കണ്ടു മറക്കുന്നവർ!!

വല്ലപ്പോഴുമൊക്കെ നിങ്ങൾ ആശുപത്രികൾ സന്ദർശിക്കണമെന്നും അത് ദൈവം നിങ്ങൾക്കേകിയ സൗഖ്യത്തെ നിങ്ങളെ തന്നെ ബോധ്യപ്പെടുത്തുമെന്നും പണ്ടൊരു ജ്ഞാനിയുടെ വാക്കുകൾ വായിച്ചതോർക്കുന്നു.

  ആശുപത്രിവരാന്തകൾ എന്നും പലതരം ജീവിതങ്ങളുടെ നേർകാഴ്ചയാവാറുണ്ട്.

കഴിഞ്ഞ ദിവസം ഒരു പകൽ മുഴുവൻ അങ്ങനെ ഒരു ആശുപത്രീടെ വരാന്തകളിലായിരുന്നു.

അമ്മയെ കൈകളിൽ ചേർത്ത് പിടിച്ച ആ മകൻ.

പിന്നിയ പേഴ്‌സിലെ ചുരുട്ടിയ നോട്ടുകൾ വീണ്ടും വീണ്ടും എണ്ണി നോക്കുന്ന ആ വല്ല്യുമ്മ..

തന്റെ പേര് വിളിക്കുന്നുണ്ടോ എന്നന്വേഷിച്ച് ഓരോ തവണയും ആ നഴ്‌സിന്റെ മുന്നിലേക്ക് വന്ന് കൊണ്ടിരിക്കുന്ന അപ്പൂപ്പൻ താടി കണക്കെയുള്ള ആ വയോധികൻ..

വേദന കടിച്ചമർത്തിയും ആശ്വസിപ്പിച്ചുമൊക്കെ ഒരുപാട് മനുഷ്യർ..

അതിനിടയിലും തങ്ങളുടെ ബിസിനസുമായെത്തുന്ന മെഡിക്കൽ റപ്പുമാർ..

എത്രയെത്ര മനുഷ്യരാണ് ഒരു പ്രപഞ്ചം മുഴുവൻ ഉള്ളിൽ പേറി കൊണ്ട് വരാന്തകളിൽ വന്നിരിക്കുന്നത്.

ഇതിനൊക്കെ ഇടയിലാണ് ആ കുഞ്ഞുമോളെ കണ്ണിൽ പെടുന്നത്.ഒരഞ്ചോ ആറോ വയസ്സ് തോന്നിക്കും.ഒരു കാല് മുഴുവൻ പ്ലാസ്റ്ററിട്ട് ആരോ വീർപ്പിച്ച് കൊടുത്ത ബലൂണും കയ്യിൽ പിടിച്ച് സ്ട്രക്ച്ചറിൽ കിടക്കുന്നു അവൾ.പല തവണ കണ്ണിറുക്കിയും ഗോഷ്ടി കാണിച്ചും അവളെ ചിരിപ്പിക്കാൻ നോക്കി.ഒരു ഭാവമാറ്റവും ഉണ്ടായില്ല അവൾക്ക്.

എനിക്ക് മുന്നേ ഡോക്ടറെ കാണിച്ചിറങ്ങിയ അവൾ തിരിച്ച് പോവുമ്പോ എന്നെ നോക്കി നിറഞ്ഞു ചിരിച്ചു.X-Ray എടുക്കാൻ ആണെന്ന് തോന്നുന്നു,അവളുടെ ഉപ്പ സ്ട്രക്ച്ചറും വലിച്ചു കൊണ്ട് പോയി.ഇനിയൊരിക്കലും കണ്ട് മുട്ടാനിടയില്ലാത്ത രണ്ട് പേർക്കിടയിൽ രണ്ട് ചിരികളുടെ മാത്രം ഓർമ...

ദൈവമേ..എന്തോരം മനുഷ്യരെയാണ് നമ്മൾ കണ്ടു മറന്ന് പോവുന്നത്...!!

Share:

ജന്നത്തിന്‍റെ മണമ്മുള്ളവള്‍!!

     ഫാത്തിമ സുഹറ,അതാണവളുടെ പേര്.ഒരുപാടാളുകൾ,അവർക്കൊക്കെ പ്രിയപ്പെട്ട പേരുകളിൽ അവളെ വിളിക്കാറുണ്ട്.പാത്തൂസ്,ഇമ്മൂസ്,അങ്ങനെയങ്ങനെ...

     എത്ര ഓർത്ത് നോക്കിയിട്ടും എങ്ങനെയാണാ പരിചയത്തിന്റെ തുടക്കമെന്നത് മറഞ്ഞു തന്നെയിരിക്കുന്നു ഇപ്പോഴും.അറിയില്ല,അല്ലെങ്കിൽ ഓർത്തെടുക്കാനാവുന്നില്ല.അല്ലേലും അതോർത്തെടുത്തിട്ട് വല്യ കാര്യമൊന്നും ഇല്ലല്ലോ..

     ഏത് പ്രകൃതിദുരന്തങ്ങൾ ഉണ്ടായാലും അക്രമങ്ങൾ കൊടി കുത്തി വാണാലും ദൈവം ഈ അണ്ഡകടാഹത്തെ ഇങ്ങനെ തന്നെ നിലനിർത്താനുള്ള കാരണം ഇവിടങ്ങളിലെ മിണ്ടാപ്രാണികൾക്കൊപ്പം നിഷ്കളങ്കരായ ചില മനുഷ്യർ കൂടിയാണ്.അങ്ങനെയുള്ള ദൈവത്തിന് പ്രിയപ്പെട്ടവരിൽ ഒരാളായിരുന്നിരിക്കണം സുഹറ,അല്ലെങ്കിൽ എങ്ങനെയാണൊരാൾക്കിത്രയും നൈർമല്യം വന്നു ചേരുന്നത്.

പ്രിയപ്പെട്ടവരുടെ കൈകളിൽ മൈലാഞ്ചിച്ചോപ്പുകൊണ്ട് വിസ്മയങ്ങൾ തീർത്തിരുന്നു അവൾ.ഇന്ന് ആ മൈലാഞ്ചിച്ചെടിയുടെ ചോട്ടിലേക്ക് ഉണരാത്ത ഉറക്കത്തിലേക്ക് നടന്നുപ്പോയപ്പോഴും മായാതെ നിൽക്കുന്നുണ്ടാകും പല കൈകളിലും ആ ചുവപ്പ്.ആ മുറിയിലിപ്പോൾ ഒറ്റക്കായിട്ടുണ്ടാവും നിന്നെത്തേടി എത്തിയ പുരസ്കാരങ്ങളും നീയുണ്ടാക്കിയ വിത്ത്പേനകളും.

  നിരന്തരമുള്ള ഫോൺകോളുകളോ കാഴ്ചകളോ ഇക്കാലമത്രയും ഞങ്ങൾക്കിടയിലുണ്ടായിട്ടില്ല.എന്നിട്ടും ഓരോ തവണ കാണുമ്പോഴും വിളിക്കുമ്പോഴും ഒരല്പം മുമ്പ് കണ്ട് പിരിഞ്ഞ പോലെ,വിളിച്ചു വെച്ച പോലെ സംസാരിക്കും.കൈ കൂപ്പി കേട്ടിരുന്നിട്ടുണ്ട്,സഹനത്തിന്റെ പോരാട്ടത്തിന്റെ അവളുടെ കഥകൾ.സുഹറാ, പ്രിയപ്പെട്ടവളെ..ഇത്രയേറെ അവിചാരിതമായി ധൃതിപ്പെട്ട് നീ കളിയവസാനിപ്പിച്ച് തിരിച്ച് കയറി പോവുമെന്ന് അറിയുമായിരുന്നെങ്കിൽ നീ പറയാൻ ബാക്കി വെച്ചതൊക്കെ കേട്ടിരിക്കാമായിരുന്നല്ലോ..

Share:

IOC പ്ലാന്‍റ് സുരക്ഷിതമോ?

ഇക്കഴിഞ്ഞ 21 വെള്ളിയാഴ്ച്ച പുലർച്ചെ ചേളാരി പാണമ്പ്രവളവിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് തലനാരിഴയ്ക്ക് ഒരു വൻ അപകടം ഒഴിവായിരുന്നു.ഈ അപകടം പതിവ് പോലെ മറവിയിലേക്ക് വിട്ട് കൊടുക്കാൻ കഴിയാത്ത ഒന്നാണ്.

     പറഞ്ഞു വരുന്നത് ഇതിന് തൊട്ടടുത്താണ് ചേളാരിയിലെ IOC പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.മലബാറിനെ മുഴുവൻ ചുട്ടെരിക്കാൻ പാകത്തിൽ പെട്രോൾബോംബ് കണക്കെയുള്ള പ്ലാന്റ് ജനനിബിഢമായ ചേളാരിയുടെ ഹൃദയത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്.

     ബുള്ളറ്റ് ടാങ്കർ അപകടം ഉയർത്തുന്ന ചോദ്യങ്ങളിൽ പ്രധാനപ്പെട്ടത് IOC പ്ലാന്റിന്റെ സുരക്ഷയെക്കുറിച്ചാണ്.കമ്പനി അധികൃതർ വാദിച്ചു കൊണ്ടിരിക്കുന്ന പോലെ യാതൊരു തരത്തിലുള്ള സുരക്ഷയും പ്ലാന്റിൽ ഇല്ലെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു അപകടം.ടാങ്കർ മാറ്റി നിറക്കാനും ലീക്കേജ് കുറക്കാനും  ഉള്ള സാങ്കേതികവിദ്യയോ വിദഗ്ധരോ പ്ലാന്റിൽ ഇല്ലെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഏറ്റവും അവസാനം നടന്ന അപകടം.എന്തിനേറെ,ടാങ്കർ തണുപ്പിച്ച് നിർത്താനുള്ള സൗകര്യങ്ങൾ പോലും പ്ലാന്റിൽ ഉണ്ടായിരുന്നില്ല.

     യാതൊരു സുരക്ഷമുൻകരുതലുകളും ഇല്ലാതെ ജനവാസ മേഖലയിൽ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടോ കൂട്ടുകളിക്കുന്നുണ്ടെന്ന് സംശയിക്കാവുന്ന തരത്തിലോ പ്രവർത്തിച്ചു കൊണ്ടിരുന്ന IOC ഒരു ജനതയുടെ തന്നെ ഉറക്കം കെടുത്തി കൊണ്ടിരിക്കുകയാണ്.
Share:

മനുഷ്യന്‍!!

     അത്രയും കാലം താൻ ചേർത്ത് പിടിച്ച് മകളെന്ന് വിളിച്ചവളുടെ പിറവിക്ക് കാരണം താനല്ലെന്നറിയുമ്പോഴും ഞാനവളെ സ്നേഹിക്കുന്നത് കൊണ്ട് മകളെന്ന് തന്നെ വിളിക്കുമെന്ന് തീരുമാനിക്കുന്ന ഗുരു സാഗരത്തിലെ കുഞ്ഞുണ്ണിയെ കണ്ണ് നിറഞ്ഞാണ് എപ്പോഴും വായിക്കാറ്..

     മരുഭൂമിയിലെ തന്‍റെ ഏകാന്തതയിൽ ഒരാടിനെ തന്‍റെ മകനെകണക്ക് സ്നേഹിച്ച് നബീലെന്ന് പേരിട്ട് വിളിച്ച് അവന്റെ മുട്ടത്വം മുറിച്ചു കളയുമ്പോള്‍ വാവിട്ട് കരയുന്ന നജീബിനെ വായിക്കുമ്പോ നെഞ്ചിലൊരു ഭാരം അനുഭവപ്പെടും.

     കൊറിയർ കമ്പനിയുടെ വിമാനം തകർന്ന് മറ്റാരും ഇല്ലാത്ത ഒരു ദ്വീപിൽ ഒറ്റപ്പെടുമ്പോൾ ചക്ക് നൊളന്റ് കൊറിയർ ബോക്സുകളിൽ ഒന്നിൽ നിന്ന് ലഭിച്ച പന്തിന് കണ്ണും മൂക്കും വരച്ച് അതിന് വിൽസൻ എന്ന് പേരിടുന്നുണ്ട്.കാസ്റ്റ് എവേ എന്ന സിനിമയുടെ അവസാനം ആ പന്ത് നഷ്ടമാവുമ്പോ ഭ്രാന്തനെ പോലെ അലറി വിളിക്കുന്ന ചക്ക് നൊളന്റ് എന്നും ഒരു നോവോർമയാണ്.

     സിനിമകൾക്കും നോവലുകൾക്കും അപ്പുറം കാരണങ്ങൾ ഇല്ലാതെ മനുഷ്യനെയും ഇതരജീവികളെയും ഒക്കെ സ്നേഹിക്കുന്നവരെ കാണുമ്പോ അവരുടെ ഇടയിൽ ജീവിക്കാനായതാണ് ദൈവം തന്ന അനുഗ്രഹം എന്ന് തോന്നി പോവും.അല്ലേലും നിലക്കാത്ത കാരണങ്ങളില്ലാത്ത സ്നേഹാനുഭവത്തിന്റെ പേരാണല്ലോ മനുഷ്യൻ...

     എന്‍റെ ദൈവമേ,എന്‍റെ ദൈവമേ..ഭൂമിയാൽ നീയവനെ പടച്ചുവെന്ന് പറഞ്ഞപ്പോൾ ഭൂമിയോളം വലുപ്പമുള്ള അവന്‍റെ ഹൃദയത്തെ പോലും കാണാതെ വെറും മണ്ണിൽ നിന്നെന്ന് വായിച്ചത് എന്‍റെ പിഴ.. നീ പൊറുക്കേണമേ..

Share:

ആരാവും 'ഫിഫ ദി ബെസ്റ്റ്'??


ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ആ ചോദ്യത്തിന് ഇന്ന് രാത്രിയോടെ ഉത്തരമാവും.കഴിഞ്ഞ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള 'ഫിഫ ദി ബെസ്റ്റ്' അവാർഡ് ഇന്ന് രാത്രി ലണ്ടനിൽ പ്രഖ്യാപിക്കും.2009 വരെ ഫിഫ പ്ലേയർ ഓഫ് ദി ഇയർ ആയും 2015 വരെ ഫിഫ ബാലൺ ഡി ഓർ അവാർഡ് ആയി അറിയപ്പെട്ടിരുന്ന പുരസ്‌കാരം അതിന് ശേഷം ഫിഫ ദി ബെസ്റ്റ് ആയി മാറുകയായിരുന്നു.

     11 വർഷത്തിന് ശേഷം ലയണൽ മെസ്സിക്ക് ഇടം കണ്ടെത്താനാവാത്ത അവസാനമൂന്നിൽ ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ചും പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോയും ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാഹും ആണുള്ളത്.

ലൂക്കാ മോഡ്രിച്ച്
     

     UEFA Footballer Of The Year ആയി തിരഞ്ഞെടുക്കപ്പെട്ട മോഡ്രിച്ച് തന്നെയാണ് സാദ്ധ്യതകളിൽ മുന്നിലുള്ളത്.റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ്,ഫിഫ ക്ലബ് ലോകകപ്പ് കിരീടനേട്ടങ്ങളിൽ പങ്കാളിയായതിനൊപ്പം തന്നെ മോഡ്രിച്ചിന്റെ ക്യാപ്റ്റൻസിയിലാണ് റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യ ഫൈനൽ വരെ എത്തുന്നത്.ലോകകപ്പിലെ ഗോൾഡൻ ബാൾ പുരസ്കാരജേതാവ് കൂടിയാണ് താരം.

ക്രിസ്റ്റ്യാനോ റൊണാൾഡോ
     

     പുതുസീസണിൽ ഇറ്റാലിയൻ ക്ലബ് ജൂവന്റസിലേക്ക് കൂടു മാറിയ റൊണാൾഡോ കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് കിരീടങ്ങൾ നേടിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിൽ 15 ഗോളുമായി ടോപ്പ് സ്‌കോറർ ആയിരുന്നു താരം.മെസ്സിക്കൊപ്പം അഞ്ച് തവണ ലോകഫുട്ബോളർ പുരസ്‌കാരം സ്വന്തമാക്കിയ CR7ന്റെ ക്യാപ്റ്റൻസിയിൽ റഷ്യൻ ലോകകപ്പിനിറങ്ങിയ പോർച്ചുഗൽ ടീം പ്രീ ക്വാർട്ടറിൽ പുറത്തായിരുന്നു.

മുഹമ്മദ് സലാഹ്
        2017ഇൽ റോമയിൽ നിന്ന് ലിവർപൂളിൽ എത്തിയത് മുതൽ ഗോളടിച്ചു കൂട്ടുകയാണ് ഈ ഈജിപ്ഷ്യൻ താരം.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 32 ഗോളെന്ന റെക്കോർഡോടെ ടോപ്പ് സ്‌കോറർ ആവുകയും ചെയ്തു.ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിക്കുന്നതിലും താരത്തിന് ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു.ഗോൾ വേട്ടയിൽ റൊണാള്ഡോക്ക് പകരം 10 ഗോളുമായി രണ്ടാമനായിരുന്നു സലാഹ്.
Share:

Facebook Profile

Popular Posts

Followers

Recent Posts