ചിലര്‍

  ചില മനുഷ്യരെ പരിജയപ്പെടാന്‍ നമ്മള്‍ ഒരുപാട് ആഗ്രഹിക്കും.പക്ഷെ എന്തോ അവരോളം നന്മകള്‍ ഇല്ലാത്തതുകൊണ്ടാവാം മറക്കാത്ത അനുഭവങ്ങള്‍ നല്‍കി അവര് കാണാത്ത ദൂരത്തേക്ക് നടന്നു പോവും.

  സാധാരണയായി ആശുപത്രികളില്‍ നില്‍ക്കേണ്ടി വരുമ്പോള്‍ ശരീരത്തിനു കൂടുതല്‍ സ്വകാര്യതകള്‍ ആവശ്യം ഉള്ളതിനാല്‍ ഒറ്റ മുറിയിലേക്ക് മാറാറാണ് പതിവ്.പക്ഷെ ആ തവണ തിരക്ക് കാരണം റൂം കിട്ടിയില്ല,.രാത്രി ഒരു എട്ടു മണിയോട് കൂടി കാഷ്വാലിറ്റിയില്‍ നിന്ന് ജനറല്‍ വാര്‍ഡിലേക്ക്  മാറേണ്ടി വന്നു.സ്ട്രക്ച്ചറില്‍ നിന്ന് എന്നെ ബെഡിലെക്ക് മാറ്റി കിടത്താന്‍ ഓടി വന്നപ്പോഴാണ് ഞാന്‍ അയാളെ ആദ്യമായി കാണുന്നത്.ഭംഗിയുള്ള താടി വെച്ച അയാളുടെ മുഖത്തെ പുഞ്ചിരി വല്ലാത്തൊരു അനുഭവമാണ് നല്‍കിയത്.എന്നെ മാറ്റി കിടത്തി ഒന്ന് തലോടി കൊണ്ട് അദ്ദേഹം കുറച്ച് മാറി ബെഡിലുള്ള അവരുടെ ഉപ്പയുടെ അടുത്തേക്ക് പോയി.അവിടെ നിന്നും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

  വാര്‍ഡ്‌ ആകെ ബഹളമയമാണ്.പലതരം അസുഖങ്ങള്‍ ഉള്ളവര്‍.വേദന കടിച്ചമര്ത്തിയ തേങ്ങലുകള്‍.അസുഖം കുറഞ്ഞതിന്റെ സന്തോഷങ്ങള്‍.
കുറച്ച് കഴിഞ്ഞ് ഓരോരുത്തരായി ഉറങ്ങി തുടങ്ങി.ഓരോ ഭാഗത്തായി ലൈറ്റണഞ്ഞു.സ്ഥിരമായി ഉപയോഗിക്കുന്ന എയര്‍ബെഡ് ഇല്ലാത്തതിനാലാവാം എനിക്കുറക്കം വന്നില്ല.ഓരോരുത്തരെയും നോക്കിയും കണ്ടും ഞാന്‍ അങ്ങനെ ഉറങ്ങാതിരുന്നു.നേരത്തെ പറഞ്ഞ ചെറുപ്പകാരനും അയാളുടെതൊട്ടടുത്ത  ബെഡിലുള്ള രോഗിയുടെ അമ്മയും ഉറങ്ങാതിരിക്കുന്നുണ്ട്.രണ്ടു പേരും അവരവരുടെ പ്രിയപ്പെട്ടവരേ പരിചരിച്ചു കൊണ്ടിരിക്കുന്നു.അയാള്‍ ഇടക്ക് എന്നെ നോക്കുന്നുണ്ട്.ഇടക്കൊരിക്കല്‍ ഉറങ്ങുന്നില്ലേ ആംഗ്യം കാണിച്ച് ചോദിച്ചു.ഉറക്കം വരുന്നില്ലെന്ന് പതിഞ്ഞ ശബ്ദത്തില്‍ ഞാനും പറഞ്ഞു.
 
