എന്‍റെ

നാലാം ക്ലാസിനു താഴെയുള്ള പ്രായത്തില്‍ ആയിരിക്കുമ്പോഴാണ് ഉച്ചഭക്ഷണം കഴിഞ്ഞ ഇടവേളയില്‍ സ്കൂളിന്റെി മതില്‍ ചാടി തൊട്ടടുത്ത പറമ്പിലെ മാവില്‍ കല്ലെറിയാന്‍ പോയത്.ഒറ്റക്കല്ല,കൂട്ടിന് ഒരുപാട് പേരുണ്ട്.എല്ലാവരും എറിഞ്ഞു മാങ്ങ വീഴ്ത്താന്‍ തുടങ്ങി.ഉരുണ്ട കല്ലൊന്നു തിരഞ്ഞെടുത്ത് മുഴുത്ത മൂന്നു നാല് മാങ്ങകള്‍ തൂങ്ങുന്ന കുല നോക്കി ഉന്നം പിടിച്ച് നീട്ടി വലിച് ഒരൊറ്റ ഏറു കൊടുത്തു ഞാന്‍.
'ചിലും'......
ഇതെന്താടാ ഈ ശബ്ദത്തില്‍ മാങ്ങ വീഴുന്നത്??എല്ലാവരും ചുറ്റും നോക്കി.

തൊട്ടടുത്ത വീട്ടിലെ ഉമ്മറത്ത് നിന്ന് "ആരാടാ?" എന്നാ ചോദ്യം കേട്ടപ്പോഴാണ് വീണത് മാങ്ങയല്ലെന്നും ആ വീട്ടിലെ ജനല്‍ ചില്ലാണെന്നും എല്ലാവര്ക്കും മനസ്സിലായത്.തിരിഞ്ഞവര്‍ തിരിഞ്ഞവര്‍ ഓടാന്‍ തുടങ്ങി.വൈകി തിരിഞ്ഞ ഞാനും ഓടി.പക്ഷെ ഓടിയ വഴി തെറ്റി.ചെന്ന് കയറിയത് ആ വീടിന്റെക തന്നെ മുറ്റത്ത്.കയ്യോടെ പിടിക്കപ്പെട്ടു.
വീട്ടുടമസ്ഥന്‍ സ്കൂളില്‍ എത്തിച്ചു.കുട്ടികള്‍ കൂടി.ടീച്ചേഴ്സ് വന്നു.അവസാനം ഹെഡ്മാഷും.....വീട്ടുകാരന്‍ കഷണ്ടി കലി തുള്ളി നില്ക്കു ന്നു.കുട്ടികല്കൂടി കൊണ്ടിരിക്കുന്നു.കള്ളനെ പിടിച്ച ആഘോഷം ചുറ്റിലും.ഭയം തീണ്ടി വിളറി വെളുത്ത് ഞാനും.

H.M. ആണ് പറഞ്ഞത് രക്ഷിതാവിനെ വിളിച്ചോണ്ട് വരാന്‍.വീട്ടുകാരന്‍ എതിര്ത്ത് .അവനെ വിടാന്‍ പറ്റില്ല.ചിലപ്പോ തിരിച്ചു വരാതിരിക്കും.പിന്നെ എന്ത് ചെയ്യും എന്നായി മാഷുമാര്‍....

കല്ലെറിയാന്‍ കൂടെ പോന്നവന്‍ തന്നെ ഒറ്റി."അവന്റെച വീട് എനിക്കറിയാം.ഞാന്‍ പോയിക്കൊള്ളാം."എന്നും പറഞ്ഞ് അവന്‍ വീട്ടിലേക്കോടി.

ഓരോ നിമിഷം കഴിയുന്നിടത്തോളം ചുറ്റിലും കുട്ടികള്‍ കൂടി കൊണ്ടിരുന്നു.അടക്കി പിടിച്ച ചിരി,സംസാരം.വീട്ടില്‍ ആള്‍ വന്നാല്‍ കിട്ടുന്ന അടിയെ കുറിച്ച് ചിലര്‍,ഇവിടുന്ന്‍ അടിക്കാന്‍ സാധ്യതയില്ല.വീട്ടില്‍ ചെന്നേ അടി കിട്ടൂ എന്ന്‍ മറ്റു ചിലര്‍.ഓരോ നിമിഷവും ശരീരത്തില്‍ തണുപ്പ് കേറി കൊണ്ടിരുന്നു.

