ഒരു പെന്‍സില്‍ ഡ്രോയിംഗ് മത്സരം

ശാന്തിവയലിന്‍റെ ശാന്തതയില്‍ അവസാനത്തെ കലാ മേള ആയിരുന്നു അത്.പത്താം ക്ലാസ്സിന്‍റെ ഏട്ടന്‍ ഭാവത്തിലുള്ള മേള ....നടുമുറ്റത്ത് മെയിന്‍ സ്റ്റേജും ക്ലാസ്സായ ക്ലാസ് റൂമുകളൊക്കെ സബ് സ്റ്റെജുകളുമായി മാറി...ഒച്ചയും ബഹളവും ഒക്കെ ആയി കല അങ്ങനെ മുറുകുന്നു...
    നമ്മടെ ഐറ്റങ്ങള്‍ ഒക്കെ ഒരു വിധം തീര്‍ന്നപ്പോള്‍ ഓടി ഓവുപാലത്തിലെത്തി..അവിടെയാണ് ഞങ്ങള്‍ ആണ്പിള്ളേരുടെ കേന്ദ്രം...അവിടെയാണ് ഞങ്ങളുടെ ആഗോള കലയെ കുറിച്ച് വായിനോട്ടത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതും പ്രാക്റ്റീസ് ചെയ്യുന്നതും.അന്താരാഷ്‌ട്ര തലത്തില്‍ വായിനോട്ടത്തിലുണ്ടായ ഏറ്റവും പുതിയ മാറ്റങ്ങള്‍ ഞങ്ങള്‍ അതാത് സമയത്ത് ഉള്‍ക്കൊണ്ടിരുന്നു.
  അങ്ങനെ ഭംഗിയായി പ്രാക്റ്റീസ് ചെയിതു കൊണ്ടിരിക്കുന്നതിനിടയിലാണ് എന്‍റെ നമ്പര്‍ വിളിച്ചു കൊണ്ട് എത്രയും പെട്ടെന്ന് സ്റ്റേജ് നാലില്‍ എത്താന്‍ ആവശ്യപ്പെടുന്നത്.ഇതെന്തിനാടാ ഞാനിപ്പോ സ്റ്റേജ് നാലില്‍ എന്നും കരുതിക്കൊണ്ട് സ്റ്റേജ് നാല്‍ അന്വേഷിച്ചു നടന്നു.അപ്പോഴാണ്‌ അറിയുന്നത് അത് ഞങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുന്ന ക്ലാസ്റൂം ആണെന്ന്....അപ്പൊ തോന്നിയ വികാരത്തെ എന്ത് പേര് ഇട്ടു വിളിക്കണം എന്നറിയില്ല.സ്ഥിരമായി ഇറങ്ങി പോകാന്‍ പറയുന്ന ക്ലാസ്സിലേക്ക് കയറി ചെല്ലാന്‍ മൈക്കിലൂടെ വിളിച്ചു പറയുന്നു.
  ഞാന്‍ എന്നെത്തന്നെ ഒന്ന് ബഹുമാനിക്കാന്‍ തീരുമാനിച്ചു.ചെരുപ്പൂരി വെച്ച് ഷര്‍ട്ട്‌ ഒക്കെ ശരിയാക്കുന്നതിനിടയില്‍ ആണ് ഗ്രൂപ്പ് ഗെയിഡ് വന്നിട്ട് നീ ഇവിടെ നില്‍ക്കാണോ അവിടെ മത്സരം തുടങ്ങി വേഗം വന്നു കയറു എന്നും പറഞ്ഞു കോളര്‍ പിടിച്ചു വലിച്ചോണ്ട് പോയി ക്ളാസില്‍ കയറ്റി.എനിക്ക് മത്സരങ്ങള്‍ ഒന്നും ഇല്ല എന്ന് പറഞ്ഞു തീരുന്നതിനു മുമ്പ് എന്നെ അതിന്റെ ഉള്ളിലേക്ക് പിടിച്ചു തള്ളിയിരുന്നു.
  എത്തിയത് ക്ലാസ്സിന്‍റെ മുന്‍ബെഞ്ചില്‍ തന്നെ...അവിടെ ഉണ്ടായിരുന്ന സാര്‍ ഒരു A4 ഷീറ്റ് കൊണ്ട് വന്നു.പടച്ചോനെ ഇവിടെ പരീക്ഷ നടക്കാണാ???തൊട്ടടുത്ത് ഇരിക്കുന്നവനോട് ചോദിച്ചപ്പോഴാണ് അവിടെ നടക്കുന്നത് പെന്‍സില്‍ ഡ്രോയിങ്ങ് ആണെന്ന്‍ മനസ്സിലാവുന്നത്.ഹോജരാജാവായ തമ്പുരാനെ പെന്‍സില്‍ ഡ്രോയിങാ!!!???ഇതാരെടാ എനിക്കിട്ടീ പണി വെച്ചത്??!!
