ഒറ്റമുറികളിലെ പെരുന്നാള്‍ ജീവിതങ്ങള്‍

   ആത്മാവിനെ റമദാന്‍ കൊണ്ട് സ്ഫുടം ചെയ്തെടുത്ത ആവേശത്തിലാണ് ഓരോ വിശ്വാസിയും ആഘോഷങ്ങളുടെ ആഹ്ലാദത്തിലേക്ക്,ഈദിലേക്ക് എത്തപ്പെടുന്നത്.എല്ലാ ഓര്‍മകളെയും പോലെ കുഞ്ഞു നാളിലെ മൈലാഞ്ചി മൊഞ്ചുള്ള പെരുന്നാള്‍ രാവുകളും അത്തര്‍ മണക്കുന്ന പെരുന്നാള്‍ ദിനവും എല്ലാം തന്നെയാണ് ഇഷ്ടം കൊണ്ട് പൊതിഞ്ഞു ഹൃദയത്തില്‍ സൂക്ഷിക്കുന്നത്.
   ബാല്യവും കൌമാരവും പിന്നിടുന്ന സമയത്താണ് അല്ലാഹുവിന്‍റെ നിശ്ചയ പ്രകാരം ശരീരം നിശ്ചലമാവുന്നത്.ചിന്തകള്‍ ഉറച്ചു തുടങ്ങുന്ന പിന്നീടുള്ള പെരുന്നാളുകള്‍ക്ക് പതിവിലേറെ വെളിച്ചമുണ്ടായിരുന്നു ആഹ്ലാദവും.ഈദ് ഗാഹുകള്‍ കഴിയുന്ന സമയം മുതല്‍ സൗഹൃദത്തിന്‍റെ സ്നേഹത്തിന്‍റെ ആക്ടിവിസത്തിന്‍റെ കുഞ്ഞു വര്‍ത്തമാനങ്ങള്‍ പറഞ്ഞു രാവുറങ്ങും വരെ ചുറ്റിലും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായിരുന്നു.
   
   ആ ഇടക്കാണ് രണ്ടു വര്ഷം മുമ്പ് ഒരു പെരുന്നാള്‍ ദിനത്തിന്‍റെ സന്തോഷം മഴ പെയ്തു നിറഞ്ഞത്‌.ആദ്യമായി ഒരു പെരുന്നാള്‍ പകല്‍ ഒരല്‍പ്പസമയം ഒറ്റക്കിരുക്കാന്‍ കഴിയുന്നത് അന്നാണ്.ഉച്ചക്ക് ശേഷമുള്ള ആ സമയത്ത് ഒരല്‍പം ചമ്മലോടെ ചില സുഹൃത്തുകളെ വിളിച്ച് ഈദാശംസ നേരാന്‍ തീരുമാനിച്ചു.ആ സുഹൃത്തുക്കളില്‍ ഏറെ പേരും പകലറുതിയോളം വെയിലേറ്റു തളര്‍ന്നവര്‍ ആയിരുന്നു.അല്ലെങ്കില്‍ പകല്‍ പകുതികളില്‍ ഇടറി വീണവര്‍ ആയിരുന്നു.മരുന്നും വിയര്‍പ്പും മണക്കുന്ന ഒറ്റ മുറിക്കുള്ളില്‍ തന്‍റെ തന്നെ ഒരു വസ്ത്രത്തിന്‍റെ ഭംഗി നോക്കി ഇരിക്കുന്നവര്‍ ആയിരുന്നു.
   ഉച്ചക്ക് ശേഷം ആയതിന്‍റെ ജാള്യതയോടെ ആണ് ഞാന്‍ അവരെ വിളിച്ചു തുടങ്ങുന്നത്.ഇരുപത്തി അഞ്ചോളം പേരെ വിളിച്ചു തീര്‍ന്നപ്പോള്‍ പതിനാറു പേരെ ഈദാശംസയുമായി വിളിക്കുന്ന ആദ്യത്തെ ആളായിരുന്നു ഞാന്‍.
   ഇടവഴികളിലെ കരിയിലകളില്‍ കാല്‍പ്പെരുമാറ്റം വരുന്നതും കാത്ത് ഇന്നും തുരുമ്പിച്ച ജനലഴിക്കപ്പുറത്ത് ഇരിക്കുന്ന ആ അപരജന്മങ്ങള്‍ അന്ന് പകര്‍ന്നു നല്‍കിയത് ആഘോഷങ്ങളില്‍ നിന്ന് പോലും മാറ്റി നിര്‍ത്തപ്പെടുന്ന നെടു വീര്‍പ്പുകളെ കുറിച്ചുള്ള വലിയ സാമൂഹ്യ ബോധമായിരുന്നു.
Share:

3 comments:

Facebook Profile

Popular Posts

Followers

Recent Posts