ഒരു പെന്‍സില്‍ ഡ്രോയിംഗ് മത്സരം

ശാന്തിവയലിന്‍റെ ശാന്തതയില്‍ അവസാനത്തെ കലാ മേള ആയിരുന്നു അത്.പത്താം ക്ലാസ്സിന്‍റെ ഏട്ടന്‍ ഭാവത്തിലുള്ള മേള ....നടുമുറ്റത്ത് മെയിന്‍ സ്റ്റേജും ക്ലാസ്സായ ക്ലാസ് റൂമുകളൊക്കെ സബ് സ്റ്റെജുകളുമായി മാറി...ഒച്ചയും ബഹളവും ഒക്കെ ആയി കല അങ്ങനെ മുറുകുന്നു...
    നമ്മടെ ഐറ്റങ്ങള്‍ ഒക്കെ ഒരു വിധം തീര്‍ന്നപ്പോള്‍ ഓടി ഓവുപാലത്തിലെത്തി..അവിടെയാണ് ഞങ്ങള്‍ ആണ്പിള്ളേരുടെ കേന്ദ്രം...അവിടെയാണ് ഞങ്ങളുടെ ആഗോള കലയെ കുറിച്ച് വായിനോട്ടത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതും പ്രാക്റ്റീസ് ചെയ്യുന്നതും.അന്താരാഷ്‌ട്ര തലത്തില്‍ വായിനോട്ടത്തിലുണ്ടായ ഏറ്റവും പുതിയ മാറ്റങ്ങള്‍ ഞങ്ങള്‍ അതാത് സമയത്ത് ഉള്‍ക്കൊണ്ടിരുന്നു.
  അങ്ങനെ ഭംഗിയായി പ്രാക്റ്റീസ് ചെയിതു കൊണ്ടിരിക്കുന്നതിനിടയിലാണ് എന്‍റെ നമ്പര്‍ വിളിച്ചു കൊണ്ട് എത്രയും പെട്ടെന്ന് സ്റ്റേജ് നാലില്‍ എത്താന്‍ ആവശ്യപ്പെടുന്നത്.ഇതെന്തിനാടാ ഞാനിപ്പോ സ്റ്റേജ് നാലില്‍ എന്നും കരുതിക്കൊണ്ട് സ്റ്റേജ് നാല്‍ അന്വേഷിച്ചു നടന്നു.അപ്പോഴാണ്‌ അറിയുന്നത് അത് ഞങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുന്ന ക്ലാസ്റൂം ആണെന്ന്....അപ്പൊ തോന്നിയ വികാരത്തെ എന്ത് പേര് ഇട്ടു വിളിക്കണം എന്നറിയില്ല.സ്ഥിരമായി ഇറങ്ങി പോകാന്‍ പറയുന്ന ക്ലാസ്സിലേക്ക് കയറി ചെല്ലാന്‍ മൈക്കിലൂടെ വിളിച്ചു പറയുന്നു.
  ഞാന്‍ എന്നെത്തന്നെ ഒന്ന് ബഹുമാനിക്കാന്‍ തീരുമാനിച്ചു.ചെരുപ്പൂരി വെച്ച് ഷര്‍ട്ട്‌ ഒക്കെ ശരിയാക്കുന്നതിനിടയില്‍ ആണ് ഗ്രൂപ്പ് ഗെയിഡ് വന്നിട്ട് നീ ഇവിടെ നില്‍ക്കാണോ അവിടെ മത്സരം തുടങ്ങി വേഗം വന്നു കയറു എന്നും പറഞ്ഞു കോളര്‍ പിടിച്ചു വലിച്ചോണ്ട് പോയി ക്ളാസില്‍ കയറ്റി.എനിക്ക് മത്സരങ്ങള്‍ ഒന്നും ഇല്ല എന്ന് പറഞ്ഞു തീരുന്നതിനു മുമ്പ് എന്നെ അതിന്റെ ഉള്ളിലേക്ക് പിടിച്ചു തള്ളിയിരുന്നു.
  എത്തിയത് ക്ലാസ്സിന്‍റെ മുന്‍ബെഞ്ചില്‍ തന്നെ...അവിടെ ഉണ്ടായിരുന്ന സാര്‍ ഒരു A4 ഷീറ്റ് കൊണ്ട് വന്നു.പടച്ചോനെ ഇവിടെ പരീക്ഷ നടക്കാണാ???തൊട്ടടുത്ത് ഇരിക്കുന്നവനോട് ചോദിച്ചപ്പോഴാണ് അവിടെ നടക്കുന്നത് പെന്‍സില്‍ ഡ്രോയിങ്ങ് ആണെന്ന്‍ മനസ്സിലാവുന്നത്.ഹോജരാജാവായ തമ്പുരാനെ പെന്‍സില്‍ ഡ്രോയിങാ!!!???ഇതാരെടാ എനിക്കിട്ടീ പണി വെച്ചത്??!!
  എണീറ്റ്‌ പോവാന്‍ നോക്കിയപ്പോള്‍ പിന്നില്‍ ഒക്കെ മൊഞ്ചത്തിമാര്‍ ഇരിക്കുന്നു.അഭിമാനം അനുവദിക്കുന്നില്ല.വരക്കാന്‍ ആണെങ്കി പെന്‍സിലും ഇല്ല.പെന്‍സില്‍ ഉണ്ടെങ്കി തന്നെ വരക്കാനോട്ടു പിടിയുമില്ല.അതിന്‍റെ രണ്ടു ദിവസം മുമ്പാണ് ബയോളജിയില്‍ ചെമ്പരത്തി പൂ വരച്ചു കൊണ്ട് ചെന്നപ്പോള്‍ കണ്ണ് വരക്കാന്‍ പറഞ്ഞില്ലല്ലോ എന്ന് ടീച്ചര്‍ ചോദിച്ചത്.
  ഇനിയിപ്പോ എന്ത് ചെയ്യും എന്നാലോചിച്ച് ഡെസ്കിനുള്ളില്‍ കയ്യിട്ടപ്പോള്‍ ആണ് ഒരു പെന്‍സില്‍ കഷ്ണം കയ്യില്‍ പെട്ടത്.ഇനി ഞാന്‍ ഒരു കലക്ക കലക്കും.വരക്കാന്‍ തന്നെ തീരുമാനിച്ചു.എന്താടാ വരക്കെണ്ടത്?തൊട്ടടുത്ത് ഇരിക്കുന്നവനോട് വീണ്ടും ചോദിച്ചു...അവനെതിര്‍ ഗ്രൂപ്പുകാരാന്‍ ആയിരുന്നു.അതുകൊണ്ടായിരിക്കണം അവന്‍ ഒന്നും പറയാതെ ബോര്‍ഡിലെക്ക് ആംഗ്യം കാണിച്ചു.
  അവിടെ ‘മലനാട്’ എന്നെഴുതി വെച്ചിരിക്കുന്നു.ഇത്രേ ഒള്ളൂ...?ഇത് ഞാനിപ്പോ ശെരിയാക്കി തെരാം.മക്കളെ എല്ലാരും എണീറ്റ്‌ പോയിക്കോ ഫസ്റ്റ് എനിക്ക് തന്നെ.ഞാന്‍ വരച്ചു...M നെ വലിച്ചു നീട്ടി മലയുണ്ടാക്കി.അതില്‍ സൂര്യനെ വരച്ചു....താഴെ പുഴ വരച്ചു....ത്രികോണവും ചതുരവും വൃത്തവും ഒക്കെ കൂട്ടി വീട് വരച്ചു...’ന’ വെച്ച് പറവകളെ വരച്ചു.എന്നിട്ട് ഞാന്‍ അഭിമാനത്തോടെ അതിലേക്ക് നോക്കി.ഫാസ്റ്റ് ഉറപ്പിച്ചു വെച്ച്.
  അപ്പോഴും മറ്റുള്ളോര്‍ കുത്തിയിരുന്ന് വരക്കുന്നുണ്ടായിരുന്നു.ഇവര്‍ക്കെന്താടാ ഇതിനു മാത്രം വരക്കാന്‍....അടുതിരിക്കുന്നവനിലെക്ക് എത്തി നോക്കി;അപ്പോ അവനതാഒരു ഗ്ലാസും ജഗ്ഗും നാരങ്ങയും ഒക്കെ വരച്ചിരിക്കുന്നു....ഇവനെന്ത് ഒലക്കയാ കാട്ടിയിരിക്കുന്നത്!!!ഞാന്‍ പിന്നില്‍ ഉള്ളവനിലെക്ക് നോകി അവനും അത് തന്നെ വരച്ചിരിക്കുന്നു.
  അപ്പോഴാണ്‌ ഞാന്‍ മുന്നിലെ മേശയിലെ ജഗ്ഗും ഗ്ലാസ്സും ചെറു നാരങ്ങയും എല്ലാം ഞാന്‍ കാണുന്നത്.മലനാട് അതിനു മുമ്പ് നടന്ന കവിതാ മത്സരത്തിനു വിഷയം എഴുതി കൊടുത്തതാണ്.ഞാനാകെ പ്ലിംഗി പോയി....മാനവും അഭിമാനവും ഒന്നും നോക്കിയില്ല.ആ ഷീറ്റ് ചീന്തി ഇട്ടുകൊണ്ട്‌ അവിടെ നിന്ന് ഇറങ്ങിപോന്നു.അതിനു ശേഷം  വരക്കുന്നവരെ കാണുമ്പോ ഒരു വല്ലാത്ത അസൂയയാ....

  കഴിഞ്ഞ ദിവസം ശരീരത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കാന്‍വാസില്‍ വര്‍ണവിസ്മയം തീര്‍ക്കുന്ന സ്വപ്ന അഗസ്റ്റിന്‍റെയും ജസ്ഫര്‍ കോട്ടക്കുന്ന് ന്‍റെയും ടൈം ലൈനിലൂടെ ഒന്നോടിച്ച് നടന്നപ്പോ എഴുതാന്‍ തോന്നിയതാ...രണ്ട് പേരെയും കുറിച്ച വിശദമായി പിന്നീട് എഴുതാം... 
Share:

2 comments:

  1. ഒരു വെറൈറ്റിയ്ക്കായീ മലനാട് ഡ്രായിംഗ് സബ്‌മിറ്റ് ചെയ്യാരുന്നു!!

    ReplyDelete
  2. രണ്ട് ലിങ്കിലും പോയി. പ്രചോദനാത്മകമായ പേജുകള്‍

    ReplyDelete

Facebook Profile

Popular Posts

Followers

Recent Posts