നടുക്കുന്ന ഓരോര്‍മയില്‍ .......

ദയാവധം അത് പെട്ടന്നാണ് നമ്മുടെ ചര്‍ച്ച മണ്ഡലങ്ങളില്‍ വന്നു മറഞ്ഞത്.ദയ,മനുഷ്യന്റെ മനസ്സിലുണ്ടാകുന്ന ഏറ്റവും ആര്‍ദ്രമായ ഒരു വികാരം.വധം,മനുഷ്യന്റെ ഏറ്റവും ക്രൂരമായ പ്രവര്‍ത്തി.രണ്ട് ദ്രുവങ്ങളിലിരിക്കുന്ന ഈ രണ്ട് പദങ്ങള്‍ തന്നെ എങ്ങനെ കൂടിച്ചേര്‍ന്നു എന്നത് തന്നെ ആശ്ചര്യജനകമാണ്
കോടതി വിധിയുടെയോ,ദയാവധത്തിന്റെയോ ധാര്‍മികത പറയാനോ ചര്‍ച്ചക്ക് വെക്കാനോ ഒന്നുമല്ല എന്റെ ഈ കുറിപ്പ്.കലര്‍പ്പില്ലാതെ ഞാന്‍ കണ്ട ഒരു കാഴ്ച്ച പറയാന്‍ മാത്രം.
ഞാനറിഞ്ഞടത്തോളം കോടതി വിധി ഇങ്ങനെ,ദയാവധം ഇപ്പോള്‍ നടപ്പാക്കാന് പറ്റില്ല.എന്നാല് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഹൈകോടതിയുടെ അനുമതിയോട് കൂടി ജീവന്‍ രക്ഷാഉപകരണങ്ങളെടുത്ത് മാറ്റി നിഷ്ക്രിയ ദയാവധം ആവാം എന്നാണ്.
ഇനി കാര്യങ്ങളിലേക്ക് വരാം.ഒരാക്സിടെന്റ് സംഭവിച്ച് ഒരു സുപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ന്യൂറോ സര്‍ജറി ICU വില് 39 ദിവസം കഴിച്ച് കൂട്ടേണ്ടി വന്നിട്ടുണ്ട്.8-9 ദിവസങ്ങള്‍ അബോധാവസ്ഥയിലായിരുന്നെങ്കിലും ബാക്കിയെല്ലാ ദിവസങ്ങളിലും പുര്‍ണമായ ബോധാവസ്ഥയില്‍ മരണം തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ എല്ലാത്തിനും സാക്ഷിയായി കഴിഞ്ഞ് കൂടേണ്ടി വന്നിട്ടുണ്ട്.
അബോധാവസ്ഥയില്‍ നിന്നുണര്‍ന്നത് മുതല്‍ ഓരോ കാഴ്ചകളും ഞാന്‍ കണ്ടു കൊണ്ടിരുന്നു.മരണത്തെ പേടിച്ച് ഉറങ്ങാതിരുന്ന രാത്രികളില്‍ തൊട്ടടുത്ത ബെഡില്‍ ആളുകള്‍ മരിച്ച്കൊണ്ടിരിക്കുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു.ഒരു രാത്രിക്കോ ഒരു പകലിനോ വേണ്ടി വിരുന്ന വരുന്ന രോഗികളായിരുന്നു ICU വിലധികവും.ബെഡ്ഡിലെത്തി 2-3 മണിക്കൂറിനകം മരണം സംഭവിച്ച് തിരിച്ച് കൊടുക്കുന്ന ഒരു തണുത്ത അന്തരീക്ഷം.
ഞാന്‍ കണ്ട് തുടങ്ങിയത് മുതല്‍ അവിടെ 3 ദിവസത്തിലധികമുണ്ടായിരുന്നത് ഞാനടക്കം 4 പേര്‍ മാത്രം.ഒന്നെന്റെ ഇടത് വശത്തെ ബെഡിലും മറ്റ് രണ്ട് പേര്‍ എന്റെ തൊട്ട് മുന്‍പിലെ ബെഡിലും.ഞാനല്ലാതെ മറ്റ് മൂന്ന് പേരും വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നില നിര്ത്തുന്നവരായിരുന്നു.(ഏതാനും ദിവസം മുമ്പ് വരെ ഞാനും വെന്റിലേറ്ററിലായിരുന്നു.)
എന്റെ ഇടത് വശത്തെ ബെഡ്ഡിലുണ്ടായിരുന്നത് ഒരു പ്രായം ചെന്ന സ്ത്രീ ആയിരുന്നു.ഒരു ദിവസം ഡോക്ടറും നഴ്സുമാരും കൂടി നിന്ന് സംസാരിക്കുന്നതില് നിന്ന് ആ അമ്മയുടെ അസുഖം ഞാന്‍ മനസ്സിലാക്കി."ബ്രയിന് ഡെത്ത്".