  എണീറ്റ്‌ പോവാന്‍ നോക്കിയപ്പോള്‍ പിന്നില്‍ ഒക്കെ മൊഞ്ചത്തിമാര്‍ ഇരിക്കുന്നു.അഭിമാനം അനുവദിക്കുന്നില്ല.വരക്കാന്‍ ആണെങ്കി പെന്‍സിലും ഇല്ല.പെന്‍സില്‍ ഉണ്ടെങ്കി തന്നെ വരക്കാനോട്ടു പിടിയുമില്ല.അതിന്‍റെ രണ്ടു ദിവസം മുമ്പാണ് ബയോളജിയില്‍ ചെമ്പരത്തി പൂ വരച്ചു കൊണ്ട് ചെന്നപ്പോള്‍ കണ്ണ് വരക്കാന്‍ പറഞ്ഞില്ലല്ലോ എന്ന് ടീച്ചര്‍ ചോദിച്ചത്.
  ഇനിയിപ്പോ എന്ത് ചെയ്യും എന്നാലോചിച്ച് ഡെസ്കിനുള്ളില്‍ കയ്യിട്ടപ്പോള്‍ ആണ് ഒരു പെന്‍സില്‍ കഷ്ണം കയ്യില്‍ പെട്ടത്.ഇനി ഞാന്‍ ഒരു കലക്ക കലക്കും.വരക്കാന്‍ തന്നെ തീരുമാനിച്ചു.എന്താടാ വരക്കെണ്ടത്?തൊട്ടടുത്ത് ഇരിക്കുന്നവനോട് വീണ്ടും ചോദിച്ചു...അവനെതിര്‍ ഗ്രൂപ്പുകാരാന്‍ ആയിരുന്നു.അതുകൊണ്ടായിരിക്കണം അവന്‍ ഒന്നും പറയാതെ ബോര്‍ഡിലെക്ക് ആംഗ്യം കാണിച്ചു.
  അവിടെ ‘മലനാട്’ എന്നെഴുതി വെച്ചിരിക്കുന്നു.ഇത്രേ ഒള്ളൂ...?ഇത് ഞാനിപ്പോ ശെരിയാക്കി തെരാം.മക്കളെ എല്ലാരും എണീറ്റ്‌ പോയിക്കോ ഫസ്റ്റ് എനിക്ക് തന്നെ.ഞാന്‍ വരച്ചു...M നെ വലിച്ചു നീട്ടി മലയുണ്ടാക്കി.അതില്‍ സൂര്യനെ വരച്ചു....താഴെ പുഴ വരച്ചു....ത്രികോണവും ചതുരവും വൃത്തവും ഒക്കെ കൂട്ടി വീട് വരച്ചു...’ന’ വെച്ച് പറവകളെ വരച്ചു.എന്നിട്ട് ഞാന്‍ അഭിമാനത്തോടെ അതിലേക്ക് നോക്കി.ഫാസ്റ്റ് ഉറപ്പിച്ചു വെച്ച്.
  അപ്പോഴും മറ്റുള്ളോര്‍ കുത്തിയിരുന്ന് വരക്കുന്നുണ്ടായിരുന്നു.ഇവര്‍ക്കെന്താടാ ഇതിനു മാത്രം വരക്കാന്‍....അടുതിരിക്കുന്നവനിലെക്ക് എത്തി നോക്കി;അപ്പോ അവനതാഒരു ഗ്ലാസും ജഗ്ഗും നാരങ്ങയും ഒക്കെ വരച്ചിരിക്കുന്നു....ഇവനെന്ത് ഒലക്കയാ കാട്ടിയിരിക്കുന്നത്!!!ഞാന്‍ പിന്നില്‍ ഉള്ളവനിലെക്ക് നോകി അവനും അത് തന്നെ വരച്ചിരിക്കുന്നു.
  അപ്പോഴാണ്‌ ഞാന്‍ മുന്നിലെ മേശയിലെ ജഗ്ഗും ഗ്ലാസ്സും ചെറു നാരങ്ങയും എല്ലാം ഞാന്‍ കാണുന്നത്.മലനാട് അതിനു മുമ്പ് നടന്ന കവിതാ മത്സരത്തിനു വിഷയം എഴുതി കൊടുത്തതാണ്.ഞാനാകെ പ്ലിംഗി പോയി....മാനവും അഭിമാനവും ഒന്നും നോക്കിയില്ല.ആ ഷീറ്റ് ചീന്തി ഇട്ടുകൊണ്ട്‌ അവിടെ നിന്ന് ഇറങ്ങിപോന്നു.അതിനു ശേഷം  വരക്കുന്നവരെ കാണുമ്പോ ഒരു വല്ലാത്ത അസൂയയാ....