  ഇടക്ക് അയാളുടെ ഉപ്പ അയാളോടെന്തോ ചെവിയില്‍ പറയുന്നുണ്ട്.അയാള്‍ തിരിച്ചും.ഉറങ്ങനാവത്ത ആ രാത്രി അവരെ നാല് പേരെയും അവരുടെ സ്നേഹവും കണ്ടു കൊണ്ടിരിക്കുന്നതായി എന്റെ ജോലി.രാപ്പകുതിയും കഴിഞ്ഞു ആ മകന്‍ ഉറങ്ങിയപ്പോഴാണ്ആ അമ്മ ബെഡിനോട്‌ ചേര്‍ന്ന് തലയണ വെച്ച് കിടന്നത്.അപ്പോഴും ആ ചെറുപ്പകാരനും പിതാവും ഉറങ്ങാതിരുന്നു.ചുമക്കുമ്പോള്‍ നെഞ്ചു തടവിയും കൈ കോര്‍ത്ത് പിടിച്ച് അടുത്തിരിക്കുന്നതും കണ്ടു കൊണ്ടിരിക്കുന്നത് മനോഹരമായ അനുഭവം തന്നെയായിരുന്നു.
ഇടക്ക് ആ അമ്മയുടെ മകന്‍ ഉറക്കമുണര്‍ന്ന് എഴുന്നേറ്റിരുന്നു.ഏതാണ്ടൊരു 20 വയസ്സ് തോന്നിക്കും.താഴെയുള്ള അമ്മയെ തോണ്ടി വിളിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചെറുപ്പക്കാരന്‍ അടുത്ത് വന്നു കാര്യം അന്വേഷിച്ചു.ശര്‍ദ്ദിക്കാന്‍ ആണെന്ന് ആ മോന്‍ ആംഗ്യം കാണിച്ചു.ബെഡിനടിയിലെ ട്രേ എടുക്കാന്‍ കുനിയുന്നതിനിടയിലാണ് അവന്‍ വൊമിറ്റ് ചെയ്യാന്‍ തുടങ്ങിയത്.പെട്ടെന്ന് ത ചെറുപ്പകാരന്‍ നിവര്‍ന്നു കൈ കുമ്പിള്‍ പോലെ പിടിച്ച് അവന്റെ മുന്നില്‍ വെച്ച് കയ്യിലെക്കെത്തിയ ശര്‍ദ്ദില്‍ കാലു കൊണ്ട് വലിച്ച ട്രെയിലെക്ക് ഒഴിക്കുന്നതിനിടയില്‍ ആണ് അമ്മ എഴുന്നേറ്റ് വരുന്നതും അയാള്‍ വീണ്ടും ശര്‍ദ്ദിക്കാന്‍ തുടങ്ങിയതും.ചെറുപ്പകാരന്‍ വീണ്ടും കയ്യിലേക്ക് വാങ്ങി ട്രേയിലെക്ക് ഒഴിച്ച്.അപ്പോഴേക്കും അമ്മ എഴുന്നേറ്റു വരുകയും പാത്രം മുന്നില്‍ പിടിക്കുകയും ചെയ്തു.അമ്മ തന്നെ പുറം തടവി കൊണ്ടിരുന്നു.ഒരല്‍പം ആശ്വാസം ആയപ്പോള്‍ ആ ചെറുപ്പകാരന്‍ തന്നെ ആ പാത്രവും വാങ്ങി ബാത്രൂമില്‍ പോകുന്നത് കണ്ടു.ഒരു അറപ്പും നീരസവും അയാളുടെ മുഖത്ത് ഉണ്ടായിരുന്നില്ല.
ആശ്ചര്യത്തോടെയാണ് ഞാന്‍ അയാളുടെ ചെയിതികള്‍ ഓരോന്നും കണ്ടിരുന്നത്.ബാത്രൂമില്‍ നിന്ന് തിരിച്ചു വന്നു അയാള്‍ ആ മകനെ കിടത്താന്‍ അമ്മയെ സഹായിച്ച് അവന്റെ നെറ്റിയില്‍ ഉമ്മ വെച്ചാണ് പിതാവിന്റെ അടുത്തേക്ക് നടന്ന്പോയത്.പുലര്‍ന്നാല്‍ അയാളെ പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്യണം എന്ന് ഞാന്‍ തീരുമാനിച്ചുറച്ചു.

  ഇടക്കെപ്പോഴോ ഒന്ന് കണ്ണുമാളി എണീറ്റപ്പോള്‍ ചെരുപ്പകാരനെ കാണാനില്ല.തലയുയാര്ത്തി ചുറ്റും നോക്കിയപ്പോള്‍ അയാള്‍ ആ ബെഡിനോട്‌ ചേര്‍ന്ന് സുജൂദില്‍ ഉണ്ടായിരുന്നു.അയാളോടുള്ള ആദരവ് കൂടാന്‍ കാരണങ്ങള്‍ ഉണ്ടായികൊണ്ടേ ഇരുന്നു.നോക്കി നില്‍ക്കെ സുജൂദില്‍ നിന്ന് ഉയര്‍ന്നു വന്നു അയാള്‍ ഒരു കൈ നെഞ്ചിലും മറുകൈ പിതാവിന്‍റെ കയ്യിലുമായി തക്ബീര്‍ കെട്ടിയത് കണ്ടപ്പോള്‍ ശെരിക്കും കണ്ണ് നിറഞ്ഞു പോയി.ആ കാഴ്ച കണ്ടു കൊണ്ടിരിക്കെ വീണ്ടും ഞാനുറക്കത്തിലെക്ക് തന്നെ വീണുപോയി.പിന്നെ ഉണരുന്നത് ഒരല്‍പം വൈകിയാണ്,സുബഹ് നിസ്കാരം കഴിഞ്ഞ ഉടനെ അവരെ പരിചയപ്പെടണം എന്ന് ആഗ്രഹിച്ച് വേഗത്തില്‍ കാര്യങ്ങള്‍ തീര്‍ത്തു കൊണ്ടിരിക്കുമ്പോള്‍ വാര്‍ഡിലേക്ക് വീണ്ടും സ്ട്രക്ചര്‍ വന്നു.അപ്പൊ തന്നെ ആ ഉപ്പനെയും കയറ്റി അവര്‍ തിരിച്ചു പോകുകയും ചെയിതു.പിന്നാലെ ഓടുന്നതിനിടയില്‍ അയാള്‍ എന്നെ തിരിഞ്ഞു നോക്കിയിട്ട് "ഒരു ടെസ്റ്റ് ഉണ്ട്.അതിനു കൊണ്ടോവാ.ഇപ്പൊ വരാം" എന്ന് പറഞ്ഞു..കാത്തിരുന്നു‍ ഞാന്‍ ഒരുപാട് നേരം.ഉച്ചക്ക് ഞാന്‍ റൂമിലേക്ക് മാറുന്ന വരെ അവര്‍ വന്നില്ല.പിന്നീടൊരിക്കലും അവരെ കാണാനും കഴിഞ്ഞില്ല.

  ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഇത്തരം നല്ല മനുഷ്യര്‍ ഉള്ളത് കൊണ്ടാവാം ലോകം ഇങ്ങനെ നിലനില്‍ക്കുന്നതെന്ന്.
Share:

No comments:

Post a Comment

Facebook Profile

Popular Posts

Followers

Recent Posts