ആത്മാവിന്റെ ആഘോഷമായ നോമ്പനുഭവങ്ങള്‍
എഴുതുമ്പോള്‍ എല്ലാവരുടെയും എന്ന പോലെ കുഞ്ഞു നാളിലെ നോമ്പ് കാലങ്ങള്‍ തന്നെയാണ്
മനസ്സില്‍ നിറയുന്നത് ...ഉമ്മ മടിയിലെ തളര്‍ന്നുള്ള ഉറക്കവും തറാവീഹ്
നമസ്കാരങ്ങളുടെ ആവേശവുമെല്ലാം മനസ്സില്‍ ക്ലാവ് പിടിക്കാതെ നിലനില്‍ക്കുന്നുണ്ട്.
ഓരോ നോമ്പ് കാലവും അല്ലാഹു എനിക്കായി ചില
തിരിച്ചറിവുകളും അത്ഭുതങ്ങളും കരുതി വെക്കാറുണ്ട്.അങ്ങനെ ഒന്നിലേക്ക് വരാം.
അങ്ങനെ ക്ഷീണിച്ചുറങ്ങി അസര്‍ നമസ്കാരന്തരം
വീട്ടിലേക്ക് തിരിച്ച് നടക്കുമ്പോള്‍ പിന്നില്‍ നിന്ന് യൂനുസ് സാറിന്റെ വിളി
വന്നു.എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്നത് യൂനുസ് സാര്‍
തന്നെയായിരുന്നു.ഒരല്പം അനിഷടത്തോടെയാണ് സാറിന്റെ അടുത്തേക്ക് തിരിച്ചു
നടന്നത്.എത്തിയ ഉടനെ ഒരു വലിയ കിറ്റ് എടുത്ത് തലയില്‍ വെച്ച് തന്നു.ഏതാണ്ട് ഒരു
കിലോ മീറ്ററോളം മാറിയുള്ള ഒരു വീട്ടില്‍ കൊണ്ട് കൊടുക്കാന്‍ പറഞ്ഞു.
തീര്‍ത്തും അനിഷ്ട്ടതോടെയാണ് ആ കിറ്റ്മായി ഞാന്‍
നടന്നത്.ഹൈവേയില്‍ നിന്നിറങ്ങി ഒരു ടാര്‍ ചെയ്യാത്ത റോഡിലൂടെ നടന്ന്
വേണമായിരുന്നു ആ വീട്ടിലെത്താന്‍.ഹൈവേയില്‍ നിന്നിറങ്ങിയപ്പോ തന്നെ ചെറിയ റോഡിനോട്
ചേര്‍ന്ന വീടിന്റെ അടുക്കളകളില്‍ നിന്നുയരുന്ന നോമ്പ് തുറവിഭവങ്ങളുടെ
കൊതിപ്പിക്കുന്ന ഗന്ധം മൂക്കില്‍ അടിച്ചപ്പോ കാലുകള്‍ക്ക് കൂടുതല്‍ തളര്‍ച്ച
അനുഭവപ്പെടാന്‍ തുടങ്ങി.
അങ്ങനെ നടന്ന് ആ വീട്ടിലെത്തിയപ്പോള്‍
ഉമ്മറത്തോന്നും ആരെയും കാണുന്നില്ല.ദ്രവിച്ച ചുമരില്‍ ഉള്ള കാളിംഗ് ബെല്‍
പ്രവര്ത്തിക്കുന്നുമുണ്ടായിരുന്നില്ല.നീട്ടി വിളിച്ചു ആരുല്ല്യേ വീട്ടില്‍?അകത്ത്
നിന്ന് ആരാ എന്നും ചോദിച്ചു കൊണ്ട് നിസ്കാര കുപ്പായം ഇട്ട ഒരു വല്ല്യുമ്മ ഇറങ്ങി
വന്നു.ങ്ങളാരാ???അവര്‍ ചോദിച്ചു.പള്ളീന്ന് പറഞ്ഞു വിട്ടതാ ഞാന്‍ മറുപടി പറഞ്ഞു...ഇതെന്താ?എന്നായി
അവര്‍.അരിയാണെന്ന് തോന്നുന്നു വേറെയും എന്തൊക്കെയോ ഉണ്ട്.ഇതിവിടെ തരാന്‍
പറഞ്ഞതാ.എന്ന് പറഞ്ഞു തീരുന്നതിനു മുമ്പ് ആ ഉമ്മ തലയില്‍ കൈവെച്ച്
നിലത്തിരുന്നു.എന്നിട്ട് പറഞ്ഞു മോളെ കുട്ട്യേള് വിരുന്നു വന്ന്ക്ക്ണ്.അവര്ക്കത്താഴത്തിന്
ഒന്നും കൊടുക്കാനില്ലല്ലോ റബ്ബേ....ഒരു വഴി കാണിച്ചു താ...എന്ന്
നിസ്കാരപായയിലിരുന്ന് ദുആ ചെയ്തിട്ടേ ഉള്ളൂ....കുട്ട്യേ അന്നേ പടച്ചോന് കാക്കും.
ഒന്നും പറയാനാവാതെ തിരിച്ച് നടക്കുമ്പോള്‍
നേരത്തെ കൊതിയൂറുന്ന വിഭവങ്ങള്‍ മണത്ത ആ വഴികളില്‍ ആ ഉമ്മയുടെ
നിസ്കാരകുപ്പായത്തിന്റെ മുല്ലപ്പൂ മണം മാത്രമേ ഉണ്ടായിരുന്നുള്ളൂ.