപ്പെട്ട മോഡ്രിച്ച് തന്നെയാണ് സാദ്ധ്യതകളിൽ മുന്നിലുള്ളത്.റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ്,ഫിഫ ക്ലബ് ലോകകപ്പ് കിരീടനേട്ടങ്ങളിൽ പങ്കാളിയായതിനൊപ്പം തന്നെ മോഡ്രിച്ചിന്റെ ക്യാപ്റ്റൻസിയിലാണ് റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യ ഫൈനൽ വരെ എത്തുന്നത്.ലോകകപ്പിലെ ഗോൾഡൻ ബാൾ പുരസ്കാരജേതാവ് കൂടിയാണ് താരം.

ക്രിസ്റ്റ്യാനോ റൊണാൾഡോ
     

     പുതുസീസണിൽ ഇറ്റാലിയൻ ക്ലബ് ജൂവന്റസിലേക്ക് കൂടു മാറിയ റൊണാൾഡോ കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് കിരീടങ്ങൾ നേടിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിൽ 15 ഗോളുമായി ടോപ്പ് സ്‌കോറർ ആയിരുന്നു താരം.മെസ്സിക്കൊപ്പം അഞ്ച് തവണ ലോകഫുട്ബോളർ പുരസ്‌കാരം സ്വന്തമാക്കിയ CR7ന്റെ ക്യാപ്റ്റൻസിയിൽ റഷ്യൻ ലോകകപ്പിനിറങ്ങിയ പോർച്ചുഗൽ ടീം പ്രീ ക്വാർട്ടറിൽ പുറത്തായിരുന്നു.

മുഹമ്മദ് സലാഹ്
        2017ഇൽ റോമയിൽ നിന്ന് ലിവർപൂളിൽ എത്തിയത് മുതൽ ഗോളടിച്ചു കൂട്ടുകയാണ് ഈ ഈജിപ്ഷ്യൻ താരം.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 32 ഗോളെന്ന റെക്കോർഡോടെ ടോപ്പ് സ്‌കോറർ ആവുകയും ചെയ്തു.ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിക്കുന്നതിലും താരത്തിന് ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു.ഗോൾ വേട്ടയിൽ റൊണാള്ഡോക്ക് പകരം 10 ഗോളുമായി രണ്ടാമനായിരുന്നു സലാഹ്.
Share:

മോഹന്‍ലാലിനൊരു തുറന്ന കത്ത്
പ്രിയപ്പെട്ട ലാലേട്ടാ..

     ലാലേട്ടാ,അങ്ങനെയാണല്ലോ നിങ്ങളെ ഏറ്റവും പ്രിയപ്പെട്ടവർ വിളിക്കുന്നത്.അങ്ങനെ വിളിക്കാൻ തന്നെയാണ് എനിക്കും ഇഷ്ടം .കുഞ്ഞുനാൾ മുതൽ സ്‌ക്രീനിൽ നിറഞ്ഞു കാണുന്ന നിങ്ങളോടൊരു പ്രത്യേക പ്രിയം തന്നെയുണ്ട്.അനീതിക്കും അക്രമങ്ങൾക്കും എതിരെ സ്‌ക്രീനിൽ നിങ്ങളുടെ കഥാപാത്രങ്ങൾ പൊരുതുന്നത് ചെറുപ്രായത്തിൽ ഒരുപാട് മനസ്സിലിട്ടു നടന്നിട്ടുണ്ട്.
     

     അങ്ങനൊരു ഇഷ്ടം ഉള്ളത് കൊണ്ട് തന്നെയാണ് ഇപ്പൊ ഈ കുറിപ്പെഴുതുന്നതും ലാലേട്ടാ..ഇതെഴുതാനുള്ള കാരണം കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെട്ട ആ മാധ്യമപ്രവർത്തകന്റെ ചോദ്യവും അതിന് താങ്കളുടെ മറുപടിയും അതിന് ശേഷമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റും ഒക്കെയാണ്.


     ഏതാനും മാസങ്ങൾക്ക് മുമ്പ് നമ്മുടെയൊക്കെ മനസാക്ഷിയെ ഞെട്ടിച്ച സിനിമനടിയെ ആക്രമിച്ച ആ സംഭവത്തിൽ താങ്കൾ അന്ന് പ്രതിയാക്കപ്പെട്ട നടന്റെ കൂടെയായിരുന്നു.എന്ത് കന്നത്തരം കാണിച്ചാലും സുഹൃത്തിന് വേണ്ടി നില കൊള്ളുന്ന ആത്മാർത്ഥതയുടെ പ്രതിരൂപമായി മാറുകയായിരുന്നു നിങ്ങളന്ന്.പ്രതിചേർക്കപ്പെട്ട നടൻ വെറുമൊരു നടൻ മാത്രമല്ല,സിനിമാ നിർമാണ വിതരണമേഖലയിലെ സ്വാധീനമുള്ള കച്ചവടക്കാരൻ ആയത് കൊണ്ട് കൂടിയാണ് നിങ്ങളയാളോടൊപ്പം നിന്നതെന്ന് പലരും ദോഷം പറഞ്ഞിരുന്നു.നിങ്ങളയാളെ ഭയപ്പെട്ടിരുന്നുവെന്നും അവരൊക്കെ പറഞ്ഞു നടന്നിരുന്നു.ദോഷം പറയുന്നവർക്ക് എന്തും പറയാലോ അല്ലെ..അവരങ്ങനെ പറഞ്ഞു നടക്കട്ടെ ലാലേട്ടാ..താരരാജാവായ അങ്ങേക്ക് ഭയം പോലും.ഹും, നാണമില്ലാത്ത വർഗ്ഗങ്ങൾ.


     കന്യാസ്ത്രീ വിഷയവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകന്റെ ചോദ്യവും അതിനുള്ള നിങ്ങളുടെ മറുപടിയും ആണല്ലോ ഈ കുറിപ്പെഴുതാനുള്ള ആധാരം.നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വിശ്വശാന്തി ട്രസ്റ്റ് പ്രളയദുരിതാശ്വാസ പരിപാടി നടത്തുമ്പോൾ നിങ്ങൾ പറഞ്ഞ കണക്കെ അനവസരത്തിലായിരുന്നു ആ മാധ്യമപ്രവർത്തകന്റെ ചോദ്യം.അതേ,നിങ്ങൾ പറഞ്ഞ പോലെ അനവസരത്തിൽ തന്നെ.പ്രളയദുരിതാശ്വാസപ്രവർത്തനം നടക്കുമ്പോൾ അതിൽ നിശബ്ദമായി(നിശബ്ദമായ പരിപാടിക്കിടയിൽ നിശബ്ദരായി ഇരിക്കാനല്ലേ മാധ്യമപ്രവർത്തകരെ ക്ഷണിച്ചത്,അത് പോലും മനസ്സിലാക്കാന്‍ കഴിയാത്ത വിഭാഗം) പല കാര്യങ്ങളും ചെയ്യുന്ന വിശ്വശാന്തി ട്രസ്റ്റിന്റെ(ഇതൊക്കെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ നിന്ന് തന്നെയാണേ)മാധ്യമപ്രവർത്തകൻ അങ്ങനെ ചോദിക്കാനേ പാടില്ലായിരുന്നു.തെറ്റാണ്,മഹാതെറ്റ്. നിശബ്ദമായി നടക്കുന്ന പരിപാടിക്കിടയിൽ വിളിച്ചിട്ട് വന്നതാണെങ്കിലും നിശബ്ദനായി തന്നെ ഇരിക്കണ്ടേ.ബോധമില്ലാത്ത മാധ്യമവർഗം..