എപ്പോഴും സൈറണടിച്ച് കൊണ്ടിരിക്കുന്ന ഒരു വെന്റിലേറ്ററായിരുന്നു ആ അമ്മയുടേത്.നട്ടപ്പാതിരാക്ക് സൈറണടിക്കുമ്പോള്‍ ഉറക്കച്ചടവോടെ പ്രാകിക്കൊണ്ട് എഴുന്നേറ്റ് വരുന്ന നഴ്സുമാരെ എനിക്ക് കാണേണ്ടി വന്നിട്ടുണ്ട്.എന്നിട്ടവരെന്തോ ചെയ്ത് സൈറന്‍ നിര്‍ത്തുകയും തിരിച്ച് പോവുകയും ചെയ്യുന്നത് ഞാന്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു.
ഒരു ദിവസം രാവിലെ visitors time കഴിഞ്ഞ് കുറച്ച് സമയത്തിന് ശേഷം ഒരു കൂട്ടം പള്ളീലച്ചന്മാരും sister മാരും വന്ന് അമ്മയുടെ ചുറ്റും നിന്ന് എന്തെക്കയോ പ്രാര്‍ത്ഥന നടത്തി തിരിച്ച് പോയി.ഒരിക്കലും സംസാരിച്ച് കേട്ടിട്ടില്ലാത്ത കണ്ണ് തുറന്ന് എന്നെയൊന്ന് നോക്കുക പോലും ചെയ്തിട്ടില്ലാത്ത അമ്മക്ക് വേണ്ടി ഞാനും പ്രാര്‍ഥിച്ചു.
കുറച്ച് സമയം കഴിഞ്ഞ് ആ അമ്മയുടെ അടുത്ത് വന്ന രണ്ട് പേര്‍ കുറച്ച് സമയം അവിടെ നിന്ന് കരഞ്ഞിട്ട് അവിടെ നിന്നും തിരിച്ച് പോവുന്നത് ഞാന്‍ കണ്ടു.അതൊരു പതിവില്ലാത്തപരിപാടിയായിരുന്നു.visitors time കഴിഞ്ഞാല്‍ ബന്ധുക്കളെ കാണിക്കാറുണ്ടായിരുന്നില്ല.
ഒരുച്ചയോട് അടുത്ത് കാണും,rounds കഴിഞ്ഞ് തിരിച്ച്പോയ ഡോക്ടര്‍ വീണ്ടും വന്നു.ഞാന്‍ ശങ്കിച്ചു. പുതിയ രോഗികളൊന്നും വന്നിട്ടില്ലല്ലോ,പിന്നെന്തിനാ ഇയാളിവിടെ!നഴ്സുമാരോടൊന്നിച്ചുള്ള അല്പസമയത്തെ സംസാരത്തിന് ശേഷം ആ അമ്മയുടെ അടുത്തേക്ക് വന്നു.എന്താണെന്നറിയാന് ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയില് തീര്‍ത്തും അപ്രതീക്ഷിതമായി അവര്‍ കര്‍ട്ടന്‍ വലിച്ചിട്ടു.(അവിടെ അങ്ങനെയൊരു പതിവേ ഉണ്ടായിരുന്നില്ല)
ഒരു5-10 മിനുറ്റ് കഴിഞ്ഞ് കാണും.കര്‍ട്ടന്‍ നീക്കിവെച്ച് അവരെല്ലാം അവിടെനിന്ന് പോയി.പതിയെ അമ്മയെ നോക്കിയപ്പോള്‍ വെന്റിലെടരെല്ലാം ഊരിയിരിക്കുന്നു.എനിക്കാശ്വാസമായി.പാവം അമ്മ,സുഖം പ്രാപിച്ച് വരുന്നു.ഇന്ന് വെന്റിലെടര്‍ ഊരി,നാളെ കണ്ണുതുറക്കും,മറ്റന്നാള്‍ എന്നോട് സംസാരിക്കും എന്നിങ്ങനെ വിചാരിച്ച് കൊണ്ടിരിക്കുമ്പോള് ആ അമ്മ ഒരു ഭയങ്കര പിടച്ചില്‍ .
എനിക്കൊന്നും മനസ്സിലായിരുന്നില്ല എന്താണവിടെ സംഭവിച്ചതെന്ന്.പക്ഷെ പതുക്കെ പതുക്കെ എനിക്ക് കാര്യങ്ങള്‍ മനസ്സിലായി.അവരാ വെന്റിലേറ്ററൂരും വഴി ആ അമ്മയെ മരണത്തിന് വിട്ട് കൊടുക്കുകയായിരുന്നു.
ഈ സംഭവം നടന്നത് ഒരാറേഴ് വറ്ഷം മുമ്പാണ്‍.നിഷ്ക്രിയ ദയാവധം ഹൈക്കോടതിയുടെ അനുമതിയോട് കൂടി നടത്താമെന്ന് വിധി വരുന്നത് ഈ കഴിഞ്ഞ ആഴ്ചയും....!
Share:

54 comments:

 1. എന്ത് പറയും..... അതും റഈസിനോട് ...