  കഴിഞ്ഞ ദിവസം ശരീരത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കാന്‍വാസില്‍ വര്‍ണവിസ്മയം തീര്‍ക്കുന്ന സ്വപ്ന അഗസ്റ്റിന്‍റെയും ജസ്ഫര്‍ കോട്ടക്കുന്ന് ന്‍റെയും ടൈം ലൈനിലൂടെ ഒന്നോടിച്ച് നടന്നപ്പോ എഴുതാന്‍ തോന്നിയതാ...രണ്ട് പേരെയും കുറിച്ച വിശദമായി പിന്നീട് എഴുതാം... 
Share:

ഒറ്റമുറികളിലെ പെരുന്നാള്‍ ജീവിതങ്ങള്‍

   ആത്മാവിനെ റമദാന്‍ കൊണ്ട് സ്ഫുടം ചെയ്തെടുത്ത ആവേശത്തിലാണ് ഓരോ വിശ്വാസിയും ആഘോഷങ്ങളുടെ ആഹ്ലാദത്തിലേക്ക്,ഈദിലേക്ക് എത്തപ്പെടുന്നത്.എല്ലാ ഓര്‍മകളെയും പോലെ കുഞ്ഞു നാളിലെ മൈലാഞ്ചി മൊഞ്ചുള്ള പെരുന്നാള്‍ രാവുകളും അത്തര്‍ മണക്കുന്ന പെരുന്നാള്‍ ദിനവും എല്ലാം തന്നെയാണ് ഇഷ്ടം കൊണ്ട് പൊതിഞ്ഞു ഹൃദയത്തില്‍ സൂക്ഷിക്കുന്നത്.
   ബാല്യവും കൌമാരവും പിന്നിടുന്ന സമയത്താണ് അല്ലാഹുവിന്‍റെ നിശ്ചയ പ്രകാരം ശരീരം നിശ്ചലമാവുന്നത്.ചിന്തകള്‍ ഉറച്ചു തുടങ്ങുന്ന പിന്നീടുള്ള പെരുന്നാളുകള്‍ക്ക് പതിവിലേറെ വെളിച്ചമുണ്ടായിരുന്നു ആഹ്ലാദവും.ഈദ് ഗാഹുകള്‍ കഴിയുന്ന സമയം മുതല്‍ സൗഹൃദത്തിന്‍റെ സ്നേഹത്തിന്‍റെ ആക്ടിവിസത്തിന്‍റെ കുഞ്ഞു വര്‍ത്തമാനങ്ങള്‍ പറഞ്ഞു രാവുറങ്ങും വരെ ചുറ്റിലും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായിരുന്നു.
   