     ആ ചോദ്യത്തിന് താങ്കളുടെ മറുപടി കേട്ടപ്പോ കേരളത്തിന്റെ പഴയൊരു ഭരണാധികരിയെയാണ് ഓർമ വന്നത്.അടിയന്തരവസ്ഥകാലത്തിന്റെ മറ പിടിച്ച് ഒരു ചെറുപ്പക്കാരനെ ഉരുട്ടി കൊന്ന് ശരീരംപോലും വിട്ടു കൊടുക്കാതെ അയാളുടെ അച്ഛനെ നാടുനീളെ ഓടിച്ച ഒരു ഭരണാധികാരി.ആ അച്ഛൻ മരിച്ച ദിവസം കല്യാണസദ്യയുണ്ണാൻ പോവുന്ന ഭരണാധികാരിയോട് ബോധമില്ലാത്ത ഈ മാധ്യമവർഗം ചോദിച്ചിരുന്നു ആ അച്ഛനെ കുറിച്ച്.അന്നയാളും പറഞ്ഞത് ഏതാണ്ട് നിങ്ങൾ പറഞ്ഞ കണക്കെയുള്ള ഒരു മറുപടി തന്നെയാണ്.ഒരു നല്ല കാര്യത്തിനിറങ്ങുമ്പോഴാണ് ഇതൊക്കെ സംസാരിക്കുന്നത്.


     അതെ ലാലേട്ടാ,മാധ്യമവർഗം ഇങ്ങനെ തന്നെയാണ്.നിങ്ങൾ പറഞ്ഞ പോലെ ആ വാക്ക് വീണ്ടും വായിക്കണേ, നിങ്ങൾ പറഞ്ഞ പോലെ അനവസരത്തിൽ വേണ്ടാത്ത കാര്യങ്ങൾ ചോദിക്കും.ബോധമില്ലാത്ത വർഗം.മതപുരോഹിതനാൽ പീഡിപ്പിക്കപ്പെട്ട ഒരു കന്യാസ്ത്രീ,പുരോഹിതന് കൂട്ടു നിൽക്കുന്ന സ്റ്റേറ്റ്,സിസ്റ്റം,മതനേതൃത്വം.ഇങ്ങനെ ചിലരെ മാത്രം ബാധിക്കുന്ന ഒരു വിഷയത്തിൽ മറുപടി പറയാൻ നിങ്ങളെ പോലൊരു സൂപ്പർ താരം ഒരിക്കലും മാനസികമായി തയ്യാറായിരിക്കേണ്ടതില്ലല്ലോ അല്ലെ ലാലേട്ടാ..


     വല്യ വല്യ കാര്യങ്ങളൊക്കെ പറഞ്ഞ് ഒരു മൂത്ത ജ്യേഷ്ഠനെ കണക്കെ കാണുന്ന നിങ്ങളോട് വിശേഷങ്ങളൊക്കെ ചോദിക്കാൻ മറന്നു പോയി.പഴയ പോലെ തന്നെ സിനിമകളൊക്കെ ഉണ്ടല്ലോ ല്ലേ..ജനങ്ങളതൊക്കെ കൂട്ടം കൂട്ടമായി വന്ന് കണ്ട്‌ വിജയിപ്പിക്കുന്നുണ്ടാവും.സിനിമകളൊന്നും പഴയ പോലെ കാണാൻ നേരമില്ല ലാലേട്ടാ..തിരക്കുകളല്ലേ തിരക്കുകൾ.നിങ്ങൾക്കും തിരക്കുകൾ ഒരുപാട് ഉള്ളത് കൊണ്ടായിരിക്കും ഇപ്പൊ പഴയ പോലെ ബ്ലോഗ് ഒന്നും എഴുതാത്തത് അല്ലെ??എന്തായാലും ഈ ബോധമില്ലാത്ത മാധ്യമവർഗത്തെയും എന്തിനും ഏതിനും പ്രതികരിക്കുന്ന ജനങ്ങളെയും ഒക്കെ സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നതായിരിക്കും നല്ലതെന്നോർമിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിച്ചോട്ടെ..


സ്നേഹപൂർവ്വം
അനിയൻ
റഈസ് ഹിദായ
Share:

എന്ത് കൊണ്ട് സെറീന ആരാധകനാവുന്നു..!!

     ഏതാനും ദിവസം മുമ്പാണ് യു. എസ് ഓപ്പൺ ഫൈനൽ കഴിഞ്ഞത് കടുത്ത സറീന ആരാധകനായ ഞാൻ എന്ത് തന്നെയായാലും കാണണം എന്ന് തീരുമാനിച്ചിരുന്നു.ഗ്രാൻഡ്സ്ലാമിൽ സറീന റെക്കോർഡ്  ഇടുന്നത്‌ ലൈവായിത്തന്നെ കാണണം എന്നാഗ്രഹിച്ചിരുന്നു.പാതിരാത്രിയിൽ നടന്ന ഫൈനൽ ഉറക്കം പിടിച്ചത് കാരണം കഴിയാതെ പോയി.

     

     പിറ്റേന്ന് രാവിലെ മുതൽ ഗ്രൂപ്പുകളും ഇൻബോക്സും നിറയെ ട്രോളുകളായിരുന്നു.സോഷ്യൽ മീഡിയ മാത്രമല്ല മുഖ്യധാരാ മാധ്യമങ്ങളിലും നിറഞ്ഞു നിന്നു സറീന പരിഹാസങ്ങൾ.ചിലപ്പോയൊക്കെ വംശീയമായ അധിക്ഷേപം വരെ എത്തുകയും ചെയ്തു.സറീന തോറ്റതറിഞ്ഞപ്പോ പിന്നീട് ആ മത്സരം എന്ത്കൊണ്ടോ കാണാൻ തോന്നിയില്ല.വിക്ടറി സ്റ്റാൻഡ് അല്ല ഒരു മത്സരത്തിന്റെയും അവസാന വാക്കെന്ന് അറിയാത്തത് കൊണ്ടല്ല.എന്നാലും കണ്ടില്ല.     ഈ അധിക്ഷേപങ്ങളൊക്കെ നടക്കുന്നതിനിടക്ക് സറീന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ആ മാച്ച് ഹൈലൈറ്റ് വീണ്ടും കാണാൻ പ്രേരിപ്പിച്ചത്.കുട്ടികളോടൊപ്പം ശാന്തമായിരിക്കുന്ന അമ്മയായി സറീന!എങ്ങനെയാണ് ഈ അധിക്ഷേപങ്ങൾക്കിടയിലും ഒരാൾക്കിത്ര ശാന്തമായിരിക്കാൻ അറിയുന്നതോർത്ത് അതിശയിച്ചു പോയി.
ആ മാച്ചിനിടയിൽ എന്താണ് സംഭവിച്ചത് എന്നറിയാനുള്ള കൗതുകത്തിന് വേണ്ടിയാണ് പ്രസക്ത ഭാഗങ്ങൾ വീണ്ടും കണ്ടത്.
     സറീനയോടുള്ള ഇഷ്ടം വീണ്ടും വീണ്ടും കൂടാൻ കാരണമായി ആ കാഴ്ച്ച.മത്സരത്തിനിടെ അനധികൃതമായി കോച്ചിങ് സ്വീകരിച്ചു എന്ന പറഞ്ഞു കൊണ്ട് റഫറി ആദ്യം പെനാൽറ്റി വിധിക്കുന്നു.റാക്കറ്റ് എറിഞ്ഞുടച്ചു എന്ന് പറഞ്ഞു കൊണ്ട് റഫറി വീണ്ടും ഇടപെടുന്നു.ഗ്രാൻഡ്സ്ലാം ഫൈനൽ റഫറി എന്നതിനേക്കാൾ കെ.ജി. ക്ലാസ്സുകളിലെ ടീച്ചറെപ്പോലെയായിരുന്നു റഫറിയുടെ ഇടപെടൽ.റാക്കറ്റ് റിയുന്നതടക്കമുള്ള അമർഷ/നിരാശ പ്രകടനങ്ങൾ പലപ്പോഴും മത്സരങ്ങളുടെ ഭാഗം തന്നെയാണ്.അനാവശ്യമായിരുന്നു ആ സമയത്ത് റഫറിയുടെ ഇടപെടൽ എന്നാണ് തോന്നിയത്.ഏറ്റവും സന്തോഷകരമായി തോന്നിയ നിമിഷം മത്സരവസാനമായിരുന്നു. വിജയിയായ എതിർ താരത്തെ നിറഞ്ഞ ഗാലറി ഒന്നാകെ കൂവിക്കൊണ്ടിരിക്കുമ്പോ അവരെ ചേർത്തുപിടിച്ച് അഭിനന്ദിച്ചുകൊണ്ട് സറീന താനൊരു യഥാർത്ഥ കായികതാരമാണെന്ന് തെളിയിക്കുകയായിരുന്നു.
എതിർ താരത്തോടല്ല തെറ്റായ തീരുമാനമെടുത്ത റഫറിയോടയിരുന്നു സെറീനയുടെ അമർഷം മുഴുവൻ.അയാളോടാണവൾ കലഹിച്ചത്,കള്ളനെന്ന് വിളിച്ചത്.     സറീന നിങ്ങൾ എന്റെ ദശകങ്ങളിലെ മികച്ച കായിക താരങ്ങളിൽ ഒരാൾ തന്നെയാണ് വിജയങ്ങളിലും പരാജയങ്ങളിലും കരുത്തുറ്റ അഴകുള്ള വനിത.

