തീർത്ഥം

        വാഹനാപകടത്തിൽ അകപ്പെടുക,അതിൽ ഗുരുതരമായി  പരിക്കേൽക്കുക,ഇതെല്ലാം അപൂർവ്വം ചിലർക്ക്‌ മാത്രം കിട്ടുന്ന ഒരസുലഭ സൗഭാഗ്യമാണ്.ഉദ്ദേശം ഏഴ് ‌വർഷം മുൻപ്‌ ആ ഭാഗ്യം എന്നേയും കടാക്ഷിച്ചു.
        ഞാൻ പഠിച്ച് കൊണ്ടിരുന്ന സ്കൂളിന്റെ വാർഷികത്തിന് വേണ്ടി ഒരുങ്ങുമ്പോൾ,വാർഷികത്തലേന്ന് അവസാന മിനുക്കു പണിക്കിടെ ഒരു ചെറിയ  ആകിസിടെന്റ്‌.ഞാൻ കോഴിക്കോട്‌ നഗരത്തിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യപ്പെട്ടു.നാലഞ്ച്‌ ദിവസത്തിന് ശേഷം ബോധാവസ്ഥയിലേക്ക്‌ ഞാൻ തിരിച്ച്‌ വരുമ്പോൾ ഐ സി യു വിൽ അതിരാജകീയമായ അവസ്ഥയിലായിരുന്നു.ഭക്ഷണത്തിന് മൂക്കിലൂടെ ട്യൂബിട്ട്‌ ശ്വാസം വെന്റിലേറ്ററിലാക്കി ഒരുപാട്‌ വയറുകളാലും മരുന്നുകളുടെ മണത്താലും ചുറ്റപ്പെട്ട ഒരവസ്ഥ.
      വായിലൂടെ വെന്റിലേറ്ററിന്റെ ട്യൂബ്‌ കുത്തിക്കയറ്റി ഇട്ടതിനാൽ ഒന്നും സംസാരിക്കാൻ പറ്റുന്നില്ല .ദിവസങ്ങളായി വായയും ചുണ്ടും നനഞ്ഞിട്ട്.‌തൊണ്ട വരണ്ടുണങ്ങിയും ചുണ്ട്‌ പൊട്ടിക്കീറിയും പോയിരുന്നു.ഒരു തുള്ളി വെള്ളത്തിന് വേണ്ടി വല്ലാതെ ആഗ്രഹിച്ച ദിവസങ്ങൾ.പുറത്തുപറയാൻ യാതൊരു മാർഗവുമ്മില്ല.കൈകളൊക്കെ മരവിച്ച പോലെ,നാവനക്കാൻ പറ്റുന്നില്ല,ആകപ്പാടെ ഒരു ഹലാക്കിലായപോലെ.എന്ത്‌ തന്നെയായാലും എനിക്ക്‌ വെള്ളം കിട്ടിയേ തീരൂ.ആവുന്ന പോലെ എന്തോ ശബ്ദമുണ്ടാക്കി ഞാൻ സിസ്റ്ററെ വിളിച്ചു.
      പാതിമാത്രം ചലിക്കുന്ന ചുണ്ടുകളും കണ്ണുകളുമുപയോഗിച്ച്‌ ഞാൻ അവരോട്‌ വെള്ളത്തിനാവശ്യപ്പെട്ടു.അവർ ഒന്നും മനസ്സിലാവാതെ ദയനീയമായി എന്നെയൊന്ന് നോക്കി.വെള്ളം കിട്ടാതെ എനിക്ക്‌ വന്ന ദേഷ്യം ആ നോട്ടത്തിൽ സങ്കടമായും കരച്ചിലായും തീർന്നു.വരണ്ടു പൊട്ടിയ ചുണ്ടിലേക്ക്‌ വെറുതെ നാവ്‌ നുണഞ്ഞപ്പോൾ മുറിവിന്റെ നീറ്റൽ മാത്രമാണുണ്ടായത്‌.
    ഒരു തുള്ളി വെള്ളത്തിന് വേണ്ടി ജീവിതത്തിലിന്നോളം ഞാൻ ഇത്രയും ആഗ്രഹിച്ചിട്ടില്ല.നിറമുള്ള ജ്യൂസുകളും മറ്റ്‌ പാനീയങ്ങളും മൂക്കിലിട്ട ട്യൂബിലൂടെ പോകുന്നത്‌ നിസ്സഹായനായി നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു.കൈ തെറ്റി ആ പാത്രമൊന്ന് മുഖത്തേക്ക്‌ വീണെങ്കിൽ എന്ന് പോലും ഞാൻ ആഗ്രഹിച്ച്‌ പോയി.
    എല്ലാ ദിവസവും രാവിലെ ഡോക്ടർമാർ വരുമ്പോൾ ഞാൻ വെള്ളം ചോദിച്ചുകൊണ്ടിരിക്കും.അവരും പതിവായി എന്തൊക്കെയോ പറഞ്ഞിട്ട്‌ പോകും."കുഴപ്പമില്ല,ഉടനെ ശരിയാവും,അടുത്ത്‌ വീട്ടിൽ പോകാം"എന്നെല്ലാം.എന്റെ ആവശ്യം അതൊന്നുമായിരുന്നില്ല.ഒരു തുള്ളി വെള്ളം,അത്‌ മാത്രമായിരുന്നു എനിക്ക്‌ വേണ്ടത്‌.അത്‌ മാത്രം അവർ എനിക്ക്‌ അവർ അനുവദിച്ച്‌ തന്നില്ല
    പിന്നീടെപ്പെഴോ ഒരു സിസ്റ്റർക്ക്‌ ഞാൻ പറയുന്നത്‌ മനസ്സിലാക്കാൻ കഴിഞ്ഞു.എന്റെ ആവശ്യം വെള്ളം ആണെന്നറിഞ്ഞപ്പോൾ അവരെന്റെ ക്രിട്ടിക്കൽ സ്റ്റേജ്‌ എന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.അതൊന്നും എനിക്ക്‌ മനസ്സിലാവുന്നതായിരുന്നില്ല.വരണ്ടുണങ്ങിയ തൊണ്ടയിലേക്ക്‌ ഒരൽപം വെള്ളം.പക്ഷെ അതപ്പോഴും അകന്നു തന്നെ നിന്നു.
     12-13 ദിവസം ഐ സി യുവിന്റെ അരണ്ടവെളിച്ചത്തിൽ രാവും പകലു മറിയാതെ വെള്ളത്തിന് വേണ്ടി ഞാൻ കാത്തിരുന്നു.ഈ 13 ദിവസങ്ങൾക്ക്‌ ശേഷമാണ് വെന്റിലേറ്ററിന്റെ ട്യുബ്‌ എന്റെ വായിൽ നിന്നൂരുന്നത്‌.ഞാൻ വെള്ളത്തിന് വേണ്ടി ഉറക്കെ കരഞ്ഞു.1 മണിക്കൂറിന്‌ ശേഷം അൽപം വെള്ളം കൊടുക്കാൻ ഡോക്ടർ സിസ്റ്റ്ര്‍മാരോട് പറഞ്ഞു.1 മണിക്കൂറിൻ ഒരു യുഗത്തിന്റെ ദൈർഘ്യം ഉള്ളതായി അന്നേരം തോന്നി.1 മണിക്കൂറിൻ ശേഷം ഒരു കടൽ മുഴുവൻ അകത്താക്കാനിരുന്ന എന്റെ മുൻപിലേക്ക്‌ 10 മില്ലി ലിറ്ററിന്റെ സ്റ്ററിൽ വാട്ടറുമായി ഒരു സിസ്റ്റർ വന്നു.അന്നേരം വെള്ളം ചോദിച്ചപ്പോൾ സിസ്റ്റർ ഈ ബോട്ടിൽ ഉയർത്തി കാണിച്ചു.ദേഷ്യമാണോ സങ്കടമാണോ എന്താണ് അന്നേരം വന്നതെന്ന് എനിക്കറിയില്ല.അതെങ്കിലുമത്‌,ഞാൻ സമരം ചെയ്യാനോ മുദ്രാവാക്യം വിളിക്കാനോ പോയില്ല.ആർത്തിയോടെ വാ തുറന്നു.വിണ്ട്‌ പരന്ന ചുണ്ടിലേക്ക്‌ അവരാ ബോട്ടിൽ പൊട്ടിച്ച്‌ നേർത്ത ഉപ്പുരസമുള്ള വെള്ളമൊഴിച്ചപ്പോൾ നീറ്റലൊന്നും ഞാനറിഞ്ഞിരുന്നില്ല.പക്ഷെ,അതിന് മുൻപോ ശേഷമോ ആ 10ml-നോളം രുചികരമായ വെള്ളം ഞാൻ കുടിച്ചിട്ടില്ല.
Share:

Facebook Profile

Popular Posts

Followers

Recent Posts