   ആ ഇടക്കാണ് രണ്ടു വര്ഷം മുമ്പ് ഒരു പെരുന്നാള്‍ ദിനത്തിന്‍റെ സന്തോഷം മഴ പെയ്തു നിറഞ്ഞത്‌.ആദ്യമായി ഒരു പെരുന്നാള്‍ പകല്‍ ഒരല്‍പ്പസമയം ഒറ്റക്കിരുക്കാന്‍ കഴിയുന്നത് അന്നാണ്.ഉച്ചക്ക് ശേഷമുള്ള ആ സമയത്ത് ഒരല്‍പം ചമ്മലോടെ ചില സുഹൃത്തുകളെ വിളിച്ച് ഈദാശംസ നേരാന്‍ തീരുമാനിച്ചു.ആ സുഹൃത്തുക്കളില്‍ ഏറെ പേരും പകലറുതിയോളം വെയിലേറ്റു തളര്‍ന്നവര്‍ ആയിരുന്നു.അല്ലെങ്കില്‍ പകല്‍ പകുതികളില്‍ ഇടറി വീണവര്‍ ആയിരുന്നു.മരുന്നും വിയര്‍പ്പും മണക്കുന്ന ഒറ്റ മുറിക്കുള്ളില്‍ തന്‍റെ തന്നെ ഒരു വസ്ത്രത്തിന്‍റെ ഭംഗി നോക്കി ഇരിക്കുന്നവര്‍ ആയിരുന്നു.
   ഉച്ചക്ക് ശേഷം ആയതിന്‍റെ ജാള്യതയോടെ ആണ് ഞാന്‍ അവരെ വിളിച്ചു തുടങ്ങുന്നത്.ഇരുപത്തി അഞ്ചോളം പേരെ വിളിച്ചു തീര്‍ന്നപ്പോള്‍ പതിനാറു പേരെ ഈദാശംസയുമായി വിളിക്കുന്ന ആദ്യത്തെ ആളായിരുന്നു ഞാന്‍.
   ഇടവഴികളിലെ കരിയിലകളില്‍ കാല്‍പ്പെരുമാറ്റം വരുന്നതും കാത്ത് ഇന്നും തുരുമ്പിച്ച ജനലഴിക്കപ്പുറത്ത് ഇരിക്കുന്ന ആ അപരജന്മങ്ങള്‍ അന്ന് പകര്‍ന്നു നല്‍കിയത് ആഘോഷങ്ങളില്‍ നിന്ന് പോലും മാറ്റി നിര്‍ത്തപ്പെടുന്ന നെടു വീര്‍പ്പുകളെ കുറിച്ചുള്ള വലിയ സാമൂഹ്യ ബോധമായിരുന്നു.
Share:

മുല്ലപ്പൂ മണക്കുന്ന നിസ്ക്കാരകുപ്പായം

  ആത്മാവിന്റെ ആഘോഷമായ നോമ്പനുഭവങ്ങള്‍ എഴുതുമ്പോള്‍ എല്ലാവരുടെയും എന്ന പോലെ കുഞ്ഞു നാളിലെ നോമ്പ് കാലങ്ങള്‍ തന്നെയാണ് മനസ്സില്‍ നിറയുന്നത് ...ഉമ്മ മടിയിലെ തളര്‍ന്നുള്ള ഉറക്കവും തറാവീഹ് നമസ്കാരങ്ങളുടെ ആവേശവുമെല്ലാം മനസ്സില്‍ ക്ലാവ് പിടിക്കാതെ നിലനില്‍ക്കുന്നുണ്ട്.
  ഓരോ നോമ്പ് കാലവും അല്ലാഹു എനിക്കായി ചില തിരിച്ചറിവുകളും അത്ഭുതങ്ങളും കരുതി വെക്കാറുണ്ട്.അങ്ങനെ ഒന്നിലേക്ക് വരാം.
 
നാട്ടിലെ പള്ളി ഉദ്ഘാടനം കഴിഞ്ഞ ആ വര്ഷം വ്യാപകമായ തോതിലായിരുന്നു റിലീഫ് പ്രവര്‍ത്തനങ്ങള്‍.ചെയ്യുന്ന നന്മയുടെ വലിപ്പം അറിഞ്ഞിരുന്നില്ലെങ്കിലും മുതിര്‍ന്നവരുടെ ആവേശത്തോടൊപ്പം  ആയിരുന്നു ഞങ്ങള്‍ കുട്ടികളും.സാധനങ്ങള്‍ പാക്ക് ചെയ്യാനും വിതരണം ചെയ്യാനും എല്ലാം സന്തോഷത്തോട് കൂടി തന്നെ കൂടെ ചേര്‍ന്നു.റമളാനിന്‍റെ തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ കിറ്റിന്‍റെ വിതരണം തുടങ്ങി.നോമ്പ് തുടങ്ങിയിട്ടും തുടര്‍ന്ന് കൊണ്ടിരിന്നു.നോമ്പ് തുടങ്ങും മുമ്പുള്ള പോലെ ആയിരുന്നില്ല തുടങ്ങിയ ശേഷം.പല ദിവസങ്ങളും ക്ഷീണം കാരണം ളുഹര്‍ നമസ്കരിച്ച് പള്ളിയില്‍ തന്നെ കിടന്നു.
  അങ്ങനെ ക്ഷീണിച്ചുറങ്ങി അസര്‍ നമസ്കാരന്തരം വീട്ടിലേക്ക് തിരിച്ച് നടക്കുമ്പോള്‍ പിന്നില്‍ നിന്ന്‍ യൂനുസ് സാറിന്‍റെ വിളി വന്നു.എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്നത് യൂനുസ് സാര്‍ തന്നെയായിരുന്നു.ഒരല്‍പം അനിഷടത്തോടെയാണ് സാറിന്‍റെ അടുത്തേക്ക് തിരിച്ചു നടന്നത്.എത്തിയ ഉടനെ ഒരു വലിയ കിറ്റ് എടുത്ത് തലയില്‍ വെച്ച് തന്നു.ഏതാണ്ട് ഒരു കിലോ മീറ്ററോളം മാറിയുള്ള ഒരു വീട്ടില്‍ കൊണ്ട് കൊടുക്കാന്‍ പറഞ്ഞു.
  തീര്‍ത്തും അനിഷ്ട്ടതോടെയാണ് ആ കിറ്റ്മായി ഞാന്‍ നടന്നത്.ഹൈവേയില്‍ നിന്നിറങ്ങി ഒരു ടാര്‍ ചെയ്യാത്ത റോഡിലൂടെ നടന്ന്‍ വേണമായിരുന്നു ആ വീട്ടിലെത്താന്‍.ഹൈവേയില്‍ നിന്നിറങ്ങിയപ്പോ തന്നെ ചെറിയ റോഡിനോട് ചേര്‍ന്ന വീടിന്റെ അടുക്കളകളില്‍ നിന്നുയരുന്ന നോമ്പ് തുറവിഭവങ്ങളുടെ കൊതിപ്പിക്കുന്ന ഗന്ധം മൂക്കില്‍ അടിച്ചപ്പോ കാലുകള്‍ക്ക് കൂടുതല്‍ തളര്‍ച്ച അനുഭവപ്പെടാന്‍ തുടങ്ങി.
  അങ്ങനെ നടന്ന്‍ ആ വീട്ടിലെത്തിയപ്പോള്‍ ഉമ്മറത്തോന്നും ആരെയും കാണുന്നില്ല.ദ്രവിച്ച ചുമരില്‍ ഉള്ള കാളിംഗ് ബെല്‍ പ്രവര്ത്തിക്കുന്നുമുണ്ടായിരുന്നില്ല.നീട്ടി വിളിച്ചു ആരുല്ല്യേ വീട്ടില്‍?അകത്ത് നിന്ന്‍ ആരാ എന്നും ചോദിച്ചു കൊണ്ട് നിസ്കാര കുപ്പായം ഇട്ട ഒരു വല്ല്യുമ്മ ഇറങ്ങി വന്നു.ങ്ങളാരാ???അവര്‍ ചോദിച്ചു.പള്ളീന്ന്‍ പറഞ്ഞു വിട്ടതാ ഞാന്‍ മറുപടി പറഞ്ഞു...ഇതെന്താ?എന്നായി അവര്‍.അരിയാണെന്ന്‍ തോന്നുന്നു വേറെയും എന്തൊക്കെയോ ഉണ്ട്.ഇതിവിടെ തരാന്‍ പറഞ്ഞതാ.എന്ന്‍ പറഞ്ഞു തീരുന്നതിനു മുമ്പ് ആ ഉമ്മ തലയില്‍ കൈവെച്ച് നിലത്തിരുന്നു.എന്നിട്ട് പറഞ്ഞു മോളെ കുട്ട്യേള് വിരുന്നു വന്ന്‍ക്ക്ണ്.അവര്‍ക്കത്താഴത്തിന് ഒന്നും കൊടുക്കാനില്ലല്ലോ റബ്ബേ....ഒരു വഴി കാണിച്ചു താ...എന്ന്‍ നിസ്കാരപായയിലിരുന്ന്‍ ദുആ ചെയ്തിട്ടേ ഉള്ളൂ....കുട്ട്യേ അന്നേ പടച്ചോന്‍ കാക്കും.

  ഒന്നും പറയാനാവാതെ തിരിച്ച് നടക്കുമ്പോള്‍ നേരത്തെ കൊതിയൂറുന്ന വിഭവങ്ങള്‍ മണത്ത ആ വഴികളില്‍ ആ ഉമ്മയുടെ നിസ്കാരകുപ്പായത്തിന്റെ മുല്ലപ്പൂ മണം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Share:

ഒഴിവാക്കപ്പെടേണ്ടതും അനുകരിക്കേണ്ടതും...


         വലതു കൈ നല്കുന്ന ദാനം ഇടതുകൈ അറിയരുത് എന്ന്‍ പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ്‌ നബി(സ്വ) ആണ്.
നീ ദാനം ചെയ്യുമ്പോള്‍ നിന്‍റെ മുഖം തിരിച്ചു പിടിക്കുക.അങ്ങനെ അത് സ്വീകരിക്കുന്നവന്റെ മുഖത്തെ ലജ്ജ നീ കാണാതിരിക്കട്ടെ.ഇങ്ങനെ പറഞ്ഞു വെച്ചത് ഖലീല്‍ ജിബ്രാന്‍.
    
        പറഞ്ഞു വരുന്നത് ഏതാനം ആഴ്ചകളായി പത്രങ്ങളിലും ന്യൂ മീഡിയകളിലും കണ്ടു വരുന്ന ചില വാര്ത്തകളിലേക്കും ഫോട്ടോകളിലേക്കും ആണ്.
      
        രണ്ടാഴ്ച മുമ്പ് വരെ ഇത്തരം ഫോട്ടോകളില്‍ കണ്ടിരുന്നത് കുഞ്ഞു മക്കളെ ആയിരുന്നു.കുടുംബത്തിന്‍റെ ഭക്ഷണത്തിനൊപ്പം തനിക്കുള്ള പുസ്തകം കൂടി വാങ്ങി തരാന്‍ തന്റെ മാതാപിതാക്കള്‍ക്ക് കഴിയാതെ പോയതിന്‍റെ പേരിലായിരുന്നു ആ കുഞ്ഞുമക്കള്‍ മിന്നുന്ന കാമറകള്‍ക്ക് മുന്നില്‍ നിന്ന് കൊണ്ട് ആ പുസ്തകവും ബാഗും വാങ്ങേണ്ടി വന്നത്.
      
        റമളാന്‍ തുടങ്ങിയപ്പോള്‍ ഫോട്ടോകളില്‍ മാതാപിതാക്കളായി...അയല്‍പക്കത്തെ വീട്ടില്‍ നിന്നുയരുന്ന കൊതിയൂറുന്ന മണത്തിനൊപ്പം തന്‍റെ മുഖത്തെക്കുയരുന്ന തന്‍റെ മക്കളുടെ കണ്ണുകള്‍ കണ്ടു നില്‍ക്കാന്‍ കഴിയാത്ത മാതാപിതാക്കള്‍.
       
        ഇത്തരം ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്യുന്ന വാര്‍ത്തയാക്കുന്ന പലരുമായി സംസാരിച്ചു നോക്കി.പലരും പറയുന്നത് ഒരേ ന്യായം തന്നെ.കാശ് തരുന്നവനെ കൂടി ബോധിപ്പിക്കാന്‍ ആണത്രേ ഇങ്ങനെ ചെയ്യുന്നത്.
        


        പക്ഷെ അതോന്നുമല്ല കാര്യമെന്ന്‍ പകല്‍ പോലെ വ്യകതമാണ്എനിക്കറിയുന്ന ചില സന്നദ്ധസംഘടനകള്‍ ഉണ്ട്.ആവശ്യക്കാരന്റെ വീട്ടില്‍ സാധനം എത്തിച്ചു കൊടുക്കുന്ന ചിലര്‍.ഒരു ഫോട്ടോയും ഒരു തെളിവും അവരാരും ഉണ്ടാക്കി വെക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.
         
        പല സംഘങ്ങള്‍ അങ്ങനെ ഉണ്ടെങ്കിലും ഒന്നിനെ എടുത്തു പറയാം.എന്നെ പോലെ എനിക്കറിയുന്ന ഒരു കൂട്ടം ആളുകള്‍.കൊണ്ടോട്ടിയിലെ ബിസ്മി കള്‍ച്ചറല്‍ സെന്‍റര്‍.ഈ സ്കൂള്‍ തുറക്കുന്ന സീസണില്‍ രണ്ടായിരത്തോളം കുഞ്ഞുങ്ങളെ ആണ് ബുക്കും ബാഗും പുത്തന്‍ യൂനിഫോമുമായി അവര്‍ സ്കൂളില്‍ പറഞ്ഞു വിട്ടത്.റമളാന്‍ തുടങ്ങുന്നതിനു മുമ്പ് മൂവായിരത്തില്‍ അധികം കുടുംബങ്ങളുടെ വീട്ടില്‍ ഒരു മാസത്തെക്കുള്ള ഭക്ഷണസാധനങ്ങള്‍ അവര്‍ എത്തിച്ചു കഴിഞ്ഞു.ഇനിയും അതിലധികം ആളുകളുടെ വീട്ടില്‍ അവരെത്തിക്കുകയും അവിടെ വന്നു വാങ്ങുകയും ചെയ്യും.
അവിടെ നിന്ന് വാങ്ങിയതിന്റെ പേരില്‍ ഒരു പത്രത്തിലും ഫോട്ടോ വരില്ല.ഒരങ്ങാ-ടിയിലും ഫ്ലെക്സ് ബോര്‍ഡുകള്‍ ഉയരില്ല.

        
        വാങ്ങുന്നവന്റെ വാങ്ങാന്‍ വിധിക്കപ്പെട്ടവന്റെ അവകാശങ്ങളെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം ഫോട്ടോകള്‍ വേണോ എന്ന്‍ നമ്മള്‍ ഒന്നു കൂടെ ആലോചിക്കുന്നത് നന്നാവും.നാളെ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ഈ ഗതി വരില്ലെന്ന്‍ ഒരു നിശ്ചയവുമില്ല.
Share:

ഒരു മോട്ടി ബ്രോയും പിന്നെ ഞാനും

      ഒരുപാട് നാളുകള്ക്ക്ദ ശേഷം ഇന്നലെ ഒരു സുഹൃത്ത് വീട്ടില്‍ വന്നു.അവന്റെ് കൂടെ വേറൊരാളും ഉണ്ടായിരുന്നു.ഒരു യാത്രക്കിടെ പരിചയപ്പെട്ടവര്‍ ആണത്രേ അവര്‍.അയാള്‍ സ്വയം പരിചയപ്പെടുത്തി.കക്ഷി ഒരു ട്രെയിനര്‍ ആണ്...മോട്ടിവേഷന്‍ ക്ലാസുകള്‍ ഒക്കെ എടുക്കും.അവര്‍ പരിചയപ്പെട്ട സമയത്ത് എന്റെ സുഹൃത്ത് എന്നെ കുറിച്ച് അയാളോട് പറഞ്ഞിരുന്നുവത്രേ....അങ്ങനെ എന്നെ കാണാന്‍ വന്നതാണ്.
       വന്നതില് സന്തോഷം അറിയിച്ചു.സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അയാളെന്റെസ സുഹൃത്തിനോട് ഇനി ഞങ്ങള്‍ സംസാരിചോട്ടെ എന്ന്‍ അനുവാദം ചോദിച്ചു.ഞാനാകെ അന്തം വിട്ട് അവന്റെ മുഖത്ത് നോക്കിയപ്പോ ദയനീയമായി അവനെന്നെ നോക്കുന്നതിന്റെ അര്ഥം‍ എനിക്ക് മനസ്സിലായില്ല.
       അയാള്‍ സംസാരിച്ചു തുടങ്ങിയപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.വീല്‍ ചെയറില്‍ ഇരുന്ന്‍ ലോകത്തിന്റെത ചലനത്തെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്ന സ്റീഫന്‍ ഹോക്കിങ്ങിനെ കുറിച്ചും ഒറ്റകാല്‍ വെച്ച് ഒളിമ്പിക്സില്‍ ഓടിയ ആഫ്രിക്കക്കാരനെ കുറിച്ചും ബ്ലഡ് കാന്സറര്‍ വന്നതിനു ശേഷവും മാരത്തോണില്‍ പങ്കെടുത്ത അമേരിക്കക്കാരിയെ കുറിച്ചും ഒക്കെ പറഞ്ഞു കൊണ്ടിരിന്നു.ഇടക്ക് ബാഗില്‍ നിന്ന് ലാപ്പെടുത്ത് കയ്യും കാലുമില്ലാത്ത ഒരു സായിപ്പ് വള്ളത്തില്‍ ചാടുന്നതും ഗോള്ഫ്ി കളിക്കുന്നതും ഒക്കെ കാണിച്ചു തന്നു.ഒപ്പം കൈകളില്ലാത്ത ഒരമ്മ കാലു കൊണ്ട് തന്റെ കുഞ്ഞിനെ ഊട്ടുന്ന ഒരു വീഡിയോയും.ഞാനാകെ മോട്ടിവേഷിതനായി.വിജ്രംബിച്ച് ഇരുന്ന്‍ കൊടുത്തു.
      പാവം!!!ആ സാധുവിനറിയില്ല എന്റെര വല്ല്യുപ്പയുടെ പേര് ഉമര്‍ എന്നാണെന്നും പ്രവാചകന്‍ മുഹമ്മദിന്റെയും അമീറുല്‍ മുഅമിനീന്‍ ഉമര്‍ ഖത്താബിന്റെയും ഉമര്‍ മുഖ്ത്താറിന്റെയും സലാഹുദ്ധീന്‍ അയ്യൂബിയുടെയും ചരിത്രം പറഞ്ഞു തന്നാണ് അദ്ദേഹം എന്നെ വളര്ത്തി യതെന്നും.
      പോവാനിറങ്ങുമ്പോള്‍ അദ്ദേഹം എന്നോട് വീണ്ടും പറഞ്ഞു തളരരുത് എന്നും ഒരു വസ്തുവും വെറുതെ അല്ലെന്നും.നിന്ന് പോയ ഒരു ക്ലോക്ക് പോലും ദിവസത്തില്‍ രണ്ടു തവണ കൃത്യ സമയം കാണിക്കുമെന്നും.ഇത്രയുമായപ്പോള്‍ മുട്ട് തീര്ക്കാനന്‍ ഒരു ചോദ്യം ചോദിച്ചു.അല്ലാ ഈ നിഷ്ചലമായ ക്ലോക്ക് കൊണ്ട് സാര്‍ ഉദ്ദേശിച്ചത് എന്നെയാണോ?വിശദീകരിക്കാന്‍ പാവം പാട് പെടുന്നത് കണ്ട് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
Share:

Facebook Profile

Popular Posts

Followers

Recent Posts