Share:

ഷാക്കിര്‍!അതൊരു സൂപ്പര്‍ ഹീറോയുടെ പേരാണ്


     പെയ്തുപൊങ്ങിയ മഴവെള്ളത്തിനൊപ്പം കുത്തിയൊലിക്കുന്ന മനുഷ്യത്വത്തിന്റെ മഹപ്രളയത്തിനും കൂടിയാണ് കഴിഞ്ഞ ദിനങ്ങളിൽ നാം സാക്ഷിയായത്.ജീവനും കയ്യിലെടുത്തോടുന്ന സ്ത്രീകൾക്ക് കരകയറാൻ തന്റെ മുതുക് താഴ്ത്തികൊടുത്ത് താനൂർകാരൻ ജെയ്സൽ,ആലുവയിൽ രക്ഷാപ്രവർത്തനത്തിനിടയിൽ ബോട്ടിലേക്ക് കയറാൻ പാലമായി കിടന്നു കൊടുത്ത കൂട്ടായി സ്വദേശി സിയാദ്.സോഷ്യൽ മീഡിയയിലൂടെയും മറ്റും നാം കണ്ട് കണ്ണ് നിറഞ്ഞ മറ്റനേകം കാഴ്ചകൾ.വീഡിയോയും വാർത്തയും ആവാതെ പോയ നിറവാർന്ന നൂറു നൂറായിരം സ്നേഹനുഭവങ്ങൾ.

     അതിലൊന്നാണ് പരപ്പനങ്ങാടിക്കടുത്ത് ഉള്ളണം കുണ്ടംകടവിൽ നിന്ന് അടിയൊഴുക്കിൽ പെട്ട് പോയ മൂന്ന് പേരിൽ രണ്ട് പേരെ എടതുരുത്തി കടവിൽ വെച്ച് രക്ഷപ്പെടുത്തിയ ശാക്കിറിന്റെ ഇടപെടൽ.രണ്ട് പേർക്ക് മാത്രം സഞ്ചരിക്കാവുന്ന താൻ ചൂണ്ടലിടാൻ പോവുന്ന ചെറിയ തോണിയിൽ നിറയുന്ന മഴവെള്ളം എല്ലാ രാവിലെയും മുക്കി ഒഴിക്കാറാണ് പതിവ്.അതിന് പോയിക്കൊണ്ടിരിക്കുമ്പോഴാണ് സുഹൃത്ത് അജയൻ വിളിച്ചു പറയുന്നത്,

"എടാ കുറച്ചു പേർ ഒഴുക്കിൽ പെട്ടിട്ടുണ്ട്,ഓടി വാ"

     ആവുന്നത്ര വേഗത്തിൽ തോണിയുടെ അടുത്തേക്ക് കുതിച്ചു.മുക്കാൽ ഭാഗത്തിലധികം വെള്ളം നിറഞ്ഞിരിക്കുന്നു തോണിയിൽ.എത്ര മുക്കി ഒഴിച്ചിട്ടും തീരാത്ത പോലെ.പുഴയുടെ ആഴങ്ങളിലേക്ക് ഊർന്നു പോവാൻ സാധ്യതയുള്ള ജീവനുകളെ ഓർത്തപ്പോ മുഴുവനായി വെള്ളം പുറത്ത് കളയാനൊന്നും നേരം കിട്ടിയില്ല.