  ഒന്നെനിക്കറിയാം
  ഐസീയൂവില്‍ വേദന വന്ന് കരഞ്ഞ് നിലവിളിച്ച അത്രയും ദിവസം മരണമാണ് ഇതിലും നല്ലതെന്ന് ഞാന്‍ അഗ്രഹിച്ചിരുന്നു ഒരുപാടൊരുപട്

  ReplyDelete
 2. വിധി എന്ന രണ്ടക്ഷരത്തിന്‌ ഒരുപാട് അര്‍ത്ഥങ്ങളുണ്ട് :(

  ReplyDelete
 3. ഈ കാര്യത്തിൽ ശരിയേത്‌ എന്നു പറയാൻ കഴിയുന്നില്ല..

  ReplyDelete
 4. നിയമത്തിന്റെ അനുമതിയോടെ നടക്കാന്‍
  പാടില്ലാത്ത ,നടത്താന്‍ പാടില്ലാത്ത എത്രയോ
  കാര്യങ്ങള്‍ അല്ലാതെ നടക്കുന്നു ..നടത്തുന്നു ..
  പലതും അറിയുന്നവര്‍ അതുമായി അടുത്തവര്‍
  മാത്രം .അറിയുന്നവര്‍ ചിലര്‍ പ്രതികരണ ശേഷി
  ഉള്ളവര്‍ മറ്റ് ചിലര്‍ ഉണ്ടെങ്കിലും ഒന്നും ചെയ്യാന്‍
  ആവാത്ത നിസ്സഹായര്‍ .....

  ReplyDelete
 5. ഹാഷിം പറഞ്ഞ പോലെ
  പറയാന്‍ വാക്കുകളില്ല,
  കൈ വിറക്കുന്നു..
  തൊണ്ട വരളുന്നു...

  കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കില്‍..
  ആ അമ്മയും നിലവിളിച്ചു കാണില്ലേ,
  ആ അവസാന പിടച്ചിലില്‍...

  ReplyDelete
 6. ഇതൊക്കെ വായിക്കുമ്പോള്‍ എന്തോ...ഞാന്‍ വല്ലാതെയാവുന്നു. അവസാനമായി വെന്റിലേറ്ററില്‍ കണ്ട എന്റെ പ്രാണേശ്വരി ജമീലയെ ഓര്‍ത്തു പോകുന്നു....റ ഈസും ഹാഷിമും കുറെ ആസ്പത്രികളില്‍ കിടന്നതിനാല്‍ അവരൊക്കെ ധാരാളം അനുഭവിച്ചിരിക്കും.നമ്മെ എല്ലാവരെയും അത്തരം ഘട്ടങ്ങളില്‍ നിന്നു പടച്ചവന്‍ രക്ഷിക്കട്ടെയെന്നു പ്രാര്‍ത്ഥിച്ചു കൊണ്ട്.....

  ReplyDelete
 7. തികച്ചും നടുക്കുന്ന
  ഓര്മ തന്നെ

  ReplyDelete
 8. ആ പിടച്ചില്‍ കണ്‍ മുന്‍പില്‍ കണ്ടത് പോലെ..ഒരു പക്ഷെ ഇനി ഇങ്ങനെ കാലങ്ങളോളം കിടന്നാലും രക്ഷപ്പെടില്ലെന്ന അറിവാകാം അങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത്

  ReplyDelete
 9. വല്ലാത്ത ഒരു അനുഭവം തന്നെ.

  ReplyDelete
 10. ബ്രെയില്‍ ഡെത്ത് സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ എന്ത് ചെയ്യും ?? വൈദ്യ ശാസ്ത്രം തോല്‍ക്കുന്നിടത്തു വേറെന്തു വഴി ? അനക്കമില്ലാതെ എത്രനാള്‍ അവര്‍ക്കങ്ങനെ തുടരാനാവും ?ചോദ്യങ്ങള്‍ ഒരുപിടിയാണ് ...

  ReplyDelete
 11. എന്തെഴുതണം?
  എത്ര എത്ര ഐ സി യുകളില്‍ ദയാവധങ്ങള്‍ തുടരുന്നുണ്ടാകും?
  ദൈവം കാക്കട്ടെ.