അങ്ങനെ ഇരിക്കുമ്പോ ലഞ്ച് ബ്രേക്ക് കഴിഞ്ഞ ബെല്ലടിച്ചു.കൂടി നിന്ന കുട്ടികള്‍ ഓരോരുത്തര്‍ പിരിഞ്ഞു പോയി.ടീച്ചര്മാടര്‍ ക്ലാസിലേക്ക് പോവാനോരുങ്ങി.അപ്പോഴാണ്‌ ഗേറ്റ് കടന്ന്‍ വല്യുപ്പ വരുന്നത് കണ്ടത്.ധൃതിയില്‍ ആണ് നടത്തം.നടത്തം കണ്ടാല്‍ അറിയാം,ഇവിടെ സംഭവിച്ചതിലേറെ വിളിക്കാന്‍ പോയവന്‍ വീട്ടില്‍ പറഞ്ഞിട്ടുണ്ട്.അപ്പോഴും കുറച്ച് പേര്‍ ചുറ്റും കൂടി നില്പ്പു ണ്ട്.വീട്ടുകാരന്‍ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരിക്കുന്നുണ്ട്.

വല്യുപ്പ വരാന്തയില്‍ കയറിയപ്പോഴാണ് എന്നെ കാണുന്നത്.ചെറിയൊരു കൂട്ടത്തിന്റെല നടുവില്‍ ഞാന്‍.അപ്പോഴും ക്ലാസില്‍ പോവാത്ത കുറച്ച് പിള്ളേരും.ചില മാഷ്മാരും കലി തുള്ളിയ കഷണ്ടിക്കാരന്‍ വീട്ടുകാരനും H.M.ഉം.സന്ദര്ഭംം നല്ലതല്ലെന്ന് ഉപ്പാക്ക് ദൂരെ നിന്ന് തന്നെ തോന്നി കാണും.നടത്തം വേഗത്തിലായി.പിന്നെ അതൊരു ഓട്ടമായി മാറി.ഓടി അടുത്തെത്തിയപ്പോള്‍ അക്ഷരാര്ത്ഥ്ത്തില്‍ അവരില്‍ നിന്നെന്നെ തട്ടിയെടുത്ത് ചേര്ത്ത് നിര്ത്തി കൊണ്ട് ചോദിച്ചു:"എന്റെ കുഞ്ഞാ..എന്താ പ്രശ്നം?"
അത് വരെ ഉണ്ടായിരുന്ന ആധിയെല്ലാം ആവിയായി.ലോകത്തിലെ ഏറ്റവുംകരുത്തനും സുരക്ഷിതനും ആയ മനുഷ്യന്‍ ആക്കി മാറ്റാന്‍ ആഴമുള്ളതായിരുന്നു ആ പ്രയോഗം,"എന്റെ കുഞ്ഞാ"

മനുഷ്യനെന്ന നിലയിൽ ഇന്നും ഏറ്റവും സന്തോഷം നൽകുന്ന വേഗം നൽകുന്ന കാര്യങ്ങളിൽ മറ്റു ഘടകങ്ങൾക്കൊപ്പം പ്രധാനപ്പെട്ടതാണ് ആർക്കൊക്കെയോ നമ്മൾ ഇപ്പോഴും പ്രിയപ്പെട്ടവരാണ് എന്നത്,നമുക്ക് പ്രിയപ്പെട്ടവരായി ആരൊക്കെയോ ഉണ്ട് എന്നുള്ളത്.....ഇപ്പോഴും കേൾക്കാറുണ്ട്,ഉമ്മയും ഉപ്പയും ഒക്കെ പറയുന്നത്:എന്റെ മോനാണെന്ന്.അനിയതിമാരും അനിയന്മാരും എന്റെ ഇക്കാക്കയാണെന്ന്.സുഹൃത്തുക്കളിൽ പലരും എന്റെ റഈസ് ആണെന്ന്.
Share:

കണ്ണില്‍ വിളക്ക് കൊളുത്തിയവര്‍

     കുറച്ചു ദിവസം മുമ്പ് Riyon മാഷ്‌ വിളിച്ചിട്ട് B.R.C. പരപ്പനങ്ങാടിയും A.M.L.P. SCHOOL അരിയല്ലൂരും ചേര്‍ന്ന് നടത്തുന്ന 'ഒപ്പം' എന്ന ഒരു പരിപാടി ഉണ്ടെന്നും പങ്കെടുക്കണമെന്നും ഭിന്നശേഷിയുള്ള കുറച്ച് കുട്ടികളും അവരുടെ രക്ഷിതാക്കളും ഉണ്ടെന്നും അവരോട് സംസാരിക്കണം എന്നും പറഞ്ഞു


     "മാഷേ,അങ്ങനെ സംസാരിക്കാന്‍ അറീല്ലാല്ലോ" എന്ന് പറഞ്ഞപ്പോ മാഷ്‌ പറഞ്ഞത് നീ നിന്‍റെ അനുഭവങ്ങളും ജീവിതവും പങ്കു വെച്ചാ മതി.അത് അവര്‍ക്ക് സന്തോഷവും ആത്മവിശ്വസവുമാവും.അങ്ങനെ വരാം എന്നേറ്റു.


     ഇന്നലെയായിരുന്നു പ്രോഗ്രാം.സ്കൂളിന്റെ പരിസരത്തേക്ക് എത്തിയപ്പോ തന്നെ അതിമനോഹരമായ കവിത കേള്‍ക്കുന്നുണ്ട്.ചെന്നിറങ്ങിയപ്പോള്‍ ആണ് വിഷ്ണുപ്രിയ എന്ന ഒരു കുഞ്ഞുമോള്‍ വീല്ചെയറില്‍ ഇരുന്ന് പാടുന്നത് കണ്ടത്.തൊട്ടടുത്ത് മറ്റൊരു മോളും.ദേവിക.രണ്ട് കൈകളും ഇല്ല.അവള്‍ കാലുകൊണ്ട് കാന്‍വാസില്‍ വര്‍ണലോകം തീര്‍ത്തു കൊണ്ടിരിക്കുന്നു.


     രണ്ടും കണ്ടപ്പോള്‍ തന്നെ മനസ്സ് തീര്‍ത്തു പറഞ്ഞു."ജാങ്കോ,നീ പെട്ട്.വന്ന സ്ഥലം മാറിയെടാ..."ആത്മവിശ്വാസം കൊടുക്കാന്‍ വന്ന എന്‍റെ ആത്മവിശ്വാസം പോയികിട്ടി.


     ഇങ്ങനെ ഓര്‍ത്ത് നില്ക്കുമ്പോള്‍ ആണ് ഒരു കുഞ്ഞുമോന്‍ വന്ന് പരിചയപ്പെടുന്നത്.അഭിനവ്.അതാണ്‌ പേര്.ദൂരെ നിന്ന് നോക്കുമ്പോള്‍ അവന് എന്റെ് ഡ്രസ്സിന്റെ കളര്‍ മാത്രം കാണുന്നൊള്ളൂത്രെ.തൊട്ടടുത്ത് വന്ന് അവന്‍ എന്നെ തൊട്ടു നോക്കി,ഉമ്മ വെച്ചു.അവനെ പരിചയപ്പെടുത്തി.എന്നെ കുറിച്ച് ചോദിച്ചറിഞ്ഞു.


     അത്രയും ആയപ്പോള്‍ തന്നെ എന്റെ കഥ തീര്‍ന്നു. ബാത്ത്റൂമില്‍ ഇരുന്ന് പാടിയാല്‍ പോലും പുറത്ത് നിന്ന് ആളുകള്‍ എന്നോട് വിളിച്ചു പറയാറുണ്ടായിരുന്നു മിണ്ടാണ്ട് നിക്കെടാ എന്ന്.Scale വെച്ച് പോലും വളയാതെ ഒരു വര വരക്കാന്‍ കഴിയാത്തവനാ ഞാന്‍.വീട്ടില്‍ ഒരു അപരിചിതന്‍ വന്നൂ എന്നറിഞ്ഞാല്‍ അഭിനവിന്റെ പ്രായത്തില്‍ തൊട്ടടുത്ത ബന്ധു വീട്ടിലേക്ക് മുങ്ങാംകുഴി ഇടുന്നവനായിരുന്നു ഞാന്‍.ഈ മക്കള്ക്ക് ഞാന്‍ എന്ത് ആത്മവിശ്വാസം കൊടുക്കും??അവരോട് ഞാന്‍ എന്ത് പറയും??ആകെപാടെ അങ്കലാപ്പായി.


     അങ്ങനെ ഇരിക്കുമ്പോഴാണ് stageലേക്ക് ആനയിക്കപ്പെട്ടത്.സദസ്സിനെ നോക്കിയപ്പോ ഉള്ളിലുള്ള പാതി ജീവനും കെട്ടു പോയി.കണ്ണില്‍ വിളക്ക് കൊളുത്തി വെച്ച് ലോകത്തെ തന്നിലേക്ക് വിളിക്കുന്ന ഒരുപാട് കുഞ്ഞു മക്കള്‍.അവരെ ചേര്ത്ത് പിടിക്കുന്ന അമ്മമാര്‍,അച്ചന്മാര്‍.


     കൂടുതല്‍ ഒന്നും പറയാനുണ്ടായില്ല.കെട്ടു പോയ എന്റെ കണ്ണിലേക്ക് ഒരല്പം വെളിച്ചം ഏറ്റു വാങ്ങി അവിടെ നിന്ന് തിരിച്ചു പോന്നു....പോരുമ്പോ തീര്ത്തും സന്തോഷവാനായിരുന്നു.വന്മരരങ്ങള്‍ ഉള്ളിലൊളിപ്പിച്ച നനഞ്ഞ പ്രതലത്തില്‍ വീണാല്‍ പൊട്ടി മുളക്കാന്‍ കാത്തു നില്ക്കുളന്ന കുഞ്ഞു വിത്തുകളെ അടുത്ത് കാണാന്‍ കഴിഞ്ഞ സന്തോഷം.
Share:

അപരന്‍

ഒരാളെ പോലെ ഏഴു പേരുംഒമ്പത്പേരും ഒക്കെ ഉണ്ടാവും എന്ന്‍ കുഞ്ഞുനാളില്‍ കഥകളില്‍ കേട്ടിട്ടുണ്ട്.പില്‍കാലത്ത് സിനിമകളിലും കണ്ടിട്ടുണ്ട് ഒരേ പോലെയുള്ള കഥാപാത്രങ്ങള്‍.കഥകള്‍ക്കും സിനിമകള്‍ക്കും അപ്പുറത്ത് രൂപസാദൃശ്യമുള്ളവരെ ഇരട്ടകളായി പിറന്നവരെ അല്ലാതെ അധികമൊന്നും കണ്ടിട്ടില്ലായിരുന്നു. Rajesh Babu ഈ ചിത്രങ്ങള്‍ അയക്കുന്നത് വരെ അങ്ങനെ ഉണ്ടാവുമെന്ന് വിശ്വസിച്ചിരുന്നില്ല.പക്ഷെ സത്യായിട്ടും എനിക്ക് പോലും തോന്നി പോയി ഒറ്റനോട്ടത്തില്‍ ഇയാള്‍ ഞാനാണെന്ന്.
അജ്ഞാതനായ സുഹൃത്തേ,ലോകത്തിന്‍റെ ഏതു ഭാഗത്ത് ആണെങ്കിലും നീയും കുടുംബവും സന്തോഷത്തില്‍ ആയിരിക്കട്ടെ,നന്മയില്‍ ആയിരിക്കട്ടെ....
സ്നേഹം
പ്രാര്‍ത്ഥന 
Share:

ചിലര്‍

  ചില മനുഷ്യരെ പരിജയപ്പെടാന്‍ നമ്മള്‍ ഒരുപാട് ആഗ്രഹിക്കും.പക്ഷെ എന്തോ അവരോളം നന്മകള്‍ ഇല്ലാത്തതുകൊണ്ടാവാം മറക്കാത്ത അനുഭവങ്ങള്‍ നല്‍കി അവര് കാണാത്ത ദൂരത്തേക്ക് നടന്നു പോവും.

  സാധാരണയായി ആശുപത്രികളില്‍ നില്‍ക്കേണ്ടി വരുമ്പോള്‍ ശരീരത്തിനു കൂടുതല്‍ സ്വകാര്യതകള്‍ ആവശ്യം ഉള്ളതിനാല്‍ ഒറ്റ മുറിയിലേക്ക് മാറാറാണ് പതിവ്.പക്ഷെ ആ തവണ തിരക്ക് കാരണം റൂം കിട്ടിയില്ല,.രാത്രി ഒരു എട്ടു മണിയോട് കൂടി കാഷ്വാലിറ്റിയില്‍ നിന്ന് ജനറല്‍ വാര്‍ഡിലേക്ക്  മാറേണ്ടി വന്നു.സ്ട്രക്ച്ചറില്‍ നിന്ന് എന്നെ ബെഡിലെക്ക് മാറ്റി കിടത്താന്‍ ഓടി വന്നപ്പോഴാണ് ഞാന്‍ അയാളെ ആദ്യമായി കാണുന്നത്.ഭംഗിയുള്ള താടി വെച്ച അയാളുടെ മുഖത്തെ പുഞ്ചിരി വല്ലാത്തൊരു അനുഭവമാണ് നല്‍കിയത്.എന്നെ മാറ്റി കിടത്തി ഒന്ന് തലോടി കൊണ്ട് അദ്ദേഹം കുറച്ച് മാറി ബെഡിലുള്ള അവരുടെ ഉപ്പയുടെ അടുത്തേക്ക് പോയി.അവിടെ നിന്നും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

  വാര്‍ഡ്‌ ആകെ ബഹളമയമാണ്.പലതരം അസുഖങ്ങള്‍ ഉള്ളവര്‍.വേദന കടിച്ചമര്ത്തിയ തേങ്ങലുകള്‍.അസുഖം കുറഞ്ഞതിന്റെ സന്തോഷങ്ങള്‍.
കുറച്ച് കഴിഞ്ഞ് ഓരോരുത്തരായി ഉറങ്ങി തുടങ്ങി.ഓരോ ഭാഗത്തായി ലൈറ്റണഞ്ഞു.സ്ഥിരമായി ഉപയോഗിക്കുന്ന എയര്‍ബെഡ് ഇല്ലാത്തതിനാലാവാം എനിക്കുറക്കം വന്നില്ല.ഓരോരുത്തരെയും നോക്കിയും കണ്ടും ഞാന്‍ അങ്ങനെ ഉറങ്ങാതിരുന്നു.നേരത്തെ പറഞ്ഞ ചെറുപ്പകാരനും അയാളുടെതൊട്ടടുത്ത  ബെഡിലുള്ള രോഗിയുടെ അമ്മയും ഉറങ്ങാതിരിക്കുന്നുണ്ട്.രണ്ടു പേരും അവരവരുടെ പ്രിയപ്പെട്ടവരേ പരിചരിച്ചു കൊണ്ടിരിക്കുന്നു.അയാള്‍ ഇടക്ക് എന്നെ നോക്കുന്നുണ്ട്.ഇടക്കൊരിക്കല്‍ ഉറങ്ങുന്നില്ലേ ആംഗ്യം കാണിച്ച് ചോദിച്ചു.ഉറക്കം വരുന്നില്ലെന്ന് പതിഞ്ഞ ശബ്ദത്തില്‍ ഞാനും പറഞ്ഞു.
 
  ഇടക്ക് അയാളുടെ ഉപ്പ അയാളോടെന്തോ ചെവിയില്‍ പറയുന്നുണ്ട്.അയാള്‍ തിരിച്ചും.ഉറങ്ങനാവത്ത ആ രാത്രി അവരെ നാല് പേരെയും അവരുടെ സ്നേഹവും കണ്ടു കൊണ്ടിരിക്കുന്നതായി എന്റെ ജോലി.രാപ്പകുതിയും കഴിഞ്ഞു ആ മകന്‍ ഉറങ്ങിയപ്പോഴാണ്ആ അമ്മ ബെഡിനോട്‌ ചേര്‍ന്ന് തലയണ വെച്ച് കിടന്നത്.അപ്പോഴും ആ ചെറുപ്പകാരനും പിതാവും ഉറങ്ങാതിരുന്നു.ചുമക്കുമ്പോള്‍ നെഞ്ചു തടവിയും കൈ കോര്‍ത്ത് പിടിച്ച് അടുത്തിരിക്കുന്നതും കണ്ടു കൊണ്ടിരിക്കുന്നത് മനോഹരമായ അനുഭവം തന്നെയായിരുന്നു.
ഇടക്ക് ആ അമ്മയുടെ മകന്‍ ഉറക്കമുണര്‍ന്ന് എഴുന്നേറ്റിരുന്നു.ഏതാണ്ടൊരു 20 വയസ്സ് തോന്നിക്കും.താഴെയുള്ള അമ്മയെ തോണ്ടി വിളിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചെറുപ്പക്കാരന്‍ അടുത്ത് വന്നു കാര്യം അന്വേഷിച്ചു.ശര്‍ദ്ദിക്കാന്‍ ആണെന്ന് ആ മോന്‍ ആംഗ്യം കാണിച്ചു.ബെഡിനടിയിലെ ട്രേ എടുക്കാന്‍ കുനിയുന്നതിനിടയിലാണ് അവന്‍ വൊമിറ്റ് ചെയ്യാന്‍ തുടങ്ങിയത്.പെട്ടെന്ന് ത ചെറുപ്പകാരന്‍ നിവര്‍ന്നു കൈ കുമ്പിള്‍ പോലെ പിടിച്ച് അവന്റെ മുന്നില്‍ വെച്ച് കയ്യിലെക്കെത്തിയ ശര്‍ദ്ദില്‍ കാലു കൊണ്ട് വലിച്ച ട്രെയിലെക്ക് ഒഴിക്കുന്നതിനിടയില്‍ ആണ് അമ്മ എഴുന്നേറ്റ് വരുന്നതും അയാള്‍ വീണ്ടും ശര്‍ദ്ദിക്കാന്‍ തുടങ്ങിയതും.ചെറുപ്പകാരന്‍ വീണ്ടും കയ്യിലേക്ക് വാങ്ങി ട്രേയിലെക്ക് ഒഴിച്ച്.അപ്പോഴേക്കും അമ്മ എഴുന്നേറ്റു വരുകയും പാത്രം മുന്നില്‍ പിടിക്കുകയും ചെയ്തു.അമ്മ തന്നെ പുറം തടവി കൊണ്ടിരുന്നു.ഒരല്‍പം ആശ്വാസം ആയപ്പോള്‍ ആ ചെറുപ്പകാരന്‍ തന്നെ ആ പാത്രവും വാങ്ങി ബാത്രൂമില്‍ പോകുന്നത് കണ്ടു.ഒരു അറപ്പും നീരസവും അയാളുടെ മുഖത്ത് ഉണ്ടായിരുന്നില്ല.
ആശ്ചര്യത്തോടെയാണ് ഞാന്‍ അയാളുടെ ചെയിതികള്‍ ഓരോന്നും കണ്ടിരുന്നത്.ബാത്രൂമില്‍ നിന്ന് തിരിച്ചു വന്നു അയാള്‍ ആ മകനെ കിടത്താന്‍ അമ്മയെ സഹായിച്ച് അവന്റെ നെറ്റിയില്‍ ഉമ്മ വെച്ചാണ് പിതാവിന്റെ അടുത്തേക്ക് നടന്ന്പോയത്.പുലര്‍ന്നാല്‍ അയാളെ പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്യണം എന്ന് ഞാന്‍ തീരുമാനിച്ചുറച്ചു.

  ഇടക്കെപ്പോഴോ ഒന്ന് കണ്ണുമാളി എണീറ്റപ്പോള്‍ ചെരുപ്പകാരനെ കാണാനില്ല.തലയുയാര്ത്തി ചുറ്റും നോക്കിയപ്പോള്‍ അയാള്‍ ആ ബെഡിനോട്‌ ചേര്‍ന്ന് സുജൂദില്‍ ഉണ്ടായിരുന്നു.അയാളോടുള്ള ആദരവ് കൂടാന്‍ കാരണങ്ങള്‍ ഉണ്ടായികൊണ്ടേ ഇരുന്നു.നോക്കി നില്‍ക്കെ സുജൂദില്‍ നിന്ന് ഉയര്‍ന്നു വന്നു അയാള്‍ ഒരു കൈ നെഞ്ചിലും മറുകൈ പിതാവിന്‍റെ കയ്യിലുമായി തക്ബീര്‍ കെട്ടിയത് കണ്ടപ്പോള്‍ ശെരിക്കും കണ്ണ് നിറഞ്ഞു പോയി.ആ കാഴ്ച കണ്ടു കൊണ്ടിരിക്കെ വീണ്ടും ഞാനുറക്കത്തിലെക്ക് തന്നെ വീണുപോയി.പിന്നെ ഉണരുന്നത് ഒരല്‍പം വൈകിയാണ്,സുബഹ് നിസ്കാരം കഴിഞ്ഞ ഉടനെ അവരെ പരിചയപ്പെടണം എന്ന് ആഗ്രഹിച്ച് വേഗത്തില്‍ കാര്യങ്ങള്‍ തീര്‍ത്തു കൊണ്ടിരിക്കുമ്പോള്‍ വാര്‍ഡിലേക്ക് വീണ്ടും സ്ട്രക്ചര്‍ വന്നു.അപ്പൊ തന്നെ ആ ഉപ്പനെയും കയറ്റി അവര്‍ തിരിച്ചു പോകുകയും ചെയിതു.പിന്നാലെ ഓടുന്നതിനിടയില്‍ അയാള്‍ എന്നെ തിരിഞ്ഞു നോക്കിയിട്ട് "ഒരു ടെസ്റ്റ് ഉണ്ട്.അതിനു കൊണ്ടോവാ.ഇപ്പൊ വരാം" എന്ന് പറഞ്ഞു..കാത്തിരുന്നു‍ ഞാന്‍ ഒരുപാട് നേരം.ഉച്ചക്ക് ഞാന്‍ റൂമിലേക്ക് മാറുന്ന വരെ അവര്‍ വന്നില്ല.പിന്നീടൊരിക്കലും അവരെ കാണാനും കഴിഞ്ഞില്ല.

  ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഇത്തരം നല്ല മനുഷ്യര്‍ ഉള്ളത് കൊണ്ടാവാം ലോകം ഇങ്ങനെ നിലനില്‍ക്കുന്നതെന്ന്.
Share:

വന്നു പോകുന്നവര്‍

 ചില മനുഷ്യര്‍ ജീവിതത്തിലേക്ക് കയറി വരുക കാരണങ്ങള്‍ ഒന്നും ഇല്ലാതെയാണ്.ഒരുപാടിഷ്ട്ടം കൊടുത്തും വാങ്ങിയും അവരങ്ങിറങ്ങി പോവേം ചെയ്യും.ഒന്നും മിണ്ടാതെ.ഒന്ന് കരയാന്‍ പോലും അനുവദിക്കാതെ.....
 അഹമ്മദ്ക്ക ജീവിതത്തില്‍ വന്നു കയറിയത് അങ്ങനെ തന്നെയാണ്.കോഴിക്കോടിന്‍റെ മലയോരഗ്രാമങ്ങളിലോന്നിലാണ് അഹമ്മദ്ക്കയുടെ വീട്.രണ്ടു വര്ഷം മുമ്പ് ഇദ്ദേഹത്തിന്‍റെ പേരമക്കളിലാരോ കോഴിക്കോട് മെഡിക്കല്‍‍ കോളേജില്‍ admit ആയ സമയത്താണ് അദ്ദേഹത്തിന്‍റെ നമ്പറില്‍ നിന്ന് എനിക്കാദ്യമായി വിളി വരുന്നത്.അദ്ദേഹം ആയിരുന്നില്ല ഫോണില്‍.വേറെ ആരോ ആയിരുന്നു.ഒരു യൂനിറ്റ് A+ve BLOOD വേണം.അതാണാവശ്യം.വിളിച്ചയാളുടെ പേരെഴുതി സേവ് ചെയ്‌താല്‍ മറന്നു പോകുമെന്ന് കരുതി BLOOD എന്നെഴുതിയാണ്  ആ നമ്പര്‍ ഞാന്‍ സേവ് ചെയ്തിരുന്നത്.കോഴിക്കോടുള്ള  സുഹൃത്തുക്കളില്‍ ആരോ ഒരാള്‍ പോയി രക്തം നല്‍കുകയും ചെയ്തിരുന്നു.
 രണ്ടു മൂന്നു മാസങ്ങള്‍ കഴിഞ്ഞാണ് ഒരു വൈകുന്നേരം  നമ്പറില്‍ നിന്നൊരു മിസ്‌ കാള്.കുറച്ചു കഴിഞ്ഞുതിരിച്ചു വിളിചപ്പോള്‍ ആവിടുന്നു ആരാ....എന്താ എന്നൊക്കെ ആ പ്രായം ചെന്ന ശബ്ദം ചോദിച്ചു.ഞാന്‍ പറഞ്ഞു മിസ്‌ കാള്‍ കണ്ടു തിരിച്ചു വിളിച്ചതാണെന്നു.മുമ്പെപ്പൊഴോ ഈ നമ്പറില്‍ നിന്ന് രക്തം ആവശ്യപ്പെട്ടു വിളിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.ഈ നമ്പര്‍ ഞാന്‍ BLOOD എന്നെഴുതി സേവ് ചെയ്തിട്ടുണ്ട്.മറുതലക്കലെ ശബ്ദം പതുക്കെയായി.ന്റെ പേര് അഹമ്മദാണ്.അറിയാതെ വന്നു പോയതാണ്‌ കാള്‍.ഞാന്‍ പറഞ്ഞു വെക്കാനുള്ള ധ്രിതിയില്‍ അത് സാരമില്ല ഇങ്ങള്‍ പ്രാര്‍ത്ഥിക്കി എന്നും പറഞ്ഞു ഫോണ്‍ കട്ട് ചെയ്യാന്‍ ഒരുങ്ങിയപ്പോ അവിടെ നിന്ന് വീണ്ടും ചോദ്യം വന്നു.മോനെന്താ ചെയ്യുന്നേ?വീടെവിടാ?സംസാരിക്കാനുള്ള ഒരു കൊതിയെ ആ വൃദ്ധ ശബ്ദത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു.ചെറിയ രീതിയില്‍ ഞാന്‍ ആരെന്നും എന്തെന്നും പറഞ്ഞു.പിന്നെ കുശലം ചോദിച്ചു.ആ സംസാരം 20 മിനുട്ടിലധികം നീണ്ടു.അതിനിടയിലെപ്പോഴോ എനിക്കാ സംസാരം ഇഷ്ട്ടമായി തുടങ്ങി.
പിന്നെ ഒന്നോ രണ്ടോ ആഴ്ചകള്‍ കൂടുമ്പോള്‍ ഞങ്ങള്‍ പരസ്പരം സംസാരിച്ചു.വിശേഷങ്ങള്‍ പറഞ്ഞു.....മാവ് പൂത്തതും ചക്ക കായ്ച്ചതും കോഴി മുട്ടയിട്ടതും അങ്ങനെ അങ്ങനെ അങ്ങനെ.......
 കഴിഞ്ഞ ക്രിസ്തുമസ് വെക്കേഷനില്‍ ഒരു ദിവസം അഹമ്മദ്ക്ക വിളിച്ച് വീട്ടിലേക്കുള്ള വഴി അന്വേഷിച്ചു.ആദ്യം തമാശ ആണെന്നാ കരുതിയത്....പക്ഷെ അഹമ്മദ്ക്ക വന്നു.ഒമ്പതില്‍ പഠിക്കുന്ന പെരമാകനെയും കൂട്ടി.....അന്നും ഒരുപാട് സംസാരിച്ചു.എന്റെ നെറ്റിയില്‍ കൈവെച് പ്രാര്‍ത്ഥിചു.പോവാന്‍ നേരം എന്റെ നെഞ്ചില്‍ ചേര്‍ന്ന് കിടന്നു.ഇന്നും ആ ഹൃദയത്തിന്‍റെ മിടിപ്പ് എന്റെ നെഞ്ചില്‍ അനുഭവപ്പെടുന്നു.കവിളില്‍ വീണ കണ്ണീരിന്‍റെ ചൂട് മായാതെ അവിടെ തന്നെ കിടക്കുന്നു.അതിനു ശേഷം ഞങ്ങളുടെ സംസാരങ്ങളുടെ ഇടവേള കുറഞ്ഞു വന്നു.
 പതിവ് പോലെ കഴിഞ്ഞ ആഴ്ച അഹമ്മദ്ക്കയെ വീണ്ടും വിളിച്ചു....ഒരു കുന്ന് വിശേഷങ്ങള്‍ കേള്‍ക്കാനായിരുന്നു ആ വിളി.പക്ഷെ ഫോണെടുത്തത് ഒരു യുവശബ്ദം.ഞാന്‍ പറഞ്ഞു അഹമ്മദ്ക്കയുടെ സുഹൃത്ത് ആണ്.അവരെവിടെ?ചോദിച്ചു തീരും മുമ്പ് ഫോണെടുത്ത ശബ്ദം പതറി തുടങ്ങി.ഉപ്പ കഴിഞ്ഞ ഞായറാഴ്ച.....
 ബാക്കി കേള്‍ക്കണം എന്ന് തോന്നിയില്ല..അവിടുന്ന് ചോദിക്കുന്നുണ്ടായിരുന്നു ആരാ എന്താ എന്നൊക്കെ?മറുപടി പറയണം എന്ന് തോന്നിയില്ല.ഫോണ്‍ കട്ട് ചെയ്തു.ഒരു നെടുവീര്‍പ്പിനപ്പുറം ഞാനെന്‍റെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു.
Share:

Facebook Profile

Popular Posts

Followers

Recent Posts