     തോണിയെടുത്ത് ആഴങ്ങളിലേക്ക് പോവുനമ് ജീവനുകളെ ലക്ഷ്യമാക്കി കുതിക്കുമ്പോഴും ആ ചെറുതോണിയുടെ കാൽഭാഗത്തോളം വെള്ളം ഉണ്ടായിരുന്നു.ആഞ്ഞുതുഴഞ്ഞ് അവരുടെ അടുത്തേക്കെത്തി.മുതിർന്ന ആളുടെ അടുത്തേക്ക് തോണി അടുപ്പിച്ചപ്പോ അയാളതിൽ ബലത്തിൽ പിടിച്ചു.മുറുകെ പിടിക്കാൻ പറഞ്ഞു കൊണ്ട് ഇളയവനിലേക്ക് കുതിക്കാൻ ആഞ്ഞപ്പോഴേക്ക് തോണി ചെരിഞ്ഞു തുടങ്ങി.

     കരയിലേക്ക് തോണി വലിച്ചുകെട്ടുന്ന ആ തുണ്ടം കയറിൽ കൈചുറ്റി വെള്ളത്തിലേക്ക് എടുത്തുചാടുക മാത്രമേ വഴിയുണ്ടായിരുന്നോള്ളൂ..ഒഴുക്കും ചുഴിയുമൊന്നും അന്നേരം ഭയപ്പെടുത്തിയില്ല.എവിടുന്നോ ഒരാത്മധൈര്യം കയറിയ പോലെ.അവനിലേക്ക് കൈനീട്ടിയതും അവനൊന്നാകെ അള്ളി പിടിക്കാൻ തുടങ്ങി.രണ്ട് പേരും മുങ്ങുമെന്ന അവസ്ഥ.തോണിയിൽ നിന്ന് കയറിട്ട് പിടിച്ച കൈവിടാതെ മറുകൈ കൊണ്ട് ചേർത്ത്പിടിച്ച് ഒരുവിധമാണ് അവനെ തോണിയിലേക്ക് എടുത്തിടുന്നത്.ഉലയുന്ന തോണിയുടെ മറുസൈഡിൽ അപ്പോഴും മറ്റെയാൾ അള്ളിപിടിച്ചിരുന്നു.

     ഒഴുക്കിൽ പെട്ട് തളർന്ന് പോയ രണ്ട് പേർ,തോണി തുഴഞ്ഞും നീന്തിയും തളർന്ന ഞാനും,എന്നെ കൊണ്ട് മാത്രം എടുത്തു കയറ്റാവുന്ന ഭാരമായിരുന്നില്ല മുതിർന്നവരുടേത്.പക്ഷെ എങ്ങനെയോ,അയാളെയും തോണിയിലെത്തിച്ചു.പതിയെ ഞാനും പിടിച്ച് കയറി.തിരിച്ച് തുഴയാനുള്ള ബലം കൈകൾക്കുണ്ടായിരുന്നില്ല.എങ്കിലും ആഞ്ഞു തുഴഞ്ഞു,മൂന്ന് ജീവനുകളും കയ്യിലെടുത്ത്.കരയിൽ എത്തിയപ്പോഴാണ് അറിയുന്നത്,ഒരാളെ കൂടെ ഉണ്ടായിരുന്നുവെന്ന്
ആറ് ദിവസമായിട്ടും കണ്ടെത്താൻ കഴിയാത്ത ഒരു കുഞ്ഞുമോനും കൂടെ.

കഥ കേട്ടിരുന്ന് നീണ്ട ശ്വാസത്തിന് ശേഷമാണ് പതിയെ ചോദിച്ചത്,

"ശാക്കിർ ഭായി,ഇപ്പൊ എന്ത് തോന്നുന്നു?"

"എന്ത് തോന്നാൻ..!ഓനിം കൂടി നോക്കായിരുന്നു,അറിഞ്ഞീല"

Share:

Am not just existing,Am celebrating my life

കൊടികുത്തിമലയുടെ ഉച്ചിയിൽ എത്തി നിൽക്കുന്ന ഈ ചിത്രങ്ങൾ ഇവിടെ പങ്ക് വെച്ചുകൊണ്ട് പറയാൻ ആഗ്രഹിക്കുന്നത് യാത്രകളെക്കുറിച്ചോ അതിന്റെ ആത്മീയ അംശത്തെക്കുറിച്ചോ ഒന്നുമല്ല,വേറെ മൂന്ന് കാര്യങ്ങളാണ്.

സൗഹൃദം

മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രകാരം 90 ശതമാനം പൂർണമായും സ്ഥിരമായും നിശ്ചലാവസ്ഥയിലാണെന്റെ ശരീരം.സാധാരണ വീൽചെയറിൽ പോലുമല്ല എന്റെ സഞ്ചാരങ്ങൾ.എന്നിട്ടും ഏതാണ്ട് മൂന്ന് കിലോമീറ്ററുകളോളം ചെങ്കുത്തായ മലമടക്കുകളിലൂടെ അവിടെ എത്തിയത് ഉയിർ കണക്കെ ഉൾച്ചേർന്നവരുടെ തോളിലേറിയാണ്. എന്തിനാണ് സൗഹൃദങ്ങളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും കൂടുതൽ സംസാരിക്കുന്നതെന്ന് പലയിടങ്ങളിൽ നിന്നും നേരിടുന്ന ചോദ്യങ്ങൾ നിന്നാണ്.മനുഷ്യരിൽ വിശ്വസിക്കുകയും മനുഷ്യരിൽ ആഴത്തിൽ വിശ്വസിക്കുകയും ചെയ്യുന്നവരോടൊപ്പമാണ് എന്നും വളർന്നിട്ടുള്ളത്.പിന്നെ ആരെക്കുറിച്ച്,എന്തിനെക്കുറിച്ചാണ് ഞാൻ സംസാരിക്കേണ്ടത്.സഹ ഉദരം ആണത്രേ സഹോദരം ആയത്.ദൈവമേ വാക്കുകളുടെ പരിമിതി ഓർത്ത് ഊറിച്ചിരിക്കാതെ നിവൃത്തിയില്ലല്ലോ.ഉടൽ

വികലാംഗൻ മുതൽ ദിവ്യാംഗ് വരെയുള്ള പദപ്രയോഗങ്ങളിലൂടെയാണ് ശരീരവയവങ്ങൾ നിശ്ചലമായവരെ സമൂഹം പേരിട്ട് വിളിച്ചിട്ടുള്ളത്.കൊടികുതിമലയുടെ മുകളിൽ എത്തുകയെന്നത് അത്ര വല്യ കാര്യമൊന്നുമല്ല.വേണമെന്ന് വെച്ചാൽ ആർക്കും വന്ന് കേറാവുന്ന ഒരിടം മാത്രമാണത്.എന്നിട്ടും ഭൂമിമലയാളത്തിലെ മൂന്ന് കോടിയിലധികം ജനങ്ങളിലും അവരിലെ സഞ്ചാരപ്രിയരിലും ഒരു ചെറുശതമാനം പോലും അവിടെ എത്തിയിട്ടില്ലായെങ്കിൽ ഇനി ഉടലിന്റെ പേരിൽ അഭിസംബോധന ചെയ്യരുത്.അല്ലേലും കറുത്തവനെയും കുറിയവനെയും തടിച്ചവനെയും പുറംതള്ളി ചിലയിടങ്ങളിൽ വീർത്തും മറ്റു ചിലയിടങ്ങൾ ഒട്ടിയും ഒതുങ്ങി നിൽക്കുന്നതാണ് ഭംഗിയുള്ള ശരീരമെന്ന നിങ്ങളുടെ സവർണ്ണ കാഴ്ചപ്പാടുണ്ടല്ലോ അതിനെ ചലനമറ്റ, കുമ്പയുള്ള,തടിച്ച,പേശികളൊഴിഞ്ഞ കൈകാലുകളുള്ള ഞാനൊന്ന് പരിഹസിച്ചോട്ടെ.ഉടലല്ല സുഹൃത്തേ ഉയിരാണ്പ്രധാനം.

ആത്മഹത്യ

വളരെയടുത്തും നേരിടേണ്ടി വന്ന ചോദ്യങ്ങളിൽ ഒന്നാണ് റഈസ് എത്ര തവണ ആത്‍മഹത്യയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്ന്. അവർക്ക് സംശയങ്ങളില്ല ഞാനാലോചിച്ചിട്ടുണ്ടോ ഇല്ലയോ,അതെത്ര തവണ എന്നു മാത്രമേ അറിയേണ്ടതുള്ളു.
പ്രിയപ്പെട്ടവരെ നോക്ക് ജീവിതത്തിന്റെ സ്നേഹനുഭവങ്ങളുടെ പെരുമഴ നനഞ്ഞുകൊണ്ടിരിക്കുകയാണ് ഈയുള്ളവൻ.ആ മഴയത്ത് നിന്നുകൊണ്ട് മരണത്തെകുറിച്ചല്ല,ഒന്നൂടെ പറയട്ടെ മരണത്തെക്കുറിച്ചേയല്ല സുഹൃത്തെ ജീവിതത്തെ കുറിച്ചാണ് സംസാരിക്കാനുള്ളത് , ഉറക്കെ പാടാനുള്ളത്.

I'm not just existing, I'm celebrating my lifeShare:

അവൾ

ഗാന്ധിയുടെ സെക്രട്ടറി ആയിരുന്ന നാരായണൻ ദേശായി പറഞ്ഞ കഥയുണ്ട്.ഗാന്ധിക്കും കസ്തൂർബക്കുമൊപ്പം അഹമ്മദാബാദിൽ നിന്നും വർധയിലേക്ക് പോവുകയായിരുന്നു.കട്നി റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് അത് വരെ കേൾക്കാത്ത തരത്തിലുള്ള ഒരു വിളി,

"മാതാ കസ്തൂർബാ കീ ജയ്"

ഗാന്ധിയും കസ്തൂർബയും വാതിൽക്കലേക്ക് നീങ്ങി നിന്നു.ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ മുമ്പോട്ട് വന്നു.മുഷിഞ്ഞു നാറിയ വസ്ത്രം,പല്ലുകൾ കൊഴിഞ്ഞിരിക്കുന്നു, കയ്യിൽ ഒരു മുസമ്പി നാരങ്ങയും ഉണ്ട്.ഗാന്ധിയുടെ മൂത്ത മകൻ ഹരിലാൽ ഗാന്ധി ആണ് നായകൻ.ലഹരിയിൽ മുങ്ങി അലിഞ്ഞു പോയവൻ.ഹരിലാൽ മുസമ്പി കസ്തൂർബയുടെ നേരെ നീട്ടി.

"എനിക്കൊന്നും കൊണ്ടു വന്നിട്ടില്ലേ?"ഗാന്ധി ചോദിച്ചു.

"താങ്കൾക്കൊന്നുമില്ല,അമ്മയുടെ പുണ്യത്തിന്റെ ശക്തി കൊണ്ടാണ് താങ്കൾ ഇത്രയും വലുതായത്.അത് മറക്കണ്ട".ഹരിലാൽ പറഞ്ഞു.

"അതെനിക്കറിയാം, നീ ഞങ്ങൾക്കൊപ്പം പൊരുന്നില്ലേ?"

"ഇല്ല,ഞാൻ ബായെ കാണാൻ വന്നതാണ്."
വണ്ടി നീങ്ങി തുടങ്ങിയപ്പോൾ ഹരിലാൽ തേങ്ങി കരഞ്ഞു കൊണ്ട് കസ്തൂർബയോട് പറഞ്ഞു,

"ഞാൻ ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടില്ല അമ്മേ.അമ്മ മുസമ്പി തിന്നണം;അമ്മ മാത്രം.."

തെല്ല് മദ്യപിച്ചിട്ടുണ്ടെങ്കിലും ഗാന്ധിയുടെ മകൻ സുബോധത്തോടെ പറയാൻ ശ്രമിച്ച കാര്യമിതാണ്...ഈ സ്ത്രീ കാരണമാണ് നിങ്ങളുണ്ടായത്,അവളുടെ ത്യാഗം...മറന്നു പോവരുത്...

#അവൾ
#Fr.BobbyJose

ഒരക്ഷരവും വാക്കും എടുത്തു മാറ്റിയാണ് ടൈപ്പ് ചെയ്തത്.

Share:

Facebook Profile

Popular Posts

Followers

Recent Posts

Blog Archive