  ReplyDelete
 12. അനുഭവസ്ഥര്‍ക്ക് മാത്രമേ ഇതിന്റെ തീവ്രത അറിയൂ.
  ശരിക്കും കണ്ണ് നിറയുന്നു.
  ദൈവമേ ..
  ഇത്തരം വെന്റിലേറ്റരില്‍ കിടത്താതെ എന്നെ അങ്ങോട്ടെടുത്തോളണേ.

  ReplyDelete
 13. എന്താ പറയാ... അംഗീകരിക്കാനേ കഴിയുന്നില്ല ആ ക്രൂരതയെ...

  ReplyDelete
 14. പറയാന്‍ വാക്കുകളില്ലാതെ പിന്‍വാങ്ങുന്നു

  ReplyDelete
 15. പറയാന്‍ വാക്കുകളില്ല,,,,

  ReplyDelete
 16. എന്തു പേരിട്ട് വിളിച്ചാലും ക്രൂരത തന്നെ...

  ReplyDelete
 17. ഇതു വരെ ദയാവധത്തെക്കുറിച്ചു ഒരഭിപ്രായത്തെക്കുറിച്ചു ഞാന്‍
  ചിന്തിച്ചിരുന്നില്ല. ഈ പോസ്റ്റ് കണ്ടപ്പോള്‍ എന്റെ അഭിപ്രായം
  ഒരിക്കലും ദയാവധം അനുവദിക്കരുത്..നിയമം ഇല്ലാതിരുന്നിട്ടും
  ചെയ്യുന്നവര്‍ എത്ര? അപ്പോള്‍ നിയമം അനുവദിച്ചാലുള്ള
  അവസ്ഥയോ..
  ‘,മറ്റന്നാള്‍ എന്നോട് സംസാരിക്കും എന്നിങ്ങനെ വിചാരിച്ച്
  കൊണ്ടിരിക്കുമ്പോള് ആ അമ്മ ഒരു ഭയങ്കര പിടച്ചില്‍ .‘
  ഈ വാക്കുകള്‍ വായിച്ചപ്പോള്‍ മനസ്സ് വല്ലാതെ നൊന്തു:(

  ReplyDelete
 18. ജനിച്ച കുട്ടിക്ക് പലവിധ വൈകല്യങ്ങളുണ്ടെങ്കിലും ഒരമ്മ മക്കളെ മരിക്കാന്‍ വിടില്ല. എന്നാല്‍ ചില മക്കളോ? തങ്ങള്‍ക്കു കരുത്തും സമ്പത്തുമുള്ളപ്പോള്‍ പോലും നോക്കാന്‍ സമയമില്ലാത്തതിന്റെ പേരിലും മറ്റും മരണത്തിനു അവരെ വിട്ടു കൊടുക്കാന്‍ മനസ്സുകൊണ്ടെങ്കിലും തയ്യാറാകുന്നു. അതിനും നമ്മള്‍ പറയുന്നതു ദയ എന്നു തന്നെ.

  ശരിയോ തെറ്റോയെന്നു സ്വയം തിരിച്ചറിയാന്‍ കഴിയാത്ത എന്തൊക്കെയോ മാറ്റങ്ങള്‍ നമ്മില്‍ സംഭവിക്കുന്നു. ശരിതെറ്റുകള്‍ ആര്‍ നമുക്കു വ്യക്തമാക്കിത്തരുന്നു എന്ന ഒരന്വേഷണം നാം നടത്തേണ്ടിയിരിക്കുന്നു. പക്ഷേ അതെങ്ങനെ?

  ReplyDelete
 19. thought provoking post.

  Rayees... you have gone through many rarest moments.
  Keep posting...

  ReplyDelete
 20. @മുഖ്താറ്.സഖാവേ....അന്നേരം ആ അമ്മക്കെന്ത് തോന്നി എന്നെനിക്കറിയില്ല.എന്നാല് എനിക്ക് കാര്യം മനസ്സിലായപ്പോള് കണ്ണാകെ വറ്റി വരണ്ടു,വായില് കട്ടിയുള്ള ഒരുമിനീര് നിറഞ്ഞു.നാം പറയാറില്ലേ,പേടിച്ച് തൊണ്ട വരളുക എന്നെല്ലാം,വെറും ബഡായി മാത്രമാണെന്ന്,അന്ന് മനസ്സിലായി

  ReplyDelete
 21. സത്യം..പറയാൻ വാക്കുകളില്ല,

  “നാളെ കണ്ണുതുറക്കും,മറ്റന്നാള്‍ എന്നോട് സംസാരിക്കും എന്നിങ്ങനെ വിചാരിച്ച് കൊണ്ടിരിക്കുമ്പോള് ആ അമ്മ ഒരു ഭയങ്കര പിടച്ചില്‍ .“


  ആ രംഗങ്ങൾ മനസ്സിൽ ആവാഹിക്കാൻ പോലുമാകുന്നില്ല.
  ..
  ആശംസകൾ, ബ്ലോഗ് പരിചയപ്പെടുത്തി തന്ന കൂതറ ഹാഷിമിനും നന്ദി

  ReplyDelete
 22. എനിക്കും പറയാന്‍ വാക്കുകളില്ല. ഈ നേര്‍ക്കാഴ്ച വിശ്വസിക്കാതിരിക്കാനും വയ്യ. മനസ്സൊന്നു പിടഞ്ഞു.

  ReplyDelete
 23. എന്ത് പറയണം അറിയില്ല കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു ആ അമ്മയെ പോലെ ഒരിക്കല്‍ നമ്മളും ആ ഡോക്ടറും അനുഭവിക്കേണ്ടി വന്നാല്‍ ദൈവം കാക്കട്ടെ..
  ഡോക്ടറും, രാജാവും, പാവപെട്ടവനും, എല്ലാം ദൈവത്തിന്റെ കയ്യില്‍ ഒന്നുപോലെ..
  ദയാ വധം ചെയ്യുന്നവര്‍ അതിന്റെ വേദന അനുഭവിക്കട്ടെ...

  ReplyDelete
 24. വാക്കുകളില്ല കമെന്റെഴുതാന്‍, ആ പിടച്ചില്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നു. അത്തരം ദുരിതങ്ങളില്‍ പെടുത്തരുതെ എന്ന് മാത്രമാണ് സര്‍വ്വശക്തനോടുള്ള പ്രാര്‍ത്ഥന.

  ReplyDelete
 25. ശരിയോ തെറ്റോ എന്ന് പറയാന്‍ കഴിയുന്നില്ല.....ദയാവധത്തിന് നിയമം അനുവദിക്കാത്ത നമ്മുടെ നാട്ടില്‍ മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ എന്ത് നിയമത്തിന്റെ ബലത്തിലാണ് നീക്കം ചെയ്ത് മറ്റൊരാളുടെ ജീവന്‍ നീട്ടി കൊടുക്കുന്നത്? ഫലത്തില്‍ രണ്ടും ഒന്ന് തന്നെയല്ലേ? ആദ്യത്തേത് ചെയ്യുമ്പോള്‍ ക്രൂരതയും രണ്ടാമത്തേത് നടപ്പാക്കുമ്പോള്‍ അതൊരു മഹത്കാര്യവും ആകുന്നതെങ്ങനെ?

  റഈസ് പറഞ്ഞത് വളരെ ഹൃദയസ്പര്‍ശിയായ ഒരു കാര്യമാണ്...അത് നേരില്‍ കാണേണ്ടി വന്ന റഈസിന്റെ അവസ്ഥ അതിലേറെ വിഷമിപ്പിക്കുന്നു..

  ReplyDelete
 26. ഇതില്‍ ക്രുരത കാണാന്‍ എനിക്ക് കഴിയുന്നില്ല ..........ആ അമ്മയും ആഗ്രഹിച്ചത്‌ മരണം തന്നെയായിരിക്കും ..

  ReplyDelete
 27. പറയാന്‍ വാക്കുകളില്ല.
  ആര്‍ക്കും ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ

  ReplyDelete
 28. "അമ്മയെ തല്ലിയാലും രണ്ടു പക്ഷം !!!" :-(

  ReplyDelete
 29. This comment has been removed by the author.

  ReplyDelete
 30. റൈഇസിന്റെ വാക്കുകൾ മനസ്സിന് വല്ലാതെ അലോസരപെടുത്തി.. വിധിയെ പറഞ്ഞ് സമാധാനിക്കുക. ക്ഷമക്ക് പുണ്യമുണ്ട്. ബ്രൈൻ ഡെത്ത് സംഭവിച്ചവർക്ക് ദയാവധം നൽകാം എന്നാണ് എന്റെ അഭിപ്രായം. കാരണം ശരീരത്തിൽ ജീവൻ ഉണ്ടെങ്കിലും ആത്മാവ് വിട്ടുപോയി. വെന്റിലേറ്ററിൽ ഉപകരണങ്ങൾ വഴി എത്രയും കാലം ജീവൻ നിലനിർത്താം. എന്നാൽ ഉപകരണം ഡിസ്കണക്റ്റ് ചെയ്യുന്നതോടെ ശരീരം നിശ്ചലമാകും. ഇസ്രായീൽ പ്രധാനമന്ത്രി ഏരിയൽ ശരോണിന്റെ ശരീരം കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ശരോൺ എന്നേ മരിച്ചിരിക്കുന്നു. പക്ഷെ ശരീരത്തിന്റെ ജീവൻ ഇപ്പോഴും ബാക്കിയുണ്ടെന്ന് മാത്രം.

  ആത്മാവിനെയും ജീവനെയും കുറിച്ച് ഒരു പോസ്റ്റ് ഇവിടെയുണ്ട്.

  ReplyDelete
 31. ദയാവധം, എന്തിന്?
  മസ്തിഷ്ക്കമരണം സംഭവിച്ച ഒരാൾ ഒന്നും അറിയുന്നുണ്ടാവില്ല ?
  പിന്നെന്തിനു ആ മനുഷ്യനെ കൊല്ലണം?
  ഉറ്റവർക്കും ഉടയവർക്കും അത്തരക്കാരുടെ പരിചരണഭാരത്തിൽ നിന്നും രക്ഷപെടാൻ .
  അതല്ലേ ശരി ?
  നാം എല്ലാക്കാലവും ഇവിടെ ജീവിക്കുന്നില്ല.
  പിന്നെന്തിനു ദയാവധം?
  അവരെ പരിചരിച്ച് അവരോട് ദയ കാട്ടി അവരെ സ്വഭാവിക രീതിയിൽ മരിക്കാൻ അനുവദിക്കുന്നതല്ലേ ഉചിതം -
  ഉത്തമം – മനുഷ്യത്വം.
  മനുഷ്യമനസ്സ് സൽബുദ്ധിയിലേക്ക് സഞ്ചരിക്കട്ടെ……..
  പ്രാർഥനയോടെ………………………………………….

  ReplyDelete
 32. വ്യക്തമായ ഒരഭിപ്രായത്ത്തിന് ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടിയിരിക്കുന്നു.

  ReplyDelete
 33. റഈസ്‌, എന്‍റെ അച്ഛന്‍ മരിച്ചിട്ടും വെന്റിലേറ്റര്‍ വഴി
  ഒരാഴ്ച ജീവിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു,പക്ഷെ പൂര്‍ണ്ണ
  ആരോഗ്യത്തോടെ ഓടി നടന്നിരുന്ന അച്ഛന്‍റെ പെട്ടെന്നുള്ള
  ആ കിടപ്പ് ഓര്‍ക്കാന്‍ കൂടി എനിക്കാവുന്നില്ല,
  ഒരിക്കലും തിരിച്ചു ജിവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല
  എന്നറിഞ്ഞിട്ടും ഞങ്ങളുടെ സ്വാര്‍ത്ഥത കൊണ്ട്,
  അച്ഛന്‍ ജീവിച്ചിരിപ്പുണ്ട് എന്നാശ്വസിക്കാന്‍ വേണ്ടി മാത്രം,
  അങ്ങനെ വെന്റിലേറ്ററില്‍ കിടത്തുമ്പോള്‍ ഞങ്ങളനുഭവിച്ചിരുന്ന
  വിഷമം എത്രപേര്‍ക്ക് മനസിലാവും എന്നെനിക്കറിയില്ല.
  പലരും പലവട്ടം ഉപദേശിച്ചിട്ടും വെന്റിലേറ്റര്‍ മാറ്റാന്‍ ഞങ്ങള്‍
  തയ്യാറല്ലായിരുന്നു, അങ്ങനെ ഇടുന്നത് അച്ഛനോട് ചെയ്യുന്ന
  ക്രൂരതയാണെന്ന് എനിക്കറിയാമായിരുന്നു, എങ്കിലും എന്‍റെ
  സ്വാര്‍ത്ഥത ആ ക്രൂരതയെ ന്യായികരിച്ചു. പക്ഷെ ദൈവം
  ഞങ്ങളുടെ സ്വാര്‍ത്ഥതയ്ക്കു കൂട്ടുനില്‍ക്കാതെ ഒരാഴ്ച കഴിഞ്ഞപ്പോള്‍
  അദ്ദേഹത്തെ ഞങ്ങളില്‍ നിന്നും അകറ്റിക്കൊണ്ട് പോയി.
  ആ സംഭവം നേരില്‍ കാണേണ്ടി വന്ന റഈസിന്റെ അവസ്ഥ
  നടുക്കുന്നത് തന്നെയാണ് പക്ഷെ ആ അമ്മയുടെ മക്കളും അന്ന്
  ഞങ്ങള്‍ അനുഭവിച്ച അതെ അവസ്ഥയില്‍ ആയിരുന്നിരിക്കില്ലേ?
  അവരെ അതിനു സമ്മതിപ്പിച്ചത് എന്ത് സാഹചര്യമാണ് എന്ന്
  നമുക്കറിയില്ലല്ലോ...
  അതുകൊണ്ട് തന്നെ അവരെ കുറ്റം പറയാന്‍ എനിക്കാവില്ല.

  ReplyDelete
 34. @ഇസ്മായീല്‍:അതെന്ത് വര്‍ത്താനാ മാഷേ,സമയമാവാതെ അവിടെ ചെന്നിട്ട് എന്ത് ചെയാനാ?
  @ചക്രു:ആണെങ്കില്‍ ഓക്കേ,അല്ലെങ്കിലോ?ആ അമ്മ ഒരിക്കലും പറഞ്ഞ്ഞ്ഞില്ലല്ലോ എനിക്ക് മരിക്കനമെന്ന്‍
  @lipi ranju:നിങ്ങള്‍ അച്ഛനോട് കാണിച്ചത് സ്വാറ്ത്ഥയല്ല,നേരെ മറിച്ച് അച്ഛന്റെ അവകാശം വകവെച്ച് കൊടുക്കുക മാത്രമാണ്.ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ച് വരാന് ഒരു സാധ്യതയും ഡോക്ടര്‍മാര്‍ എനിക്ക് കല്പിച്ചിരുന്നില്ല.എന്നിട്ടും 14 ദിവസത്തിന് ശേഷം വെന്റിലേറ്ററ് ഊരി,ഞാന് ജീവിതത്തിലേക്ക് തിരിച്ച് വന്നു.ഇതിനിടയില് എപ്പൊഴെങ്കിലും എന്റെയും വെന്റിലേറ്റര് ഊരി മാറ്റിയിരുന്നെങ്കിലോ?.....

  ReplyDelete
 35. എന്താ പറയുക റയീസ്. ഇനിയൊന്നും ചെയ്യാനില്ല എന്ന് ഡോക്റ്റര്‍മാര്‍ കൈയൊഴിയുമ്പോളുള്ള അവസ്ഥ ഭയാനകമാണു. ഒരു തീരുമാനമെടുക്കാന്‍ ആവാതെ.
  ദൈവം നമ്മെ കാക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം.ഒപ്പം റയീസിനു വേഗം സുഖാവട്ടേന്നും പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 36. ജീവിതത്തില്‍ നമുക്കുണ്ടാകുന്ന എല്ലാ അഹങ്കാരവും നിമിഷ നേരം കൊണ്ട് തീരും അല്‍പ്പ ദിവസം ആശുപത്രിയില്‍ കഴിച്ചു കൂട്ടിയാല്‍. 54 ദിവസം മൈനഞജിറ്റീസ് ബാധിച്ച മകനുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ഞാന്‍ അവിടെ നിന്നിറങ്ങി വന്നതിന് ശേഷം ആരോടെങ്കിലും വര്‍ത്തമാനം പറയുമ്പോള്‍ പോലും വാക്കുകളില്‍ അല്‍പ്പം പോലും കര്‍ക്കശത വരാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു....ജീവിതത്തിന്റെ നിരര്‍ത്ഥത മനസിലാകുന്ന പരിസരം തന്നെ അത്.

  ReplyDelete
 37. റ ഈസ്, മോനേ! സ്വന്തം കാര്യം ഞാന്‍ എഴുതിയപ്പോള്‍ മോന്റെ കാര്യം എഴുതാന്‍ വിട്ടു പോയി.സുഖമല്ലേ എന്ന് എങ്ങിനെയാണ് ഞാന്‍ ചോദിക്കുന്നത്? സമാധാനം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമല്ലേ നമുക്ക് കഴിയൂ. അത് ഞങ്ങള്‍ നിര്‍വഹിക്കുന്നു.

  ReplyDelete
 38. മരണം അതിന്റെ സ്വാഭാവിക രീതിയില്‍ തന്നെ വേണം. ഇല്ലെങ്കില്‍ നമ്മുടെ സ്വാര്‍ഥത കൂറേക്കൂടി ഭീകരമായ അന്തരീക്ഷമായിരിക്കും സമ്മാനിക്കുക.

  ReplyDelete
 39. പ്രബോധനത്തിലെ ഈ കുറിപ്പ് നന്നായി.  http://www.prabodhanam.net/Issues/19.3.2011/editorial.html

  ReplyDelete
 40. മരണം വിധിക്കാന്‍ നമുക്കവകാശമില്ല എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്...
  ഇതു വായിച്ചപ്പോ ശരിക്കും ആ ഭീകരാന്തരീക്ഷം ഞങ്ങളും അനുഭവിച്ചു റയീസ്..... എല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ...

  ReplyDelete
 41. ദയയും മരണവും ഒന്നാവും ചിലപ്പോള്‍ ചിലര്‍ക്ക് ..
  ശരി ഏതു ഭാഗത്താണ് എന്ന് മനസ്സിലാവില്ല പലപ്പോഴും ..

  നല്ല പോസ്റ്റ്‌ ആശംസകള്‍

  ReplyDelete
 42. palappozhum itharam avasarangalil vaakkukal parimithangal aakunnu..........

  ReplyDelete
 43. എല്ലാം വിധിയെന്നു പറഞ്ഞ് തള്ളിക്കളയാനവുമെന്നു ഞാന്‍ പറയില്ല..കാരണം എല്ലാം വിധിയാണെങ്കില്‍ പാവം ആ അമ്മയുടെ അവസാനത്തെ പിടച്ചില്‍ അത്ര വേഗം കാണേണ്ടി വരില്ലായിരുന്നു.ഇത്തരം ക്രൂരകൃത്യങ്ങള്‍ അതികവും സര്‍ക്കാര്‍ ആശുപത്രികളിലാണ് നടക്കുന്നത് അത് എന്തിന്റെ പേരിലായാലും.എകദേശം ഒരു മാസത്തോളം ഞാനും ICU ല്‍ കിടന്നിട്ടുണ്ട് അവിടത്തെ ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സിനെ വല്ലാതെ അലട്ടാറുണ്ട്.

  ReplyDelete
 44. റ ഈസ് ...അസുഖം എങ്ങനെയുണ്ട്.....എന്നെ ഓര്‍ക്കുന്നുണ്ടോ..ഇഖ്റ ഹോസ്പിറ്റലില്‍ നമ്മള്‍ ഒന്നിച്ചുണ്ടായിരുന്നു

  ReplyDelete
 45. എനിക്കൊന്നും പറയാനില്ല..സാബി പറഞ്ഞപോലെ കണ്ണുകള്‍ നിറഞ്ഞോഴുകുന്നുണ്ട്...ഇതെല്ലാം നേരില്‍ കണ്ട റഈസിന്‍റെ അവസ്ഥ ചിന്തിക്കാന്‍ പോലും കഴിയുന്നില്ല...ഈ വിഷയത്തെക്കുറിച്ച് അനുകൂലഅഭിപ്രായമായിരുന്നു മുന്‍പ്...പക്ഷെ ഈ നിമിഷം ഞാനെന്‍റെ മനസ്സുമാറ്റി...ദൈവത്തിന്‍റെ തീരുമാനങ്ങള്‍ക്ക് അപ്പുറം മറ്റൊന്നുമില്ല...

  ReplyDelete
 46. @മുസ്തഫ:അറിയാം സഖാവേ.....പക്ഷെ ബ്ലോഗ് ഇപ്പഴാ കണ്ടത്.കൊട്ടോട്ടി പറഞ്ഞിരുന്നു എഴുതുന്നുണ്ടെന്ന്.

  ReplyDelete
 47. അനുവദിക്കാന്‍ പറ്റാത്ത ക്രൂരത.
  പക്ഷേ രണ്ട് വശങ്ങളും നോക്കുമ്പോള്‍.......
  ഇല്ല ഒന്നും പറയാനില്ല.
  പക്ഷേ ഇത്തരം ക്രൂരതകള്‍ക്ക് കൂട്ട് നില്‍ക്കാന്‍ ആവില്ല.
  റഈസിന് പെട്ടെന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ത്തിക്കുന്നു

  ReplyDelete
 48. റയീസ് നോക്കൂ
  http://www.nattupacha.com/content.php?id=959
  അഭിനന്ദനങ്ങള്‍.

  ReplyDelete
 49. ആ സമയത്തെ റഈസിന്റെ മാനസികാവസ്ഥയാണു എനിക്കു ചിന്തിക്കാൻ സാധിക്കാത്തത്.ചില അനുഭവങ്ങൾ ചിന്താഗതിയിൽ തന്നെ മാറ്റം സംഭവിച്ചേക്കാം

  ReplyDelete
 50. വല്ലാത്തൊരനുഭവം നന്നായി പങ്കു വെച്ചിട്ടുണ്ട്. പിന്നെ, ജീവന്റെ അവധി നിശ്ച്ചയിക്കാൻ നാം ആര് എന്ന ചിന്തയാണ് ദയാവധത്തിന് എതിരായി നിൽക്കുന്നത്.

  ReplyDelete
 51. അനുഭവം പങ്കു വെച്ചതിനു ഒരുപാട് നന്ദി.

  ReplyDelete
 52. ..നോവോടെയല്ലാതെ ഈ പോസ്റ്റ്‌ കടന്നു പോകാനാവില്ല ,ഈ നൊമ്പരക്കൂട്ടില്‍ എന്റെ 'ആത്മഗതം!'

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts