മുല്ലപ്പൂ മണക്കുന്ന നിസ്ക്കാരകുപ്പായം

  ആത്മാവിന്റെ ആഘോഷമായ നോമ്പനുഭവങ്ങള്‍ എഴുതുമ്പോള്‍ എല്ലാവരുടെയും എന്ന പോലെ കുഞ്ഞു നാളിലെ നോമ്പ് കാലങ്ങള്‍ തന്നെയാണ് മനസ്സില്‍ നിറയുന്നത് ...ഉമ്മ മടിയിലെ തളര്‍ന്നുള്ള ഉറക്കവും തറാവീഹ് നമസ്കാരങ്ങളുടെ ആവേശവുമെല്ലാം മനസ്സില്‍ ക്ലാവ് പിടിക്കാതെ നിലനില്‍ക്കുന്നുണ്ട്.
  ഓരോ നോമ്പ് കാലവും അല്ലാഹു എനിക്കായി ചില തിരിച്ചറിവുകളും അത്ഭുതങ്ങളും കരുതി വെക്കാറുണ്ട്.അങ്ങനെ ഒന്നിലേക്ക് വരാം.
 
നാട്ടിലെ പള്ളി ഉദ്ഘാടനം കഴിഞ്ഞ ആ വര്ഷം വ്യാപകമായ തോതിലായിരുന്നു റിലീഫ് പ്രവര്‍ത്തനങ്ങള്‍.ചെയ്യുന്ന നന്മയുടെ വലിപ്പം അറിഞ്ഞിരുന്നില്ലെങ്കിലും മുതിര്‍ന്നവരുടെ ആവേശത്തോടൊപ്പം  ആയിരുന്നു ഞങ്ങള്‍ കുട്ടികളും.സാധനങ്ങള്‍ പാക്ക് ചെയ്യാനും വിതരണം ചെയ്യാനും എല്ലാം സന്തോഷത്തോട് കൂടി തന്നെ കൂടെ ചേര്‍ന്നു.റമളാനിന്‍റെ തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ കിറ്റിന്‍റെ വിതരണം തുടങ്ങി.നോമ്പ് തുടങ്ങിയിട്ടും തുടര്‍ന്ന് കൊണ്ടിരിന്നു.നോമ്പ് തുടങ്ങും മുമ്പുള്ള പോലെ ആയിരുന്നില്ല തുടങ്ങിയ ശേഷം.പല ദിവസങ്ങളും ക്ഷീണം കാരണം ളുഹര്‍ നമസ്കരിച്ച് പള്ളിയില്‍ തന്നെ കിടന്നു.
  അങ്ങനെ ക്ഷീണിച്ചുറങ്ങി അസര്‍ നമസ്കാരന്തരം വീട്ടിലേക്ക് തിരിച്ച് നടക്കുമ്പോള്‍ പിന്നില്‍ നിന്ന്‍ യൂനുസ് സാറിന്‍റെ വിളി വന്നു.എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്നത് യൂനുസ് സാര്‍ തന്നെയായിരുന്നു.ഒരല്‍പം അനിഷടത്തോടെയാണ് സാറിന്‍റെ അടുത്തേക്ക് തിരിച്ചു നടന്നത്.എത്തിയ ഉടനെ ഒരു വലിയ കിറ്റ് എടുത്ത് തലയില്‍ വെച്ച് തന്നു.ഏതാണ്ട് ഒരു കിലോ മീറ്ററോളം മാറിയുള്ള ഒരു വീട്ടില്‍ കൊണ്ട് കൊടുക്കാന്‍ പറഞ്ഞു.
  തീര്‍ത്തും അനിഷ്ട്ടതോടെയാണ് ആ കിറ്റ്മായി ഞാന്‍ നടന്നത്.ഹൈവേയില്‍ നിന്നിറങ്ങി ഒരു ടാര്‍ ചെയ്യാത്ത റോഡിലൂടെ നടന്ന്‍ വേണമായിരുന്നു ആ വീട്ടിലെത്താന്‍.ഹൈവേയില്‍ നിന്നിറങ്ങിയപ്പോ തന്നെ ചെറിയ റോഡിനോട് ചേര്‍ന്ന വീടിന്റെ അടുക്കളകളില്‍ നിന്നുയരുന്ന നോമ്പ് തുറവിഭവങ്ങളുടെ കൊതിപ്പിക്കുന്ന ഗന്ധം മൂക്കില്‍ അടിച്ചപ്പോ കാലുകള്‍ക്ക് കൂടുതല്‍ തളര്‍ച്ച അനുഭവപ്പെടാന്‍ തുടങ്ങി.
  അങ്ങനെ നടന്ന്‍ ആ വീട്ടിലെത്തിയപ്പോള്‍ ഉമ്മറത്തോന്നും ആരെയും കാണുന്നില്ല.ദ്രവിച്ച ചുമരില്‍ ഉള്ള കാളിംഗ് ബെല്‍ പ്രവര്ത്തിക്കുന്നുമുണ്ടായിരുന്നില്ല.നീട്ടി വിളിച്ചു ആരുല്ല്യേ വീട്ടില്‍?അകത്ത് നിന്ന്‍ ആരാ എന്നും ചോദിച്ചു കൊണ്ട് നിസ്കാര കുപ്പായം ഇട്ട ഒരു വല്ല്യുമ്മ ഇറങ്ങി വന്നു.ങ്ങളാരാ???അവര്‍ ചോദിച്ചു.പള്ളീന്ന്‍ പറഞ്ഞു വിട്ടതാ ഞാന്‍ മറുപടി പറഞ്ഞു...ഇതെന്താ?എന്നായി അവര്‍.അരിയാണെന്ന്‍ തോന്നുന്നു വേറെയും എന്തൊക്കെയോ ഉണ്ട്.ഇതിവിടെ തരാന്‍ പറഞ്ഞതാ.എന്ന്‍ പറഞ്ഞു തീരുന്നതിനു മുമ്പ് ആ ഉമ്മ തലയില്‍ കൈവെച്ച് നിലത്തിരുന്നു.എന്നിട്ട് പറഞ്ഞു മോളെ കുട്ട്യേള് വിരുന്നു വന്ന്‍ക്ക്ണ്.അവര്‍ക്കത്താഴത്തിന് ഒന്നും കൊടുക്കാനില്ലല്ലോ റബ്ബേ....ഒരു വഴി കാണിച്ചു താ...എന്ന്‍ നിസ്കാരപായയിലിരുന്ന്‍ ദുആ ചെയ്തിട്ടേ ഉള്ളൂ....കുട്ട്യേ അന്നേ പടച്ചോന്‍ കാക്കും.

  ഒന്നും പറയാനാവാതെ തിരിച്ച് നടക്കുമ്പോള്‍ നേരത്തെ കൊതിയൂറുന്ന വിഭവങ്ങള്‍ മണത്ത ആ വഴികളില്‍ ആ ഉമ്മയുടെ നിസ്കാരകുപ്പായത്തിന്റെ മുല്ലപ്പൂ മണം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Share:

9 comments:

 1. ഹൃദയസ്പർശി..നന്നായി റയീസ്.

  ReplyDelete
 2. മനംനൊന്തുള്ള പ്രാർത്ഥന പടച്ചോൻ കേൾക്കും

  ReplyDelete
 3. നന്മയുടെ മുല്ലപ്പൂ സുഗന്ധമുള്ള എഴുത്ത് ... റമദാന്‍ മുബാറക്‌ ..!!

  ReplyDelete
 4. ഹൃദയസ്പർശി... നന്നായിട്ടുണ്ട് റഈസ്.

  ReplyDelete
 5. നന്മനിറഞ്ഞ മനസ്സുണ്ടാവുക..
  എന്തൊരു സന്തോഷം......
  ആശംസകള്‍

  ReplyDelete
 6. നന്മനിറഞ്ഞ മനസ്സുണ്ടാവുക..
  എന്തൊരു സന്തോഷം......
  ആശംസകള്‍

  ReplyDelete
 7. പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കാന്‍ അള്ളാഹു അല്ലാതെ മറ്റാരുണ്ട്...............ഉസാറായിക്ക്ണ്

  ReplyDelete
 8. വളരെ നന്നായിട്ടുണ്ട്.ഉള്ളിൽ തട്ടുന്ന വാക്കുകൾ.റയീസിനു അഭിനന്ദനങ്ങൾ.

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts